
തിരുവനന്തപുരം: ആര്യാടൻ ഷൗക്കത്തുമായി ബന്ധപ്പെട്ട അച്ചടക്ക നടപടി വിവാദത്തിൽ കുറച്ചു കാര്യങ്ങളിൽ കൂടി വ്യക്തത വേണമെന്ന് സമിതി അധ്യക്ഷൻ തിരുവഞ്ചൂർ രാധാകൃഷ്ണൻ. ഈ മാസം എട്ടിന് അച്ചടക്ക സമിതി വീണ്ടും ചേർന്ന് മലപ്പുറത്തെ കൂടുതൽ നേതാക്കളെ കേൾക്കും. ആര്യാടൻ ഷൗക്കത്ത് സമിതിക്ക് ഒരു കത്ത് തന്നു. അതിന് രഹസ്യസ്വഭാവമുണ്ട്. കുറച്ച് ആളുകളെ കൂടി കേൾക്കണം എന്ന് അദ്ദേഹം ആവശ്യപ്പെട്ടു. റാലിയിൽ പങ്കെടുത്തവരുടെ ഭാഗവും ഡിസിസി പ്രസിഡന്റിന്റെയും അദ്ദേഹത്തോടൊപ്പമുള്ള ആളുകളുടെയും ഭാഗവും കേൾക്കുമെന്നും തിരുവഞ്ചൂർ പറഞ്ഞു.
ആര്യാടൻ ഷൗക്കത്തിനായി സിപിഎം വെറുതെ വെള്ളം വച്ച് കാത്തിരിക്കുകയാണെന്ന് അദ്ദേഹം വിമർശിച്ചു. അടുത്ത കാലത്ത് സിപിഎം തൊട്ടതെല്ലാം കുഴപ്പത്തിൽ ചാടുന്ന സ്ഥിതിയാണ്. യുഡിഎഫിലും കോൺഗ്രസിലും ആരെയും ഉന്നംവച്ച് സിപിഎം ഒരു കളിക്കും പോകണ്ട. നാശത്തിലേ കലാശിക്കൂ. മനോഹരമായി പ്രവർത്തിക്കുന്ന പ്രസ്ഥാനത്തെ ക്ഷീണിപ്പിക്കാനാണ് സിപിഎം ശ്രമം. അതിലൊന്നും വീഴുന്ന കുട്ടികളല്ല ഞങ്ങൾ. സിപിഎം വളരെ കഷ്ടപ്പെട്ട് ക്ഷണിച്ചുകൊണ്ടുപോയ കെവി തോമസിന്റെ അവസ്ഥയെന്താണെന്നും അദ്ദേഹം ചോദിച്ചു.
മലപ്പുറത്ത് പാർട്ടി വിലക്ക് ലംഘിച്ച് പലസ്തീൻ ഐക്യദാർഢ്യ പരിപാടി സംഘടിപ്പിച്ചത് നിലപാടാണെന്നും അതിൽ മാറ്റമില്ലെന്നുമായിരുന്നു അച്ചടക്ക സമിതിയെ കാണുന്നതിന് മുൻപ് ആര്യാടൻ ഷൗക്കത്ത് പറഞ്ഞത്. പാർട്ടിക്കുണ്ടായ തെറ്റിദ്ധാരണ മാറ്റുമെന്നും കെപിസിസി ജനറൽ സെക്രട്ടറിയാണ് താനെന്നും പറഞ്ഞ ആര്യാടൻ ഷൗക്കത്ത്, അച്ചടക്കമുള്ള പാർട്ടി പ്രവർത്തകനാണെന്നും പ്രതികരിച്ചിരുന്നു. എന്നാൽ സിപിഎമ്മിന്റെ ക്ഷണം തള്ളാൻ ആര്യാടൻ ഷൗക്കത്ത് തയ്യാറായില്ല.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam