
നിശ്ചയദാഢ്യത്തിന് ബോംബിനെക്കാൾ കരുത്തുണ്ടെന്ന് തെളിയിച്ചയാളാണ് കണ്ണൂർ ചെറുവാഞ്ചേരി സ്വദേശി ഡോ.അസ്ന. ഏഷ്യാനെറ്റ് ന്യൂസിന്റെ സ്ത്രീശക്തി പുരസ്കാരത്തിനായി ഇത്തവണ പരിഗണിക്കപ്പെടുന്നവരില്‍ ഒരാള്‍ ഡോ. അസ്നയാണ്. രാഷ്ട്രീയ സംഘർഷത്തിനിടെ ആറാംവയസിലാണ് ബോംബേറിൽ കാൽ തകർന്നത്. പക്ഷേ അസ്നയെ തളര്‍ത്താന്‍ ആ ബോംബുകള്‍ക്ക് കഴിഞ്ഞിട്ടില്ല. തളരാതെ പഠിച്ച് ഡോക്ടറായാണ് സ്വന്തം നാട്ടിൽ അന്നത്തെ ആ ആറുവയസുകാരി മടങ്ങിയെത്തിയത്.
2000 ലെ തദ്ദേശതെരഞ്ഞെടുപ്പ്. അസ്നയുടെ വീടിന് മുന്നിലെ സ്കൂളിൽ വോട്ടെടുപ്പിനിടെ സംഘർഷമുണ്ടായി. ആർഎസ്എസുകാർ എറിഞ്ഞ ബോംബ് വീണ് അസ്നയുടെ കാല് ചിതറിപ്പോയി. വലതുകാലിലെ വേദന തിന്ന് ആശുപത്രിക്കിടക്കയിൽ മാസങ്ങൾ കിടന്ന ആ ആറുവയസുകാരി 19 കൊല്ലം ഇപ്പുറം സ്വന്തം നാട്ടിൽ മടങ്ങിയെത്തിയത് മെഡിക്കൽ ഡോക്ടറായി.
"
ജീവിതം ഒരു മുറിക്കുള്ളിലായിപ്പോകുമെന്ന് തോന്നിയ ഇടത്ത് നിന്നും അസ്ന വാശിയോടെ പഠിച്ചു. ചായക്കട നടത്തിയിരുന്ന ഹൃദ്രോഗിയായ അച്ഛൻ നാണു നിഴൽ പോലെ മകൾക്കൊപ്പം നിന്നു. അസ്ന കോഴിക്കോട് മെഡിക്കൽ കോളേജിൽ നിന്നും എംബിബിഎസ് നല്ല മാർക്കിൽ പാസായി. കൃതൃമ കാലിന്റെ പരിമിതിയൊന്നും അസ്നയെ തളർത്തിയില്ല. സർജറി വിഭാഗത്തിൽ ഉപരി പഠനം നടത്തണം. തന്നെക്കോണ്ട് ചെയ്യാൻ പറ്റുന്നത് സമൂഹത്തിനായി ചെയ്യണമെന്നാണ് അസ്നയുടെ ആഗ്രഹം. കണ്ണൂരിലെ അക്രമ രാഷ്ട്രീയത്തെ സ്വന്തം ജീവിതം കൊണ്ട് പൊരുതി തോൽപ്പിച്ച അസ്ന അതിജീവനത്തിന്റെ പ്രതീകമാണ്.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam