
കോടികളുടെ ആസ്തിയുള്ള സ്ഥാനാര്‍ത്ഥികള്‍ മത്സരിക്കുന്ന ഈ നിയമസഭാ തെരഞ്ഞെടുപ്പില്‍ വെറും 84 രൂപ മാത്രം ആസ്തിയുള്ള സ്ഥാനാര്‍ത്ഥിയുണ്ടെന്ന് പറഞ്ഞാല്‍ വിശ്വസിക്കുമോ? ഏറ്റുമാനൂരിലെ എസ്.യു.സി.ഐ സ്ഥാനാർത്ഥി 26 വയസ്സുള്ള ആഷ്‌ന തമ്പി കോട്ടയം മെഡിക്കല്‍ കോളേജ് പരിസരത്ത് പിരിവെടുത്താണ് പ്രചാരണ ചെലവിനുള്ള പണം കണ്ടെത്തുന്നത്.
ആഷ്‌ന പത്രികയ്ക്കൊപ്പം സമർപ്പിച്ച ആസ്തിവിവരത്തിലുള്ളത് 84 രൂപ. സംസ്ഥാനത്തെ ഏറ്റവും ആസ്തി കുറവുള്ള സ്ഥാനാർഥിയാണ് ആഷ്ന. സ്വന്തമായി വാഹനമോ വസ്തുവോ വരുമാനമോ ഇല്ല. പത്രിക നൽകിയ ദിവസം കൈയിൽ ഉണ്ടായിരുന്നത് വെറും 40 രൂപ. അക്കൗണ്ടിൽ 44-ഉം. സൂക്ഷ്മപരിശോധനാദിവസം കൈയിലുള്ളത് 50 രൂപ. 19 രൂപയ്ക്ക് ഫോൺ റീ ചാർജ് ചെയ്തപ്പോൾ അക്കൗണ്ടിൽ ബാക്കി 25 രൂപ.
സമരമുഖങ്ങളില്‍ സജീവമായിട്ടുള്ള പൊതു പ്രവര്‍ത്തക എന്ന നിലയില്‍ മനുഷ്യനെ സഹായിക്കാനുള്ള കഴിവാണ് പൊതു പ്രവര്‍ത്തിനത്തിന് വേണ്ടതെന്ന ആത്മവിശ്വാസത്തിലാണ് ആഷ്‌ന തെരഞ്ഞെടുപ്പിനെ നേരിടുന്നത്. തിരുവനന്തപുരത്ത് സമരത്തിനിടെ ആശവർക്കർമാർ മുടി മുറിച്ചപ്പോൾ ഐക്യദാർഢ്യവുമായി ആഷ്‌നയും മുടി മുറിച്ചത് വാര്‍ത്തകളില്‍ ഇടം നേടിയിരുന്നു.
മഹാരാജാസ് കോളജില്‍ എ.ഐ.ഡി.എസ്.ഒ.യെ പ്രതിനിധീകരിച്ച് മത്സരിച്ചതാണ് ആഷ്നയുടെ നേരത്തെയുള്ള തെരഞ്ഞെടുപ്പ് അനുഭവം. ജേണലിസം പി.ജി. ഡിപ്ലോമയുള്ള ആഷ്‌ന പാര്‍ട്ടിയുടെ മീഡിയ കോഓര്‍ഡിനേറ്റർ , പാർട്ടി ജില്ലാ കമ്മിറ്റി അംഗം, തിരുവാര്‍പ്പ് ലോക്കല്‍ കമ്മിറ്റി അംഗം, എ.ഐ.ഡി.എസ്.ഒ സംസ്ഥാന സെക്രട്ടേറിയേറ്റംഗം തുടങ്ങിയ ചുമതലകളും വഹിക്കുന്നു.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam