9-ാം ക്ലാസുകാരി ആശിർ നന്ദയുടെ മരണം; ആത്മഹത്യാക്കുറിപ്പിലുള്ളത് 5 അധ്യാപകരുടെ പേരുകൾ, എല്ലാവരെയും പുറത്താക്കുമെന്ന് മാനേജ്മെന്റ്

Published : Jun 26, 2025, 05:51 PM IST
suicide

Synopsis

ശ്രീകൃഷ്ണപുരം സെൻ്റ് ഡൊമിനിക്ക്സ് കോൺവെൻ്റ് സ്കൂളിൽ പെൺകുട്ടി ആത്മഹത്യ ചെയ്തതുമായി ബന്ധപ്പെട്ട് അഞ്ച് അധ്യാപകരെ പുറത്താക്കുമെന്ന് മാനേജ്മെന്റ്. ആത്മഹത്യാ കുറിപ്പിൽ പേരുള്ള അധ്യാപകരെ മുഴുവൻ പുറത്താക്കണമെന്നാവശ്യപ്പെട്ട് പ്രതിഷേധമുയർന്നിരുന്നു.

പാലക്കാട്: ശ്രീകൃഷ്ണപുരം സെൻ്റ് ഡൊമിനിക്ക്സ് കോൺവെൻ്റ് സ്കൂളിൽ ആത്മഹത്യ ചെയ്തതുമായി ബന്ധപ്പെട്ട് എല്ലാവരേയും പുറത്താക്കുമെന്ന് മാനേജ്മെൻ്റ്. 5 അധ്യാപകർക്കെതിരെ ആയിരുന്നു ആരോപണം. മാർക്കിൻ്റെ അടിസ്ഥാനത്തിലും മറ്റു മാനദണ്ഡങ്ങൾ പ്രകാരവും കുട്ടികളെ ക്ലാസ് മാറ്റിയിരുത്തില്ലെന്നും മാനേജ്മെന്റ് അറിയിച്ചു.

ഇവരിൽ പ്രിൻസിപ്പൽ ഉൾപ്പെടെ മൂന്ന് പേരെ നേരത്തെ പുറത്താക്കിയിരുന്നു. ആത്മഹത്യാ കുറിപ്പിൽ പേരുള്ള അധ്യാപകരെ മുഴുവൻ പുറത്താക്കണമെന്നാവശ്യപ്പെട്ടാണ് നേരത്തെ പ്രതിഷേധമുയർന്നിരുന്നു. സുഹൃത്തിൻ്റെ പുസ്തകത്തിൽ അഞ്ച് അധ്യാപകർക്കെതിരെ ആരോപണങ്ങൾ ഉയർത്തിയാണ് ആശിർനന്ദയുടെ കുറിപ്പെന്ന് സഹപാഠികൾ നേരത്തെ പറഞ്ഞിരുന്നു. വിദ്യാർത്ഥിയുടെ മരണത്തിന് കാരണക്കാരായ അധ്യാപകരിൽ രണ്ടുപേരെ സസ്പെൻഡ് ചെയ്യാമെന്ന് മാനേജ്മെന്റ് പിടിഎയും അറിയിച്ചിരുന്നു. എന്നാൽ ഇത് അംഗീകരിക്കില്ലെന്ന് വിദ്യാർത്ഥി സംഘടന നേതാക്കളും രക്ഷിതാക്കളും അറിയിച്ചു. ഇതിനെത്തുടർന്നാണ് 5 പേരെയും പുറത്താക്കാമെന്ന് മാനേജ്മെന്റ് വഴങ്ങിയത്.

അതേ സമയം, ആത്മഹത്യ ചെയ്ത വിദ്യാർത്ഥിനി എഴുതിയതായി കരുതുന്ന ആത്മഹത്യാക്കുറിപ്പ് ലഭിച്ചെന്ന് പൊലീസ്. മരണവുമായി ബന്ധപ്പെട്ട് വിദ്യാർത്ഥി സംഘടനകളുടെ നേതൃത്വത്തിൽ സംഘടിപ്പിച്ച പ്രതിക്ഷേധം സംഘർഷത്തിൽ കലാശിച്ചു. മാനേജ്മെൻ്റ് വിളിച്ചു ചേർത്ത യോഗത്തിൽ, രക്ഷിതാക്കൾ ദുരനുഭവങ്ങൾ വിവരിച്ചു.

തിങ്കളാഴ്ചയാണ് പാലക്കാട് ശ്രീകൃഷ്ണപുരം സെൻറ് ഡൊമിനിക്സ് കോൺവെൻറ് സ്കൂളിലെ ഒമ്പതാം ക്ലാസ്വിദ്യാർത്ഥിനി ആശിർനന്ദ, ആത്മഹത്യ ചെയ്തത്. പിന്നാലെ അധ്യാപകർക്കെതിരെ ഗുരുതര ആരോപണവുമായി കുടുംബം രംഗത്തുവന്നിരുന്നു. പ്രതിഷേധം കടുത്തതോടെ ആരോപണ വിധേയരായ സ്കൂൾ പ്രിൻസിപ്പൾ ഒ.പി ജോയിസി, അധ്യാപികമാരായ സ്റ്റെല്ല ബാബു, എ.ടി തങ്കം എന്നിവരെ പുറത്താക്കിയിരുന്നു. ഇവരെ കൂടാതെ അമ്പിളി, അർച്ചന എന്നീ അധ്യാപകരുടെ പേരും ആത്മഹത്യാക്കുറിപ്പിൽ ഉണ്ടെന്നാണ് സഹപാഠികളുടെ വെളിപ്പെടുത്തൽ.

പ്രതിഷേധത്തിനിടെ, സ്കൂൾ അധികൃതർ വിളിച്ചു ചേർത്ത യോഗത്തിലും വാക്കേറ്റമുണ്ടായി. യോഗത്തിൽ പുതിയ പിടിഎ കമ്മറ്റി രൂപീകരിച്ചു. വിദ്യാർത്ഥികളുടെയും രക്ഷിതാക്കളുടെയും പരാതികൾ പരിഹരിക്കാനുള്ള നടപടികൾ സ്വീകരിക്കുമെന്നും, തിങ്കളാഴ്ച മുതൽ സ്കൂൾ തുറന്നു പ്രവർത്തിക്കുമെന്നും സ്കൂൾ അധികൃതർ അറിയിച്ചു. സംഭവത്തിൽ ബാലാവകാശ കമ്മീഷൻ നാളെ സ്കൂൾ സന്ദർശിക്കും.

PREV
Read more Articles on
click me!

Recommended Stories

ദേശീയപാത ഇടിഞ്ഞു താഴ്ന്ന സംഭവം; ജില്ലാ കളക്ടറുടെ അധ്യക്ഷതയിൽ യോഗം ചേരും, വിവിധ വകുപ്പിൽ നിന്നുള്ള ഉദ്യോഗസ്ഥരും പങ്കെടുക്കും
പരാതിക്കാരിയെ അപമാനിച്ച കേസ്; രാഹുൽ ഈശ്വറിന്‍റെ ജാമ്യ ഹർജിയിൽ വാദം തുടരും, അന്വേഷണവുമായി സഹകരിക്കുന്നില്ലെന്ന് പ്രോസിക്യൂഷൻ