നിയമസഭാ കയ്യാങ്കളി കേസ്: കുറ്റപത്രം വായിച്ചു കേൾപ്പിച്ച് കോടതി, കുറ്റം നിഷേധിച്ച് ജയരാജൻ

By Web TeamFirst Published Sep 26, 2022, 12:00 PM IST
Highlights

നിയമസഭാ കയ്യാങ്കളി കേസിൽ വിചാരണ തുടങ്ങാൻ ഒരു മാസത്തെ സമയം വേണമെന്ന് പ്രോസിക്യൂഷൻ, കേസ് അടുത്ത മാസം 26 ന് വീണ്ടും പരിഗണിക്കും

തിരുവനന്തപുരം: നിയമസഭാ കയ്യാങ്കളി കേസിൽ കുറ്റം നിഷേധിച്ച് ഇടത് മുന്നണി കൺവീനർ ഇ.പി.ജയരാജൻ. തിരുവനന്തപുരം സിജെഎം കോടതി കുറ്റപത്രം വായിച്ചു കേൾപ്പിച്ച ശേഷമാണ് ജയരാജൻ കുറ്റം നിഷേധിച്ചത്. അന്നത്തെ സർക്കാരിന്റെ ആസൂത്രിത നീക്കമാണ് കേസിന് പിന്നിലെന്ന് തുടർന്ന് മാധ്യമങ്ങളെ കണ്ട ജയരാജൻ ആരോപിച്ചു. അന്നത്തെ പ്രതിപക്ഷത്തെ അവഹേളിക്കാനാണ് സ്പീക്കറും സർക്കാരും ശ്രമിച്ചതെന്നും ജയരാജൻ പറഞ്ഞു. കേസിലെ കേസിലെ മൂന്നാം പ്രതിയാണ് ജയരാജൻ.  കേസിലെ മറ്റ് അഞ്ചു പ്രതികളും ഈ മാസം 14ന് കോടതി നേരിട്ട് ഹാജരായി കുറ്റപത്രം വായിച്ചു കേട്ടിരുന്നു. പക്ഷെ ജയരാജൻ അസുഖ കാരണം ചൂണ്ടിക്കാട്ടി അന്ന് ഹാജരായിരുന്നില്ല. തുടർന്ന്, ഇന്ന് കേസ് പരിഗണിക്കുമ്പോള്‍ നേരിട്ട് ഹാജരാകണമെന്ന് ഇ.പി.ജയരാജന് കോടതി നിർദ്ദേശം നൽകിയിരുന്നു. ധനമന്ത്രിയായിരുന്ന കെ.എം.മാണിയുടെ ബജറ്റ് അവതരണം തടസ്സപ്പെടുത്തുന്നതിനിടെ നിയമസഭയിൽ 2.20 ലക്ഷം രൂപയുടെ പൊതുമുതൽ നശിപ്പിച്ചുവെന്നാണ് കേസ്. 

വിചാരണ തീയതി അടുത്ത മാസം 26ന് തീരുമാനിക്കും

നിയമസഭാ കയ്യാങ്കളി കേസിൽ വിചാരണ തുടങ്ങാൻ ഒരു മാസത്തെ സമയം വേണമെന്ന പ്രോസിക്യൂഷന്റെ ആവശ്യം തിരുവനന്തപുരം സിജെഎം കോടതി അംഗീകരിച്ചു. കുറ്റപത്രത്തോടൊപ്പം സമർപ്പിച്ച രേഖകളും ദൃശ്യങ്ങളും പ്രതികൾക്ക് കൈമാറേണ്ടതുണ്ട്. ദ്യശ്യങ്ങളും രേഖകളും കൈമാറാൻ സമയം വേണമെന്ന് കോടതിയിൽ പ്രോസിക്യൂഷൻ ആവശ്യപ്പെട്ടു. ആവശ്യം അനുവദിച്ച കോടതി, കേസ് അടുത്ത മാസം 26 ന് വീണ്ടും പരിഗണിക്കുമെന്ന് വ്യക്തമാക്കി. അന്ന് വിചാരണ തീയതി തീരുമാനിക്കാമെന്നും സിജെഎം കോടതി അറിയിച്ചു. 

'ഗാന്ധിയും നെഹ്‍റുവും ജയിലിൽ കിടന്നിട്ടില്ലേ'; നിയമസഭാ കയ്യാങ്കളി കേസിൽ ജയരാജൻ കോടതിയിൽ ഹാജരായി
മഹാത്മാ ഗാന്ധി ഇന്ത്യൻ സ്വാതന്ത്ര്യ സമരത്തിന് വേണ്ടി പോരാടിയ നേതാവായിരുന്നു. ജവഹർലാൽ നെഹ്റു, ദേശീയ നേതാക്കൾ... പലരും ഭരണരംഗത്ത് നിൽക്കുമ്പോൾ തന്നെ കോടതിയിലും കേസിലുമൊക്കെ പെട്ടിട്ടുണ്ട്. ഇഎംഎസിനെ ശിക്ഷിച്ചിട്ടില്ലേ. അതൊക്കെ സാധാരണം. രാഷ്ട്രീയ പ്രവർത്തകർക്ക് നേരെ ഒട്ടനവധി കേസുകളുണ്ടാകും. അത് രാഷ്ട്രീയ പ്രവർത്തനത്തിന്റെ ഭാഗമായുണ്ടാകുന്നതാണ്. അതിനെ രാഷ്ട്രീയമായി കണ്ട് സമീപിക്കുക എന്നതാണ് പൊതുവേ രാഷ്ട്രീക്കാർ ചെയ്യാറുള്ളത്. പൊതുവേ, ഇടതുപക്ഷക്കാർ... ഇ.പി.ജയരാജൻ പറഞ്ഞു

click me!