
തൃശ്ശൂർ: ചികിത്സ പിഴവ് മൂലം തൃശൂർ തൃക്കൂർ സ്വദേശി സനൂപിന്റെ കൃഷ്ണമണികൾ നീക്കം ചെയ്തെന്ന പരാതിയെക്കുറിച്ചുള്ള വാർത്തയിൽ സഹായവുമായി കോൺഗ്രസ് നേതാവ് അനിൽ അക്കര. സനൂപിന് പരമാവധി സഹായങ്ങൾ ചെയ്തു നൽകുമെന്ന് അനിൽ അക്കര വ്യക്തമാക്കി. ഏഷ്യാനെറ്റ് ന്യൂസ് വാർത്തയെ തുടർന്നാണ് അനിൽ അക്കര സഹായം വാഗ്ദാനം ചെയ്തിരിക്കുന്നത്. ചികിത്സയ്ക്കുവേണ്ടിയും നിയമപരമായും ഉള്ള എല്ലാ സഹായവും നൽകുമെ്ന്നും അറിയിച്ചു. ഫേസ്ബുക്ക് പോസ്റ്റിലൂടെയാണ് അനിൽ അക്കര ഇക്കാര്യം അറിയിച്ചത്. തൃശ്ശൂർ മെഡിക്കൽ കോളേജ് ആശുപത്രി ഇരുന്ന സ്ഥലത്തെ ജനപ്രതിനിധിയായിരുന്ന തന്റെ ഉത്തരവാദിത്വം ആണെന്നും അനിൽ അക്കര പറഞ്ഞു.
ഫേസ്ബുക്ക് കുറിപ്പ്
സനൂപിൻ്റെ ഈ വാർത്ത കേട്ട് ഒരു പൊതുപ്രവർത്തകനും വീട്ടിൽ ഇരിക്കാൻ കഴിയില്ല. തൃശ്ശൂർ മെഡിക്കൽ കോളേജിൻ്റെ വികസന പ്രവർത്തനത്തിന് എംഎൽഎ ആയിരുന്ന കാലത്ത് ചെയ്യാവുന്നതെല്ലാം ചെയ്തിട്ടുണ്ട്. എംഎൽഎ മാരുടെ വികസന ഫണ്ട് ഞാൻ എംഎൽഎ ആയിരുന്ന കാലത്താണ് ഏറ്റവും കൂടുതൽ ചിലവഴിച്ചത്. അങ്ങനെയുള്ള ഒരു ആശുപത്രിയിൽ ഒരു ചെറുപ്പക്കാരന് ഈ ഒരു അവസ്ഥ വന്നാൽ നോക്കിയിരിക്കാൻ കഴിയില്ല. ആ കുടുംബം തയ്യാറാണെങ്കിൽ ആ ചെറുപ്പക്കാരന് പരമാവധി സഹായം ഉറപ്പാക്കും. ചികിത്സയാണെങ്കിൽ അങ്ങിനെ, നിയമപരമായ സഹായമാണെങ്കിൽ അങ്ങിനെ, കഴിയാവുന്നതെന്തും ചെയ്യും. തൃശ്ശൂർ മെഡിക്കൽ കോളേജ് ആശുപത്രിയിരിക്കുന്ന സ്ഥലത്തെ ഒരു ജനപ്രതിനിധി ആയിരുന്ന എൻ്റെ ഉത്തരവാദിത്തമാണ് അത്.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam