'നിലമ്പൂരിലേത് ലീഗിന്റെ വിജയം, ലീഗിന്‍റെ കൊടിയാണ് അവിടെ കണ്ടത്'; എൽഡിഎഫിന് അഭിമാനകരമായ വോട്ട് ലഭിച്ചെന്നും വെള്ളാപ്പള്ളി

Published : Jun 23, 2025, 11:39 AM IST
vellappally

Synopsis

നിലമ്പൂരിലേത് ലീഗിന്റെ വിജയമാണെന്നും ലീഗിന്‍റെ കൊടിയാണ് അവിടെ ഉയർത്തിക്കാണിച്ചതെന്നും വെള്ളാപ്പള്ളി

മലപ്പുറം: നിലമ്പൂർ ഉപതിരഞ്ഞെടുപ്പിന്‍റെ വിജയ ചിത്രം ഏറെക്കുറെ പുറത്തുവന്നപ്പോൾ പ്രതികരണവുമായി എസ് എൻ ഡി പി ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശൻ രംഗത്ത്. ഇപ്പോഴത്തെ നിലവാരം കണ്ടിട്ട് യു ഡി എഫ് ജയിക്കുമെന്നാണ് മനസിലാകുന്നതെന്ന് വെള്ളാപ്പള്ളി പറഞ്ഞു. നിലമ്പൂരിലേത് ലീഗിന്റെ വിജയമാണെന്നും ലീഗിന്‍റെ കൊടിയാണ് അവിടെ ഉയർത്തിക്കാണിച്ചതെന്നും വെള്ളാപ്പള്ളി പറഞ്ഞു. മണ്ഡലത്തിൽ എൽ ഡി എഫിന് അഭിമാനകരമായ വോട്ട് ലഭിച്ചെന്നും എസ് എൻ ഡി പി ജനറൽ സെക്രട്ടറി അഭിപ്രായപ്പെട്ടു.

നിലമ്പൂർ വോട്ടെണ്ണലിന്‍റെ ഏറ്റവും ഒടുവിൽ ലഭിക്കുന്ന വിവര പ്രകാരം യു ഡി എഫ് സ്ഥാനാർഥി ആര്യാടൻ ഷൗക്കത്ത് പതിനായിരത്തിലേറെ വോട്ടുകൾക്ക് മുന്നിലാണ്. ഇനി എണ്ണാനുള്ള വോട്ടുകൾ അടിസ്ഥാനപ്പെടുത്തിയാൽ ഷൗക്കത്തിന്‍റെ വിജയം ഉറപ്പിച്ചിട്ടുണ്ട്. വിജയമുറപ്പിച്ച് കോൺഗ്രസ് പ്രവർത്തകർ ആഘോഷം തുടങ്ങിയപ്പോൾ എൽ ഡി എഫ് സ്ഥാനാർത്ഥിയായ എം സ്വരാജ് തന്‍റെ ജന്മനാടായ പോത്തുകല്ലിൽ പോലും പിന്നിലായി എന്നതാണ് ശ്രദ്ധേയമായത്. സി പി എം ഭരിക്കുന്ന പഞ്ചായത്തിൽ ലീഡ് ഉയർത്തിയ ആവേശത്തിവാണ് യു ഡി എഫ്. പോത്തുക്കല്ലും തൂക്കി എന്നാണ് ഡി സി സി പ്രസിഡന്‍റ് വി എസ് ജോയ് ഫേസ്ബുക്കിൽ കുറിച്ചത്. സി പി എം കോട്ടയായ വി എസ് ജോയിയുടെ വാർഡിലടക്കം വൻ മുന്നേറ്റമാണ് ഇക്കുറി യു ഡി എഫ് കാഴ്ച വെച്ചത്. 'പോത്തുക്കല്ലും തൂക്കി, ലീഡ് 630' എന്നാണ് വിഎസ് ജോയ് ഫേസ്ബുക്കിൽ കുറിച്ചത്. 'ജോയ് ഫുൾ' ജോയ് എന്നാണ് ജോയിയുടെ കുറിപ്പിന് രാജ്മോഹൻ ഉണ്ണിത്താൻ എം പിയടക്കമുള്ളവരുടെ കമന്‍റ്.

അതേസമയം സ്വതന്ത്ര സ്ഥാനാർതിയായി മത്സരിച്ച മുൻ എം എൽ എ പി വി അൻവറും മികച്ച പ്രകടനമാണ് കാഴ്ചവച്ചത്. 15,000 ത്തിലേറെ വോട്ട് നേടിയാണ് അൻവർ സാന്നിധ്യമറിയിച്ചിരിക്കുന്നത്. പിടിച്ചത് പിണറായിസത്തിനെതിരെയുള്ള വോട്ടാണെന്ന പ്രതികരണവുമായി അൻവർ രംഗത്തെത്തുകയും ചെയ്തു. 'എല്ലാവരും പറയുന്നു, അൻവർ യു ഡി എഫിന്റെ വോട്ട് പിടിക്കുന്നു എന്ന്. ഇത് തീർത്തും അടിസ്ഥാന രഹിതമാണ്. ഞാൻ പിടിച്ചത് എൽ ഡി എഫ് വോട്ടാണ്. പിണറായിസത്തിനെതിരായ വോട്ടാണ്' - എന്നാണ് അൻവർ പ്രതികരിച്ചത്. യു ഡി എഫിന് ഒപ്പം മുന്നോട്ട് പോകാൻ സാഹചര്യം ഉണ്ടെങ്കിൽ കൂടെ നിൽക്കുമെന്നും ഇല്ലെങ്കിൽ പുതിയ മുന്നണിയെന്നും അൻവർ വ്യക്തമാക്കി.

 

PREV
Read more Articles on
click me!

Recommended Stories

ചാലിശ്ശേരി സെൻ്ററിലെ ആറ് കടകളിൽ വൻ തീപിടിത്തം; ഫയർഫോഴ്സ് യൂണിറ്റുകൾ സ്ഥലത്ത്, തീയണക്കാനുള്ള ശ്രമം തുടരുന്നു
കേരളത്തിലെ എസ്ഐആർ നീട്ടി; സമയക്രമം മാറ്റി തെരഞ്ഞെടുപ്പ് കമ്മീഷൻ, എന്യുമറേഷൻ ഫോം ഡിസംബർ 18 വരെ സ്വീകരിക്കും