'സരിതയെ സഹായിച്ചിട്ടില്ല, ആരും കൈക്കൂലി തന്നില്ല', വിജിലന്‍സ് അന്വേഷണത്തിൽ ആശങ്കയില്ലെന്ന് ആര്യാടന്‍ മുഹമ്മദ്

By Web TeamFirst Published Oct 13, 2021, 9:05 PM IST
Highlights

തനിക്ക് ആരും കൈക്കൂലിയും തന്നിട്ടില്ലെന്നും താൻ വാങ്ങിയിട്ടില്ലെന്നും അദ്ദേഹം ആവർത്തിച്ചു.

തിരുവനന്തപുരം: സോളാർ കോഴ ((solar case ) കേസിലെ വിജിലൻസ് അന്വേഷണത്തെ  (vigilance inquiry ) തള്ളി ആര്യാടന്‍ മുഹമ്മദ് (Aryadan Muhammed).വിജിലന്‍സ് നേരത്തെ അന്വേഷിച്ച് ഒരു തെളിവും കിട്ടാത്ത കേസാണിതെന്ന് ആര്യാടന്‍ മുഹമ്മദ് ഏഷ്യാനെറ്റ് ന്യൂസിനോട് പ്രതികരിച്ചു. തനിക്ക് ആരും കൈക്കൂലിയും തന്നിട്ടില്ലെന്നും താൻ വാങ്ങിയിട്ടില്ലെന്നും അദ്ദേഹം ആവർത്തിച്ചു. സരിതയുടെ മൊഴിയുണ്ടെന്ന് പറഞ്ഞാണ് വിജിലന്‍സ് അന്ന് അന്വേഷിച്ചത്. സരിതക്ക് ഒരു സഹായവും താന്‍ ചെയ്തു നല്‍കിയിട്ടില്ല. വിജിലന്‍സ് അന്വേഷണത്തിന്റെ കാര്യത്തില്‍ ഒരു ആശങ്കയുമില്ലെന്നും ആര്യാടന്‍ മുഹമ്മദ് പറഞ്ഞു. 

മുൻ മന്ത്രിയും കോണ്‍ഗ്രസ് നേതാവുമായ ആര്യാടൻ മുഹമ്മദിനെതിരെ വിജിലൻസ് അന്വേഷണത്തിന് മന്ത്രി സഭാ യോഗത്തിലാണ് തീരുമാനമുണ്ടായത്. സോളാർ കേസിലെ പ്രതി സരിത നായരിൽ നിന്നും 40 ലക്ഷം രൂപ കൈക്കൂലി വാങ്ങിയെന്ന പരാതിയിലാണ് അന്വേഷണം നടത്താൻ മന്ത്രിസഭാ യോഗം തീരുമാനിച്ചത്. തീരുമാനം ഗവർണറെ അറിയിക്കും.

വൈദ്യുതി മന്ത്രിയായിരിക്കെ സോളാർ പദ്ധതിക്ക് അനുമതി നൽകാൻ ഔദ്യോഗിക വസതിയിൽ വച്ച് പണം വാങ്ങിയെന്നായിരുന്നു പരാതി. വിജിലൻസ് പ്രാഥമിക അന്വേഷണം നടത്തിയ ശേഷം സർക്കാർ അനുമതിക്കായി റിപ്പോർട്ട് സമർപ്പിച്ചിരുന്നു.  ഗവർണറുടെ അനുമതിക്കായി റിപ്പോർട്ട് മുഖ്യമന്ത്രി നൽകിയെങ്കിലും ചില വിശദീകരണങ്ങള്‍ ചോദിച്ച് ഫയൽ മടക്കിയിരുന്നു. വിശദീകരണം ഉള്‍പ്പെടെയാണ് മന്ത്രിസഭ തീരുമാനം എടുത്ത് ഗവർണറുടെ തീരുമാനത്തിനായി വീണ്ടും ഫയൽ അയക്കുന്നത്.

click me!