
തിരുവനന്തപുരം: സർക്കാരിനെതിരെയുള്ള പ്രതിഷേധമായി മുഖ്യമന്ത്രിയുടെ വസതിയിലേക്ക് മാർച്ച് നടത്തുമെന്ന് സെക്രട്ടറിയേറ്റ് പടിക്കൽ സമരം നടത്തുന്ന ആശാ പ്രവർത്തകർ. ആശാ സമരം ആരംഭിച്ചിട്ട് 227 ദിവസം പൂർത്തിയാകുന്നു. ഒക്ടോബർ പത്താകുമ്പോൾ സമരം എട്ടുമാസം പൂർത്തിയാകുമെന്നും സമരക്കാർ. സർക്കാരിന്റെ അവഗണനയും അനീതിയുമാണ് സമരം നീണ്ടുപോകാൻ കാരണമെന്നും ആശമാരുടേത് സഹന സമരമാണെന്നും അവർ പറഞ്ഞു. ഭരണപക്ഷ നേതാക്കന്മാരെയെല്ലാം സമരത്തിന്റെ ന്യായയുക്തം നേരിട്ട് കണ്ട് പറഞ്ഞ് ബോധ്യപ്പെടുത്തി. മുഖ്യമന്ത്രിയാണ് മുൻകൈ എടുക്കേണ്ടതെന്ന് ഭരണപക്ഷ നേതാക്കന്മാർ പറഞ്ഞു. കേന്ദ്രം വർദ്ധിപ്പിച്ചാൽ ഞങ്ങളും വർദ്ധിപ്പിക്കാമെന്നാണ് മുഖ്യമന്ത്രി പറഞ്ഞതെന്നും ആശമാർ.
കേന്ദ്രം വർദ്ധിപ്പിച്ചിട്ട് മാസങ്ങളായി. സംസ്ഥാന സർക്കാർ അതിനെ കുറിച്ച് ഇപ്പോൾ മിണ്ടുന്നില്ലെന്നും കമ്മറ്റിയുടെ റിപ്പോർട്ട് വരുന്നതുവരെ കാത്തിരിക്കാൻ പറഞ്ഞുവെന്നും ആശമാരുടെ പ്രതികരണം. കമ്മറ്റി സർക്കാരിന് റിപ്പോർട്ട് സമർപ്പിച്ചു. ഇപ്പോൾ അതിനെക്കുറിച്ചും മിണ്ടുന്നില്ല. കമ്മറ്റി റിപ്പോർട്ട് പുറത്തു വിടുന്നില്ല. രേഖാമൂലം ആവശ്യപ്പെട്ടിട്ടും നൽകുന്നില്ല. സമരം അടുത്തഘട്ടത്തിലേക്ക് കടക്കുകയാണെന്നും ഒക്ടോബർ 22 ആം തീയതി മുഖ്യമന്ത്രിയുടെ ഔദ്യോഗിക വസതിയിലേക്ക് പ്രതിഷേധ മാർച്ച് നടത്തുമെന്നും അവർ അറിയിച്ചു. ഈ സർക്കാർ ആരുടെ സർക്കാർ ആണെന്നറിയണം. മുഖ്യമന്ത്രി ഉത്തരം തരുന്നത് വരെ അദ്ദേഹത്തിന്റെ വസതിക്ക് മുന്നിൽ ഇരിക്കാനാണ് തീരുമാനം. ഒക്ടോബർ 22ന് മുഖ്യമന്ത്രിയുടെ ഭാഗത്ത് നിന്ന് അവസാനമായി ഒരു ഉത്തരം കിട്ടണമെന്നും ജനറൽ സെക്രട്ടറി എം എ ബിന്ദു അറിയിച്ചു.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam