
തിരുവനന്തപുരം: അസിസ്റ്റന്റ് എക്സിക്യുട്ടീവ് എഡിറ്റര്‍ പിജി സുരേഷ് കുമാറിനെതിരായ ബിജെപി സംസ്ഥാന അധ്യക്ഷൻ കെ സുരേന്ദ്രന്റെ ആരോപണം തള്ളി ഏഷ്യാനെറ്റ് ന്യൂസ്. സുരേന്ദ്രന്റെ ആരോപണം വസ്തുതാ വിരുദ്ധവും വെറും ഭാവന സൃഷ്ടി മാത്രമാണെന്നും ഏഷ്യാനെറ്റ് ന്യൂസ് ഗ്രൂപ്പ് എക്സിക്യുട്ടീവ് ചെയര്‍മാൻ രാജേഷ് കൽറ പ്രസ്താവനയിൽ വ്യക്തമാക്കി.
അടുത്തിടെ ബിജെപി നേതാവ് കോൺഗ്രസിൽ ചേര്‍ന്നതിൽ പിജി സുരേഷ് കുമാര്‍ കോൺഗ്രസ് നേതാക്കളുമായി ഒത്തുകളിച്ചെന്ന ആരോപണമാണ് കെ സുരേന്ദ്രൻ കഴിഞ്ഞ ദിവസം പങ്കുവച്ച ഫേസ്ബുക്ക് പോസ്റ്റിൽ ഉന്നയിച്ചത്. ഇത് പരിശോധിച്ചതിൽ, തീര്‍ത്തും വസ്തുതാ വിരുദ്ധമായ ആരോപണമാണ് കെ സുരേന്ദ്രൻ നടത്തിയതെന്ന് ബോധ്യപ്പെട്ടു. ആരോപണങ്ങൾ ഭാവനാ സൃഷ്ടിയോ ബോധപൂര്‍വമുള്ള തെറ്റായ പ്രചാരണമോ ആണെന്നും കൽറ കൂട്ടിച്ചേര്‍ത്തു.
മാധ്യമപ്രവര്‍ത്തന മികവിന്റെ ഏറ്റവും വലിയ തെളിവാണ് ഇവിടെ സംഭവിച്ചത്. സഹപ്രവർത്തകൻ പിജിക്ക് കൃത്യസമയത്ത് വലിയ വാര്‍ത്ത ബ്രേക്ക് ചെയ്യാൻ സാധിച്ചു. അത്തരമൊരു വലിയ വാര്‍ത്ത ബ്രേക്ക് ചെയ്യാൻ സാധിച്ചതിൽ ഞങ്ങൾ അഭിമാനിക്കുന്നു. സമാനതകളില്ലാത്ത വിശ്വാസ്യതയുള്ള ദേശീയ ബ്രാൻഡായി വളര്‍ന്ന് നിൽക്കുകയാണ് ഏഷ്യാനെറ്റ് ന്യൂസ്. രാജ്യത്തും ലോകമെന്പാടുമുള്ള ഞങ്ങളുടെ പത്ത് കോടിയിലധികമുള്ള പ്രേക്ഷകര്‍ക്കായി മാധ്യമ പ്രവര്‍ത്തനത്തിന്റെ ഏറ്റവും ഉയർന്ന നിലവാരം കാത്തുസൂക്ഷിക്കാൻ ഞങ്ങൾ എന്നും പ്രതിജ്ഞാബദ്ധരാണ്. രാജ്യത്ത് ഏറ്റവും പ്രൊഫഷണലും നിർഭയവുമായി പ്രവര്‍ത്തിക്കുന്ന ന്യൂസ് റൂമിൽ അംഗമെന്ന നിലയിൽ സുരേഷ് കുമാർ തന്റെ ജോലി മാത്രമാണ് ചെയ്തതെന്നും രാജേഷ് കൽറ വ്യക്തമാക്കി.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam