
കണ്ണൂർ: കണ്ണൂരിൽ വയോധിക കവർച്ചാ സംഘത്തിന്റെ ആക്രമണത്തിൽ കൊല്ലപ്പെട്ട സംഭവത്തിൽ പ്രതി അറസ്റ്റിൽ. അസം സ്വദേശി മഹിബുൾ ഹക്കാണ് അറസ്റ്റിലായത്. സിസിടിവി ദൃശ്യങ്ങളിലൂടെയാണ് പ്രതിയിലേക്ക് എത്തിയത്. അസമിൽ നിന്നാണ് ഇയാളെ അറസ്റ്റ് ചെയ്തത്. പ്രതിയെ നാട്ടിലെത്തിച്ചു. കേസിൽ ഒരാൾ കൂടി പിടിയിലാകേണ്ടതുണ്ടെന്ന് പൊലീസ് അറിയിച്ചു.
വാരം എളയാവൂരിൽ തനിച്ച് താമസിക്കുകയായിരുന്ന പി കെ ആയിഷയെയാണ് കവർച്ചാ സംഘംആക്രമിച്ചത്. ഇവരുടെ കാതിലുണ്ടായിരുന്ന ആഭരണങ്ങളും പറിച്ചെടുത്തിരുന്നു. കാതുകളിൽ നിന്ന് സ്വർണ്ണം കൈക്കലാക്കുന്നതിനിടെ ഗുരുതരമായി പരിക്കേറ്റ ആയിഷ ആശുപത്രിയിൽ വെച്ചാണ് മരിച്ചത്. ഇവർ താമസിക്കുന്ന വീടിന് അടുത്തൊന്നും സിസിടിവി ഇല്ലായെന്നത് അന്വേഷണത്തിന് വെല്ലുവിളിയായിരുന്നു. എന്നാൽ ഇവരുടെ വീടിന് അകലെ മാറിയുള്ള സിസിടിവിയിൽ പ്രതികളുടെ ചിത്രങ്ങൾ പതിഞ്ഞിരുന്നു. ഇത് കേന്ദ്രീകരിച്ച് കണ്ണൂർ ടൌൺ പൊലീസ് നടത്തിയ അന്വേഷണമാണ് പ്രതിയിലേക്ക് എത്തിച്ചത്.
കഴിഞ്ഞ 23 ആം തീയതിയാണ് കേസിന് ആസ്പദമായ സംഭവമുണ്ടായത്. പുലർച്ചെ നമസ്കാരത്തിനായി എഴുന്നേറ്റ ആയിഷ മോട്ടർ ഓണാക്കിയിട്ടും വെള്ളം കിട്ടാത്തതോടെ വീടിന് പുറത്തിറങ്ങി. ഈ സമയത്താണ് കവർച്ചാ സംഘം ആക്രമിച്ചത്. ഇവർ തന്നെയാണ് പുറത്ത് നിന്നും പൈപ്പ് പൂട്ടിവച്ചതും അയിഷ വീടിന് വെളിയിലിറങ്ങേണ്ട സാഹചര്യമുണ്ടാക്കിയതും. അയിൽ തനിച്ചാണ് താമസമെന്നത് നേരത്തെ മനസിലാക്കിയാണ് പ്രതികൾ കവർച്ച ആസൂത്രണം ചെയ്ത് എത്തിയത്.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam