നേര് നയിച്ച 32 വർഷങ്ങൾ, മലയാള ദൃശ്യമാധ്യമ രംഗത്ത് ചരിത്രം കുറിച്ച് ഏഷ്യാനെറ്റ് ന്യൂസ്

Published : Aug 30, 2025, 12:38 PM IST
asianetnews 32 years

Synopsis

മനുഷ്യപക്ഷത്ത് കാലൂന്നിയ മാധ്യമപ്രവര്‍ത്തകർ, മനുഷ്യപ്പറ്റുള്ള വാര്‍ത്തകള്‍, മലയാളിയുടെ വാർത്താ ശീലത്തിന്റെ ഭാഗമായിട്ട് 32 വ‍ർഷങ്ങൾ

തിരുവനന്തപുരം: ഏഷ്യാനെറ്റ് ന്യൂസ് 32ന്റെ നിറവിൽ. മലയാളിയുടെ മാറാത്ത വാര്‍ത്താശീലത്തിന്‍റെ പേരാണ് ഏഷ്യാനെറ്റ് ന്യൂസ്. രാജ്യത്തെ തന്നെ ആദ്യത്തെ സ്വകാര്യ ചാനലായാണ് 1993 ൽ ഏഷ്യാനെറ്റ് പ്രവർത്തനം തുടങ്ങിയത്. മുഖ്യമന്ത്രിയായിരുന്ന കെ കരുണാകരൻ ചാനലിൻ്റെ ഉദ്ഘാടലും കെ.ആർ നാരായണൻ സ്റ്റുഡിയോ ഉദ്ഘാടനവും നിർവഹിച്ചു. പിന്നീട് മനുഷ്യപക്ഷത്ത് കാലൂന്നിയ മാധ്യമപ്രവര്‍ത്തകരുടെ, മനുഷ്യപ്പറ്റുള്ള വാര്‍ത്തകള്‍ മലയാളിയെ ഏഷ്യാനെറ്റിനോട് അടുപ്പിച്ചു. സാമൂഹ്യപ്രതിബദ്ധത കൊണ്ട് വാര്‍ത്താഗോപുരം പണിയാന്‍ ദീര്‍ഘദര്‍ശികളായ മഹാരഥന്മാരാണ് വിയര്‍പ്പൊഴുക്കിയത്.

ദുരന്ത മുഖങ്ങളില്‍ കൈത്താങ്ങായും ദുരിത ജീവിതങ്ങള്‍ക്ക് ആശ്വാസമായും പാര്‍ശ്വവത്ക‍ൃത സമൂഹങ്ങളെ ചേര്‍ത്തുപിടിച്ച് ഇടവേളകളില്ലാതെ ഏഷ്യാനെറ്റ് ന്യൂസ് വാര്‍ത്തകള്‍ നൽകി. 2001 ലെ പാര്‍ലമെന്‍റ് ആക്രമണത്തിന്‍റെ നെഞ്ചിടിക്കുന്ന ദൃശ്യങ്ങളും ഗുജറാത്ത് ഭൂകമ്പത്തിന്‍റെ പ്രഭവകേന്ദ്രങ്ങളിലെ ഫീല്‍ഡ് റിപ്പോര്‍ട്ടിങും 2004 ലെ സുനാമി ദുരന്തത്തിന്‍റെ നേര്‍ക്കാഴ്ചകളും കാര്‍ഗില്‍ യുദ്ധമുഖത്തെ ജീവന്‍ പണയം വച്ചുള്ള റിപ്പോര്‍ട്ടിങും മലയാളത്തിലെ പ്രേക്ഷകർ ഏഷ്യാനെറ്റ് ന്യൂസിലൂടെ കണ്ടറിഞ്ഞു. വാര്‍ത്തയിലെ സത്യസന്ധതയാണ് ഏഷ്യാനെറ്റ് ന്യൂസിന്‍റെ എക്കാലത്തെയും കൊടിയടയാളം. വാര്‍ത്തയിലൂടെ ജീവിതം തന്നെ മാറിയവര്‍ ഏറെയാണ്.

നാടിന് നേരെ വച്ച കണ്ണാടിയായി ഏഷ്യാനെറ്റ് ന്യൂസിൻ്റെ ഓരോ വാര്‍ത്തകളും മാറി. 1996 ലെ നിയമസഭാ തിരഞ്ഞെടുപ്പിന്‍റെ തത്സമയ റിപ്പോര്‍ട്ടിങ് മലയാളിക്ക് പുതിയ അനുഭവമായിരുന്നു. മുഖ്യമന്ത്രിയാകേണ്ടിയിരുന്ന വിഎസ് മാരാരിക്കുളത്ത് തോറ്റപ്പോള്‍ പ്രതികരണം അടുത്ത ദിവസത്തെ പത്രത്തിലല്ല, ഏഷ്യാനെറ്റ് ന്യൂസിലൂടെ മലയാളികൾ അറിഞ്ഞു. 1998ൽ ഇഎംഎസിന്‍റെ മരണം, 2004ൽ ഇകെ നായനാര്‍ക്കുള്ള യാത്രാ മൊഴിയുടെയും ദൃശ്യങ്ങള്‍ കേരളം ഏഷ്യാനെറ്റ് ന്യൂസിലൂടെ വേദനയോടെ കണ്ടു. കെ കരുണാകരന്‍റെ വിയോഗം, ഉമ്മന്‍ചാണ്ടിയുടെ വിലാപയാത്രകളിലും കണ്ണീരുവീണ കാഴ്ചകൾ ഏഷ്യാനെറ്റ് ന്യൂസിന്‍റെ ക്യാമറകള്‍ ഒപ്പിയെടുത്തു. നേരിന്റെയും നീതിയുടെയും പക്ഷത്ത് 32 വർഷങ്ങൾ നീണ്ട ജൈത്രയാത്രയാണ് ഏഷ്യാനെറ്റ് ന്യൂസിന്റേത്.

അനുഭവസമ്പത്തിന്‍റെ കരുത്ത്, അത്യപൂര്‍വമായ ആര്‍ക്കൈവുകള്‍, മികച്ച മാധ്യമപ്രവര്‍ത്തകരുടെ നീണ്ട നിരയും ഏഷ്യാനെറ്റ് ന്യൂസിന് കരുത്താണ്. മാധ്യമപ്രവർത്തനം കഥാപ്രസംഗവും കെട്ടുകാഴ്ചകളുമാകുന്ന കാലത്തും നേര് മാത്രം തേടുന്ന ഏഷ്യാനെറ്റ് ന്യൂസ് തന്നെ മലയാളത്തിലെ ചാനൽ ലോകത്ത് മുന്നിൽ. പുതുമയുള്ളത് നല്‍കാനും ആധികാരികമായി അവതരിപ്പിക്കാനും വാര്‍ത്തയ്ക്കുമപ്പുറം ഇടപെടാനും സാമൂഹ്യ പ്രതിബദ്ധതയോടെയുള്ള യാത്രയാണ് ഏഷ്യാനെറ്റ് ന്യൂസ് തുടരുന്നത്. നേരിന്റെയും നീതിയുടെയും പക്ഷത്ത് മൂന്ന് പതിറ്റാണ്ട് പിന്നിട്ട നീണ്ട ജൈത്രയാത്രയാണ് ഏഷ്യാനെറ്റ് ന്യൂസിന്റേത്.

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് വാർത്തകൾ കാണാം

PREV
Read more Articles on
click me!

Recommended Stories

കേരളത്തിനും സന്തോഷ വാർത്ത, സംസ്ഥാനത്തേക്ക് സർവീസ് നടത്തുന്ന വിവിധ ട്രെയിനുകളിൽ കോച്ചുകൾ താൽക്കാലികമായി വർധിപ്പിച്ചു, ജനശതാബ്ദിക്കും നേട്ടം
ഐടി വ്യവസായിക്കെതിരായ ലൈംഗിക പീഡന പരാതി മധ്യസ്ഥതയിലൂടെ തീർക്കാനില്ല,സുപ്രീം കോടതിയുടെ ചോദ്യം ഞെട്ടിക്കുന്നതെന്ന് അതിജീവിത,നിയമപോരാട്ടം തുടരും