മലപ്പുറം ജില്ല വിഭജിക്കണോ? യുഡിഎഫ് യോഗത്തിൽ ഏറ്റുമുട്ടി ആര്യാടനും കെഎൻഎ ഖാദറും

By Web TeamFirst Published Jun 24, 2019, 6:33 PM IST
Highlights

മലപ്പുറം ജില്ലാ വിഭജനം എന്ന ആവശ്യം വർഷങ്ങൾക്ക് മുമ്പേ സജീവമായി ഉയർത്തിയത് എസ്ഡിപിഐയാണ്. 2015-ൽ ലീഗിന് മുന്‍തൂക്കമുള്ള മലപ്പുറം ജില്ലാ പഞ്ചായത്ത് വിഭജനത്തെ അനുകൂലിച്ച് പ്രമേയം പാസാക്കി. ആവശ്യം നിയമസഭയിൽ ഉന്നയിക്കാനൊരുങ്ങിയതോടെ കോണ്‍ഗ്രസ് ഉടക്കുമായി രം​ഗത്തെത്തി.

മലപ്പുറം: മലപ്പുറം ജില്ലാ വിഭജനത്തെ ചൊല്ലി കോണ്‍ഗ്രസ് - ലീഗ് തർക്കം. എസ്ഡിപിഐയുടെ ആവശ്യത്തെ പിന്തുണക്കേണ്ട ഗതികേട് കോണ്‍ഗ്രസിനില്ലെന്ന് ആര്യാടൻ മുഹമ്മദ് തുറന്നടിച്ചു. ഇക്കാര്യത്തെ പറ്റി കോണ്‍ഗ്രസോ യുഡിഎഫോ ആലോചിട്ടിച്ചില്ലെന്നും ആര്യാടൻ മുഹമ്മദ് ഏഷ്യാനെറ്റ് ന്യൂസിനോട്  പറഞ്ഞു.

പ്ലാന്‍ ഫണ്ട് ജനസംഖ്യയുടെ അടിസ്ഥാനത്തിലാണ് വിഭജിക്കുക. അതിനാല്‍ മലപ്പുറത്തിന് ജനസംഖ്യയ്ക്ക് അനുപാതമായ ഗുണം കിട്ടുന്നില്ലെന്ന പ്രചാരണം ശരിയല്ലെന്ന് ആര്യാടന്‍ മുഹമ്മദ് വ്യക്തമാക്കി. അതേസമയം ആര്യാടന്‍റെ എതിര്‍പ്പ് കാര്യമാക്കുന്നില്ലെന്നും ഈ നിയമസഭാ സമ്മേളനത്തിൽ തന്നെ ശ്രദ്ധ ക്ഷണിക്കലിൽ ഇക്കാര്യം അവതരിപ്പിക്കുമെന്നും ലീഗ് എംഎല്‍എ കെ എൻ എ ഖാദര്‍ ഏഷ്യാനെറ്റ് ന്യൂസിനോട് പ്രതികരിച്ചു. 

മലപ്പുറം ജില്ലാ വിഭജനം എന്ന ആവശ്യം വർഷങ്ങൾക്ക് മുമ്പേ സജീവമായി ഉയർത്തിയത് എസ്ഡിപിഐയാണ്. 2015-ൽ ലീഗിന് മുന്‍തൂക്കമുള്ള മലപ്പുറം ജില്ലാ പഞ്ചായത്ത് വിഭജനത്തെ അനുകൂലിച്ച് പ്രമേയം പാസാക്കി. ആവശ്യം നിയമസഭയിൽ ഉന്നയിക്കാനൊരുങ്ങിയതോടെ കോണ്‍ഗ്രസ് ഉടക്കുമായി രം​ഗത്തെത്തി. ലീഗ് നീക്കം ഏകപക്ഷീയമാണെന്നാണ് കോണ്‍ഗ്രസിന്റെ വിമര്‍ശനം.  

അങ്ങനെ ഒരു അടിയന്തര ആവശ്യം ഉള്ളതായിട്ട് ഇവിടെ ആരും ചർച്ച ചെയ്തിട്ടില്ല. വന്നത് എസ്ഡിപിഐക്കാർ മാത്രമാണ്. അവർ പറഞ്ഞ കാര്യത്തിന് പിന്നാലെ പോകാൻ കോൺ​ഗ്രസിനോ യുഡിഎഫിനോ സമയം ഇല്ലാ എന്ന് തന്നെയാണ് എന്റെ അഭിപ്രായം- ആര്യാടൻ മുഹമ്മദ് പറഞ്ഞു.

കോണ്‍ഗ്രസ് എതിര്‍പ്പിനെ തുടര്‍ന്നാണ് കഴിഞ്ഞ ദിവസം ശ്രദ്ധ ക്ഷണിക്കൽ അവതരിപ്പിക്കാനുള്ള നീക്കം കെഎന്‍എ ഖാദര്‍ ഉപേക്ഷിച്ചത്. മറ്റൊരു ദിവസത്തേയ്ക്ക് അനുമതി ചോദിച്ചിട്ടുണ്ടെന്ന് ഖാദര്‍ വിശദീകരിക്കുന്നു. വിഷയം വീണ്ടും അവതരിപ്പിക്കാൻ ലീ​ഗ് പാര്‍ലമെന്‍ററി സമിതി നിര്‍ദേശിച്ചിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു. മലപ്പുറം ജില്ലാ വിഭജന വിഷയം ഒരിടവേളയ്ക്കു ശേഷം മലപ്പുറത്ത് ലീഗ്-കോണ്‍ഗ്രസ് ഏറ്റുമുട്ടലിന് കാരണമാവുകയാണ്.
 

click me!