അനുമതി ഇല്ലാതെ ഡോക്ടർ ഗർഭച്ഛിദ്രം നടത്തി; പരാതിയുമായി യുവതി

By Web TeamFirst Published Jun 24, 2019, 5:47 PM IST
Highlights

ഗര്‍ഭപരിശോധയ്ക്കും തുടര്‍ ചികില്‍സയ്ക്കുമായി എത്തിയപ്പോള്‍ ഗർഭച്ഛിദ്രത്തിന് ഡോക്ടര്‍ ഗുളിക നല്‍കിയെന്നാണ് യുവതിയുടെ പരാതി. 

കായംകുളം: അനുമതി ഇല്ലാതെ ഡോക്ടർ ഗർഭച്ഛിദ്രം നടത്തിയതായി പരാതി. കായംകുളം കൃഷ്ണപുരത്തുള്ള ജെ ജെ ആശുപത്രിക്കെതിരെയാണ് കായംകുളം സ്വദേശി ഫാത്തിമയുടെ പരാതി. വീഴ്‍ച പറ്റിയെന്ന് ഡോക്ടർ സമ്മതിക്കുന്ന മൊബൈൽ ഫോൺ ദൃശ്യങ്ങളടക്കം പരാതിയിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. എന്നാൽ ആരോപണം ഡോക്ടര്‍ നിഷേധിച്ചു 

ഗര്‍ഭപരിശോധയ്ക്കും തുടര്‍ചികിത്സയ്ക്കുമായി എത്തിയപ്പോള്‍ ഗർഭച്ഛിദ്രത്തിന് ഡോക്ടര്‍ ഗുളിക നല്‍കിയെന്നാണ് യുവതിയുടെ പരാതി. മേയ് പതിനൊന്നിനാണ് ഭര്‍ത്താവുമൊത്ത് ആശുപത്രിയിലെത്തിയത്. ഡോക്ടറുടെ കുറിപ്പടിയുമായി മരുന്ന് വാങ്ങാൻ മെഡിക്കൽ സ്റ്റോറിലെത്തിയപ്പോഴാണ് ഗർഭച്ഛിദ്രത്തിനുള്ള മരുന്നാണ് ഡോക്ടര്‍ നല്‍കിയതെന്ന് ബോധ്യപ്പെട്ടതെന്ന് യുവതി പറയുന്നു. 

എന്നാൽ യുവതി ആവശ്യപ്പെട്ടിട്ടാണ് ഗുളിക നല്‍കിയതെന്നാണ് ഡോക്ടറുടെ ഇപ്പോഴത്തെ വിശദീകരണം. യുവതിയും കുടുംബവും പണം ആവശ്യപ്പെട്ട് ഭീഷണിപ്പെടുത്തുന്നുവെന്നും ഡോക്ടര്‍ ആരോപിക്കുന്നു. ഡോക്ടര്‍ക്കെതിരെ ജൂണ്‍ ആദ്യം യുവതി കായംകുളം പൊലീസിന് പരാതി നല്‍കി. പൊലീസ് തുടര്‍ നടപടി എടുക്കുന്നില്ലെന്നാണ് ആരോപണം. എന്നാൽ അന്ന് തന്നെ നടപടി തുടങ്ങിയെന്നും ചികില്‍സാ പിഴവ് ഉണ്ടോയന്ന് പരിശോധിക്കാൻ മെഡിക്കൽ ബോര്‍ഡ് രൂപീകരിക്കുമെന്നും പൊലീസ് അറിയിച്ചു. 

click me!