സമൂഹമാധ്യമങ്ങളിലെ 'അശ്വതി അച്ചു' തട്ടിപ്പ്; പ്രതിയെ കുടുക്കിയത് സഹോദരിമാരുടെ പോരാട്ടം

By Web TeamFirst Published Jun 27, 2021, 2:12 PM IST
Highlights

വ്യാജ പ്രൊഫൈലില്‍ മുഴുവന്‍ സ്വന്തം ഫോട്ടോകള്‍ കണ്ട് പ്രഭയും രമ്യയും ഞെട്ടി. ഈ അക്കൗണ്ട് സൗഹൃദം സൂക്ഷിക്കുന്ന പ്രൊഫൈലുകളുമായി സംസാരിച്ചപ്പോഴാണ് പ്രശ്‌നം സങ്കീര്‍ണമാണെന്ന് മനസ്സിലായത്. അഞ്ച് വര്‍ഷത്തോളമായി ഈ ഫോട്ടോകള്‍ ഉപയോഗിച്ച് കുറഞ്ഞത് 14 പേരില്‍ നിന്ന് പണം തട്ടിയെടുത്തു.
 

കൊച്ചി: സമൂഹമാധ്യമങ്ങളില്‍ വ്യാജ പ്രൊഫൈല്‍ ഉണ്ടാക്കി ലക്ഷങ്ങള്‍ തട്ടിയ കൊല്ലം സ്വദേശിയെ കുടുക്കിയത് പരാതിക്കാരായ സഹോദരിമാരുടെ പോരാട്ടം. തൃക്കാക്കര സ്വദേശി പ്രഭ സുകുമാരനും ബന്ധു രമ്യശ്രീയുമാണ് നിയമപോരാട്ടത്തിലൂടെ പ്രതിയെ പൊലീസിന് മുന്നിലെത്തിച്ചത്. കൊച്ചിയിലുള്ള ഇവരുടെ ഫോട്ടോ ഉപയോഗിച്ച് അശ്വതി അച്ചു എന്ന അക്കൗണ്ട് വഴിയാണ് പ്രതിയായ അശ്വതി ശ്രീകുമാര്‍ തട്ടിപ്പ് നടത്തിയത്. കൊച്ചി പൊലീസ് കൈയൊഴിഞ്ഞിട്ടും സ്വന്തം നിലയില്‍ തെളിവുകള്‍ അടക്കം ഹാജരാക്കിയതോടെയാണ് കൊല്ലം ശൂരനാട് പൊലീസ് പ്രതിയെ അറസ്റ്റ് ചെയ്തത്.

ഇക്കഴിഞ്ഞ മാര്‍ച്ച് 19ന് ഒരു സുഹൃത്ത് വഴിയാണ് സമൂഹമാധ്യമങ്ങളില്‍ തന്റെ ഫോട്ടോ ദുരുപയോഗം ചെയ്യപ്പെടുന്നതായി തൃക്കാക്കര സ്വദേശി പ്രഭ സുകുമാരന്‍ അറിയുന്നത്. കൂടുതല്‍ വിവരങ്ങള്‍ തേടിയപ്പോള്‍ തന്റെ ബന്ധു രമ്യശ്രീയുടെ ഫോട്ടോകളുമായി പല വ്യാജ അക്കൗണ്ടുകളിലും കണ്ടെത്തി. ഫേസ്ബുക്കിലെ പേരുകള്‍ അശ്വതി അച്ചു, അനുശ്രീ അനു തുടങ്ങിയവ. 

കേസില്‍ അറസ്റ്റിലായ അശ്വതി ശ്രീകുമാര്‍

വ്യാജ പ്രൊഫൈലില്‍ മുഴുവന്‍ സ്വന്തം ഫോട്ടോകള്‍ കണ്ട് പ്രഭയും രമ്യയും ഞെട്ടി. ഈ അക്കൗണ്ട് സൗഹൃദം സൂക്ഷിക്കുന്ന പ്രൊഫൈലുകളുമായി സംസാരിച്ചപ്പോഴാണ് പ്രശ്‌നം സങ്കീര്‍ണമാണെന്ന് മനസ്സിലായത്. അഞ്ച് വര്‍ഷത്തോളമായി ഈ ഫോട്ടോകള്‍ ഉപയോഗിച്ച് കുറഞ്ഞത് 14 പേരില്‍ നിന്ന് പണം തട്ടിയെടുത്തു. പ്രണയം നടിച്ചും വിവാഹ വാഗ്ദാനം നല്‍കിയും പതിനായിരം മുതല്‍ നാല് ലക്ഷത്തിലധികം രൂപ വരെ.

പണം തട്ടിയവരില്‍ നിന്ന് ബാങ്ക് അക്കൗണ്ട് വിവരങ്ങളെടുത്തു. മേല്‍വിലാസവും. തട്ടിപ്പ് നടത്തിയത് ശൂരനാട് പതാരം സ്വദേശി അശ്വതി ശ്രീകുമാറെന്ന് ബോധ്യമായി. ഈ വിവരങ്ങളുമായി തൃക്കാക്കര, ഇന്‍ഫോ പാര്‍ക്ക് സൈബര്‍ പൊലീസില്‍ പരാതി നല്‍കി. എന്നാല്‍ സാങ്കേതിക കാരണങ്ങള്‍ പറഞ്ഞ് നടപടി മുടന്തി. 

ഒടുവില്‍ ശൂരനാട് പൊലീസില്‍ പരാതി നല്‍കിയതോടെ നടപടികള്‍ വേഗത്തിലായി. പ്രതിയെ അറസ്റ്റ് ചെയ്തു. ആള്‍മാറാട്ടത്തിന് അറസ്റ്റിലായ പ്രതി നിലവില്‍ ജാമ്യത്തിലാണ്. നീതി ലഭിക്കും വരെ നിയമനടപടിയുമായി മുന്നോട്ട് പോകാനാണ് ഈ സഹോദരിമാരുടെ തീരുമാനം.
 

കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യര്‍ത്ഥിക്കുന്നു. ഒന്നിച്ച് നിന്നാല്‍ നമുക്ക് ഈ മഹാമാരിയെ തോല്‍പ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona

click me!