
ദില്ലി: കണ്ണൂർ സീറ്റ് ലഭിക്കാത്തതിൽ പ്രതിഷേധിച്ച് മുന്നോട്ട് പോവുന്ന കെ സുധാകരൻ പുതിയ പാർട്ടി രൂപീകരിക്കുന്നത് ആലോചനയിലെന്ന് സൂചന. 15 സീറ്റുകളിൽ അനുയായികളെ സ്ഥാനാർത്ഥികളായി നിർത്താനും സുധാകരൻ്റെ ആലോചനയിലുണ്ട്. സുധാകരൻ്റെ നീക്കം മനസ്സിലാക്കിയ കെപിസിസി, ഡിസിസി ഭാരവാഹികൾ പലയിടത്തു നിന്നും സുധാകരനെ വിളിച്ചെങ്കിലും അനുനയത്തിന് വഴങ്ങാതെ മുന്നോട്ട് പോവുകയാണ് സുധാകരൻ. കൂടിയാലോചന നടത്താതെ പകരം സ്ഥാനാർത്ഥിയെ പോലും നിശ്ചയിച്ചതെന്തിനാണെന്ന് സുധാകരൻ ചോദിച്ചു.
തനിക്ക് ഇത്ര വിലയേ ഉള്ളൂവെന്ന് സുധാകരൻ ചോദിച്ചതായും വിവരമുണ്ട്. പുതിയ നീക്കത്തിൻ്റെ പശ്ചാത്തലത്തിൽ കെസി വേണുഗോപാലും രമേശ് ചെന്നിത്തലയും സുധാകരനെ വിളിച്ചു സംസാരിച്ചിരുന്നു. കടുത്ത നടപടി എടുക്കരുതെന്ന് നേതാക്കൾ പറഞ്ഞെങ്കിലും സുധാകരൻ നിലപാടിൽ ഉറച്ച് നിൽക്കുകയാണ്. എന്നാൽ ബിജെപിയിൽ ചേരാൻ സുധാകരന് ആലോചനയില്ലെന്നാണ് വിവരം.
അതേസമയം, സുധാകരനെ രാഹുൽഗാന്ധി ഇന്ന് കാണുമോയെന്നതിൽ വ്യക്തതയില്ല. പത്ത് ജൻപഥിലെ ഇന്നത്തെ അപ്പോയ്മെൻ്റ് പട്ടികയിൽ ഇതുവരെ സുധാകരൻ്റെ പേര് ഉൾപ്പെട്ടിട്ടില്ല. കെ സുധാകരൻറെ കാര്യത്തിൽ മാത്രം ഇളവിനുള്ള ആലോചന ദില്ലിയിൽ നടന്നെങ്കിലും സംസ്ഥാന നേതൃത്വം എംപിമാരെ മത്സരിപ്പിക്കേണ്ടതില്ലെന്ന കർശന നിലപാട് സ്വീകരിക്കുകയായിരുന്നു. വിഡി സതീശൻ ശക്തമായി എതിർത്തു. ഇതോടെ സംസ്ഥാന ഘടകത്തിൻറെ ഈ നിലപാടിനോട് മല്ലികാർജ്ജുൻ ഖർഗെ യോജിക്കുകയായിരുന്നു.
കെ സുധാകരൻ പാർട്ടി വിടുമെന്ന് കരുതുന്നില്ലെന്നും പുതിയ പാർട്ടി രൂപീകരിക്കുമെന്നത് വെറും വാർത്തയാണെന്നും കോൺഗ്രസ് നേതാവ് രമേശ് ചെന്നിത്തല. രാവിലെ കെ സുധാകരൻ വിളിച്ചിരുന്നു. പാർട്ടി വിടുമെന്ന് വിശ്വാസമില്ലെന്നും ചെന്നിത്തല പറഞ്ഞു. ആലപ്പുഴയിൽ മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു രമേശ് ചെന്നിത്തല.
സ്ഥാനാർഥി പട്ടിക എന്താണെങ്കിലും ഇന്ന് പുറത്ത് വരും. കുറച്ചു സീറ്റിൽ കൂടി തീരുമാനമാകാനുണ്ട്. യുഡിഎഫിന് അനുകൂല രാഷ്ട്രീയ സാഹചര്യമാണുള്ളത്. പെട്ടെന്ന് ഇലക്ഷൻ വരുമെന്ന് കരുതിയില്ല. എംപിമാരുടെ കാര്യത്തിൽ തീരുമാനം എടുക്കേണ്ടത് ഹൈക്കമാൻഡ് ആണ്. കോൺഗ്രസിന്റെ പ്രോസസ് ഉണ്ട്. സിപിഎം പോലെ ഒരു പ്രാദേശിക പാർട്ടിയല്ല കോൺഗ്രസ്. നടപടിക്രമങ്ങൾ പാലിച്ചേ ലിസ്റ്റ് വരൂ. ഇലക്ഷൻ പെട്ടെന്ന് വന്നതാണ് പ്രശ്നമെന്നും രമേശ് ചെന്നിത്തല പറഞ്ഞു. ജി സുധാകന്റെ എഫ്ബി പോസ്റ്റ് വായിക്കണം. നിലപാട് വ്യക്തമാകുമെന്നും ജി സുധാകരന് പിന്തുണ വേണോ എന്നത് ഇന്ന് തീരുമാനിക്കുമെന്നും രമേശ് ചെന്നിത്തല പറഞ്ഞു.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam