
മലപ്പുറം: നിലമ്പൂര്‍ ഉപതെരഞ്ഞെടുപ്പിൽ വ്യക്തമായ ഭൂരിപക്ഷത്തോടെ യുഡിഎഫ് സ്ഥാനാര്‍ത്ഥി ആര്യാടൻ ഷൗക്കത്ത് വിജയം ഉറപ്പിച്ചതോടെ വൈകാരിക നിമിഷങ്ങള്‍ക്കാണ് നിലമ്പൂരിലെ ആര്യാടൻ ഹൗസ് സാക്ഷിയായത്. രാവിലെ മുതൽ തന്നെ ആര്യാടൻ ഹൗസ് പ്രവര്‍ത്തകരാൽ നിറഞ്ഞിരുന്നു.
വോട്ടെണ്ണൽ തുടങ്ങിയതു മുതൽ ലീഡ് ഉറപ്പിച്ചുകൊണ്ടുള്ള ഷൗക്കത്തിന്‍റെ മുന്നേറ്റത്തിൽ പ്രവര്‍ത്തകര്‍ മുദ്രാവാക്യം വിളിച്ചാണ് ആഘോഷിച്ചത്. വ്യക്തമായ ഭൂരിപക്ഷത്തോടെ ഷൗക്കത്ത് വിജയം ഉറപ്പിച്ചതോടെ പ്രവര്‍ത്തകരുടെ ആവേശം അണപ്പെട്ടി. ആര്യാടൻ ഹൗസിലെ വീട്ടിലെ മുകളിൽ നിലയിൽ നിന്ന് നേതാക്കള്‍ക്കിടയിൽ നിന്ന് താഴേക്ക് വന്ന ഷൗക്കത്ത് ആദ്യം പോയത് ഉമ്മയുടെ മുറിയിലേക്കാണ്.
അവിടെ മൊബൈലിൽ ഫല പ്രഖ്യാപനം കണ്ടുകൊണ്ടിരിക്കുന്ന ഉമ്മയെ ഷൗക്കത്ത് വാരിപ്പുണര്‍ന്നു. സന്തോഷകൊണ്ട് കണ്ണീരണിഞ്ഞ ഷൗക്കത്ത് തന്‍റെ വിജയം കാണാൻ പിതാവ് ആര്യാടൻ മുഹമ്മദ് ഇല്ലാത്തതിന്‍റെ വേദനയാണ് പങ്കുവെച്ചത്.
തന്‍റെ പിതാവിന് ഏറ്റവും സങ്കടമുണ്ടായ കാര്യമാണ് നിലമ്പൂര്‍ നഷ്ടപ്പെട്ടതെന്ന് ആര്യാടൻ ഷൗക്കത്ത് പറഞ്ഞു. നിങ്ങളുടെ രാഷ്ട്രീയ പ്രവര്‍ത്തനം ഇനി നിലമ്പൂര്‍ തിരിച്ചുപിടിക്കലായിരിക്കണമെന്നാണ് അദ്ദേഹം പറഞ്ഞിരുന്നത്. ഈ വിജയം അദ്ദേഹത്തിന് കാണാനായില്ലലോ എന്ന ഒരു വേദനയാണുള്ളത്.
അദ്ദേഹത്തിന്‍റെ ആത്മാവ് ഇത് അറിയുന്നുണ്ടാകുമെന്നും ആര്യാടൻ ഷൗക്കത്ത് പറഞ്ഞു. ഇതാ വരുന്ന ബാപ്പൂട്ടി, ആര്യാടന്‍റെ പിന്‍ഗാമി, ആര്യാടാ നേതാവേ.. ഇല്ലായില്ലാ മരിക്കുന്നില്ല, ജീവിക്കുന്നു ഷൗക്കത്തിലൂടെ തുടങ്ങിയ മുദ്രാവാക്യം വിളികളുമായാണ് ഷൗക്കത്തിനെ പ്രവര്‍ത്തകര്‍ വരവേറ്റത്.
വൈകാരിക നിമിഷങ്ങള്‍ക്കുശേഷം വീട്ടിൽ നിന്ന് തുറന്ന ജീപ്പിലാണ് ഷൗക്കത്ത് യുഡിഎഫ് ഓഫീസിലേക്ക് പോയത്. ആഹ്ലാദ പ്രകടനവുമായി പ്രവര്‍ത്തകരൊന്നടങ്കം ഷൗക്കത്തിന് പിന്നാലെ അണിനിരന്നു.ജയം ഉറപ്പിച്ചശേഷം മുകളിലത്തെ നിലയിൽ നിന്ന് ഉമ്മയുടെ മുറിയിലേക്കാണ് ആദ്യം വന്നത്. ഉമ്മ മൊബൈലിൽ ഫല പ്രഖ്യാപനം കണ്ടുകൊണ്ടിരിക്കുകയായിരുന്നു.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam