ആശമാർക്കുള്ള അധിക വേതനം പ്രഖ്യാപനത്തിലൊതുങ്ങുമോ? പഞ്ചായത്തുകളുടെ പ്രഖ്യാപനം നടപ്പാക്കാൻ തടസങ്ങൾ ഏറെ

Published : Mar 29, 2025, 09:36 AM ISTUpdated : Mar 29, 2025, 09:40 AM IST
ആശമാർക്കുള്ള അധിക വേതനം പ്രഖ്യാപനത്തിലൊതുങ്ങുമോ?  പഞ്ചായത്തുകളുടെ പ്രഖ്യാപനം നടപ്പാക്കാൻ തടസങ്ങൾ ഏറെ

Synopsis

ആശ വര്‍ക്കര്‍മാര്‍ക്ക് ഐക്യദാര്‍ഢ്യവുമായി യുഡിഎഫ്, ബിജെപി നേതൃത്വത്തിലുളള പല പഞ്ചായത്തുകൾ പ്രഖ്യാപിച്ച അധിക വേതനം നടപ്പാക്കണമെങ്കിൽ സര്‍ക്കാര്‍ അനുമതി കൂടിയെ തീരു. പദ്ധതി നിര്‍വഹണ മാര്‍ഗ്ഗരേഖയ്ക്ക് പുറത്തുളള ഏത് തീരുമാനവും സര്‍ക്കാര്‍ അനുമതിയോടെ മാത്രമെ നടപ്പാക്കാൻ കഴിയുകയുള്ളുവെന്നാണ് ചട്ടത്തിൽ പറയുന്നത്.

കോഴിക്കോട്: ആശ വര്‍ക്കര്‍മാര്‍ക്ക് ഐക്യദാര്‍ഢ്യവുമായി യുഡിഎഫ്, ബിജെപി നേതൃത്വത്തിലുളള പല പഞ്ചായത്തുകളും അധിക വേതനം പ്രഖ്യാപിച്ചെങ്കിലും ഈ പ്രഖ്യാപനം യാഥാര്‍ത്ഥ്യമാകുന്നതിന് തടസങ്ങള്‍ ഏറെയാണ്. പദ്ധതി നിര്‍വഹണ മാര്‍ഗ്ഗരേഖയ്ക്ക് പുറത്തുളള ഏത് തീരുമാനവും സര്‍ക്കാര്‍ അനുമതിയോടെ മാത്രമെ നടപ്പാക്കാനാകുവെന്നതാണ് പ്രധാന പരിമിതി. ആശമാരുടെ നിയമന അധികാരി ആരോഗ്യ വകുപ്പാണെന്നതും വ്യത്യസ്ത വേതനമെന്നത് ഏകീകൃത വേതന വ്യവസ്ഥയ്ക്കെതിരാണെന്നതും പ്രതിസന്ധിയായി മാറും.


തദ്ദേശ ഭരണ സ്ഥാപനങ്ങള്‍ക്ക് പ്രാദേശിക സര്‍ക്കാരുകളെന്നാണ് വിശേഷം. 1994ലെ പഞ്ചായത്തി രാജ് നിയമത്തിന്‍റെ വരവോടെ സ്വന്തമായ അധികാരങ്ങളും വരുമാനവും വിവിധ വകുപ്പുകളും പ്രത്യേക തെരഞ്ഞെടുപ്പ് കമ്മീഷനുമെല്ലാം വന്നതോടെ ഈ വിശേഷണത്തിന് ബലവും വിശ്വാസ്യതയുമേറി. ഈ ആത്മവിശ്വാസം കൊണ്ടു കൂടിയാണ് കേരളത്തിലെ 24 ഓളം പഞ്ചായത്തുകള്‍ അവകാശ സമരവുമായി രംഗത്തിറങ്ങിയ ആശമാര്‍ക്ക് സ്വന്തം നിലയില്‍ അധിക വേതനം പ്രഖ്യാപിച്ചത്. 1000 രൂപ മുതല്‍ 7000രൂപ വരെയാണ് പഞ്ചായത്തുകള്‍ അധിക വേതനം പ്രഖ്യാപിച്ചത്. എന്നാല്‍, പഞ്ചായത്തി രാജ് നിയമത്തിലെ വിവിധ വ്യവസ്ഥകളും ഈ നിയമം നടപ്പായത് മുതല്‍ തുടര്‍ന്നു വരുന്ന നടപടിക്രമങ്ങളും പരിശോധിച്ചാല്‍ ഈ പ്രഖ്യാപനം പ്രഖ്യാപനമായി മാത്രം അവസാനിക്കാനാണ് സാധ്യത.

ഓരോ തദ്ദേശഭരണ സ്ഥാപനവും പദ്ധതി രൂപീകരണം നടത്തേണ്ടത് കൃത്യമായ പദ്ധതി നിര്‍വഹണ മാര്‍ഗ്ഗരേഖ പ്രകാരമാണ് എന്നതാണ് പ്രധാന കാര്യം. മാര്‍ഗ്ഗരേഖയ്ക്ക് പുറത്ത് സ്വന്തമായി നൂതന പദ്ധതികള്‍ ആസൂത്രണം ചെയ്യാന്‍ പഞ്ചായത്തി രാജ് നിയമം അനുവദിക്കുന്നുണ്ട്. പഞ്ചായത്തി രാജ് നിയമത്തിലെ സെക്ഷന്‍ 213 ഇങ്ങനെ പറയുന്നു. ബന്ധപ്പെട്ട പ്രദേശത്ത് അധിവസിക്കുന്ന ആളുകളുടെ രക്ഷയ്ക്കോ ആരോഗ്യത്തിനോ വിദ്യാഭ്യാസത്തിനോ ക്ഷേമത്തിനോ വേണ്ടിയുളളതും പഞ്ചായത്ത് ഭരണത്തിന് ആനുഷംഗികവുമായ കാര്യങ്ങള്‍ക്ക് പഞ്ചായത്ത് ഫണ്ട് ചെലവഴിക്കാമെന്നാണ് പഞ്ചായത്ത് രാജ് നിയമത്തിലെ സെക്ഷൻ 213 പറയുന്നത്. 

എന്നാല്‍, ഇതിനും സര്‍ക്കാര്‍ അനുമതി ആവശ്യമാണ്. ആരോഗ്യ വകുപ്പ് നിയമിക്കുന്ന ആശ വര്‍ക്കര്‍മാരുടെ വേതന വര്‍ദ്ധന ഒരു പഞ്ചായത്തിന് ഏകപക്ഷീയമായി തീരുമാനിക്കാനാകുമോ എന്നതാണ് മറ്റൊരു ചോദ്യം. ഏകീകൃത വേതന വ്യവസ്ഥ അട്ടിമറിക്കപ്പെടുമെന്ന കാരണം ചൂണ്ടിക്കാട്ടി സര്‍ക്കാരിന് അനുമതി നിഷേധിക്കാം. മാര്‍ഗ്ഗരേഖയ്ക്ക് ഉപരിയായി വരുന്ന ഏതൊരു നൂതന പദ്ധതിയും തളളണോ കൊളളണോ എന്ന് തീരുമാനിക്കാന്‍ സര്‍ക്കാരിന്‍റെ തന്നെ വിവിധ സംവിധാനങ്ങളുമുണ്ട്. ജില്ലാ കളക്ടര്‍ അധ്യക്ഷനായ ജില്ലാ ആസൂത്രണ സമിതി അഥവാ ഡിപിസിക്കു മുന്നിലാണ് പദ്ധതികള്‍ ആദ്യം എത്തുക. 

ഡിപിസി തീരുമാനം മറിച്ചാണെങ്കില്‍ സംസ്ഥാന കോര്‍ഡിനേഷന്‍ കമ്മിറ്റിയില്‍ ചോദ്യം ചെയ്യാന്‍ പഞ്ചായത്തുകള്‍ക്ക് കഴിയുമെങ്കിലും അവിടെയും പന്ത് സര്‍ക്കാരിന്‍റ കോര്‍ട്ടില്‍ തന്നെയാണ്. തദ്ദേശ സ്വയം ഭരണ വകുപ്പ് മന്ത്രിയാണ് കോര്‍ഡിനേഷന്‍ കമ്മിറ്റിയുടെ അധ്യക്ഷന്‍. പഞ്ചായത്തുകള്‍ സ്വന്തം നിലയില്‍ നടത്തിയ വേതന വര്‍ദ്ധന പ്രഖ്യാപനത്തോട് മന്ത്രി എംബി രാജേഷ് നടത്തിയ പ്രഖ്യാപനത്തില്‍ നിന്നു തന്നെ കോര്‍ഡിനേഷന്‍ കമ്മിറ്റിയുടെ നിലപാട് എന്താകുമെന്ന് വ്യക്തം. ചുരുക്കത്തില്‍ പഞ്ചായത്തിലെ പൊതുജനാരോഗ്യ രംഗത്ത് ആത്മാര്‍ത്ഥമായി പ്രവര്‍ത്തിക്കുന്ന ആശവര്‍ക്കര്‍മാര്‍ക്ക് പിന്തുണ പ്രഖ്യാപിക്കാനും ആസന്നമായ പഞ്ചാത്ത് തെരഞ്ഞെടുപ്പില്‍ ഈ വിഷയത്തിലെ സര്‍ക്കാര്‍ നിലപാട് ഒരു രാഷ്ട്രീയ ആയുധമാക്കാനുമാകും ഇതിനോടകം വേതന വര്‍ദ്ധന പ്രഖ്യാപിച്ച പഞ്ചായത്തുകളുടെ അടുത്ത നീക്കം.

PREV
Read more Articles on
click me!

Recommended Stories

'വിശക്കുന്നു, ഭക്ഷണം വേണം'; ജയിലിലെ നിരാഹാരം അവസാനിപ്പിച്ച് രാഹുൽ ഈശ്വർ, കോടതിയിൽ വിമർശനം
ഓഫീസിൽ വൈകി വരാം, നേരത്തെ പോകാം, പ്രത്യേക സമയം അനുവദിക്കാം; കേന്ദ്രസർക്കാർ ജീവനക്കാർക്ക് തദ്ദേശ തിരഞ്ഞെടുപ്പിൽ വോട്ട് ചെയ്യാൻ സൗകര്യം