ആശയെ അവസാനമായി കാണാൻ മക്കളെത്തി, മൃതദേഹം സംസ്കരിച്ചു

By Web TeamFirst Published Jan 20, 2023, 3:14 PM IST
Highlights

മക്കളെ അച്ഛന്റെ വീട്ടുകാർ വിട്ടുനൽകാത്തതിനെ തുടർന്ന് സംസ്കാര ചടങ്ങുകൾ നീളുകയായിരുന്നു.

തൃശൂർ : കുന്നിക്കുരു കഴിച്ചതിനെ തുടർന്ന് മരിച്ച പാവറട്ടി സ്വദേശി ആശയെ അവസാനമായി ഒരു നോക്ക് കാണാൻ മക്കളെത്തി. മക്കളെ അച്ഛന്റെ വീട്ടുകാർ വിട്ടുനൽകാത്തതിനെ തുടർന്ന് സംസ്കാര ചടങ്ങുകൾ നീളുകയായിരുന്നു. മക്കളെത്തിയതോടെ മൂത്ത മകൻ സഞ്ജയ് സംസ്കാര ചടങ്ങുകൾ നടത്തി. എന്നാൽ സംസ്കാരച്ചടങ്ങുകൾക്ക് പിന്നാലെ മക്കളെ അച്ഛന്റെ വീട്ടിലേക്ക് മടക്കി കൊണ്ടുപോയി. പൊലീസ് സന്തോഷിന്റെയും ആശയുടെയും വീട്ടുകാരുമായുണ്ടാക്കിയ ധാരണയിലാണ് കുട്ടികളെ തിരികെ കൊണ്ടുപോയത്. എംഎൽഎ മുരളി പെരുനെല്ലി വിഷയത്തിൽ ഇടപെട്ടു. ജില്ലാ കളക്ടറുമായും പൊലീസുമായും അദ്ദേഹം സംസാരിച്ചു. ഇതേ തുടർന്ന് ആശയുടെ ഭർത്താവ് സന്തോഷിനെ പൊലീസ് കസ്റ്റഡിയിലെടുത്തു. ഇയാളുടെ വീട്ടിലായിരുന്ന രണ്ട് ആൺമക്കളെയും ഉടൻ പാവറട്ടിയിലെത്തിക്കുകയായിരുന്നു.

ഭർതൃ വീട്ടുകാരുടെ വിരുദ്ധ നിലപാടിനെ തുടർന്ന്, മരിച്ച് മൂന്ന് ദിവസം കഴിഞ്ഞിട്ടും ആശയുടെ മൃതദേഹം സംസ്കരിക്കാൻ കഴിഞ്ഞിരുന്നില്ല. നാട്ടികയിലെ ഭർതൃ വീട്ടിൽ വെച്ചാണ് ആശ കുന്നിക്കുരു കഴിച്ചത്. തുടർന്ന് അവശനിലയിലായ ആശയെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. തുടർന്ന് മരിച്ചു. പ്രവാസിയായ സന്തോഷ് വിവരമറിഞ്ഞ് നാട്ടിലെത്തി. ആശയുടെ മരണ സമയം കുടുംബവും സന്തോഷും ആശുപത്രിയിലുണ്ടായിരുന്നു. 

മരണം നടന്നതിന് പിന്നാലെ മൃതദേഹം കാണാൻ പോലും നിൽക്കാതെ സന്തോഷ് ആശുപത്രിയിൽ നിന്ന് മടങ്ങി. നാട്ടികയിൽ മൃതദേഹം സംസ്കരിക്കണമെന്ന് ആവശ്യപ്പെട്ടെങ്കിലും സന്തോഷും കുടുംബവും തയ്യാറായില്ല. തുടർന്ന് ഇന്ന് രാവിലെ പത്തിന് പാവറട്ടി വീട്ടിൽ സംസ്കാരം നിശ്ചയിച്ചു. എന്നാൽ സന്തോഷും കുടുംബവും മക്കളെ തടഞ്ഞുവെച്ചു. ആശയുടെ വീട്ടുകാർ നിരന്തരം ആവശ്യപ്പെട്ടിട്ടും മക്കളെ വിട്ടുകൊടുക്കാൻ തയ്യാറായില്ല.

ആശയും സന്തോഷും 12 വർഷം മുൻപാണ് വിവാഹിതരായത്. ഇവരുടെ ആൺമക്കൾക്ക് പത്തും നാലും വയസാണ് പ്രായം. ആശ വന്നുകയറിയ ശേഷം വീട്ടിൽ ഐശ്വര്യമില്ലെന്ന് ആരോപിച്ച് സന്തോഷിന്റെ അമ്മയും സഹോദരനും നിരന്തരം പീഡിപ്പിച്ചിരുന്നെന്നാണ് ആശയുടെ കുടുംബം ആരോപിച്ചത്. ഇതേ തുടർന്നാണ് ആത്മഹത്യയെന്നും ഇവർ പറയുന്നു.

Read More : അമ്മയുടെ മൃതദേഹം മക്കളെ കാണിക്കാതെ ഭർതൃ വീട്ടുകാർ; തൃശ്ശൂരിൽ യുവതിയുടെ അന്ത്യകർമങ്ങൾ വൈകുന്നു

click me!