Latest Videos

'അശോക് ഗെലോട്ട് വേണ്ട'; ഹൈക്കമാൻഡിന് മനം മാറ്റം, ഗെലൊട്ടിനെ അധ്യക്ഷനാക്കാനുള്ള നീക്കം ഉപേക്ഷിക്കുന്നു

By Web TeamFirst Published Sep 26, 2022, 11:40 AM IST
Highlights

രാവിലെ നിരീക്ഷകരോട് മുഖ്യമന്ത്രി സ്ഥാനത്തേക്ക് സച്ചിൻ പൈലറ്റിനെ അംഗീകരിക്കില്ലെന്ന നിലപാട് ഗെലോട്ട് ആവർത്തിച്ചിരുന്നു. മുഖ്യമന്ത്രി കസേര പാർട്ടി വിശ്വസ്തർക്കേ വിട്ടു നൽകൂയെന്നും ഗെലോട്ട് ആവർത്തിച്ചു

ദില്ലി: അശോക് ഗെലോട്ടിനെ കോൺഗ്രസ് അധ്യക്ഷനാക്കാനുള്ള നീക്കത്തിൽ നിന്ന് ഹൈക്കമാൻഡ് പിന്നോട്ട്. രാജസ്ഥാനിൽ ഗെലോട്ട് നിലപാട് കടുപ്പിച്ചതോടെയാണ് ഹൈക്കമാൻഡിന്റെ മനം മാറ്റം.  ഗെലോട്ടിന് പകരം മുകൾ വാസ്നിക്, ദിഗ് വിജയ് സിംഗ് എന്നിവരുടെ പേരുകളാണ് പരിഗണനയിലുള്ളത്. ഇക്കാര്യത്തിൽ ചർച്ചകൾ തുടരുകയാണ്. രാവിലെ നിരീക്ഷകരോട് മുഖ്യമന്ത്രി സ്ഥാനത്തേക്ക് സച്ചിൻ പൈലറ്റിനെ അംഗീകരിക്കില്ലെന്ന നിലപാട് ഗെലോട്ട് ആവർത്തിച്ചിരുന്നു. മുഖ്യമന്ത്രി കസേര പാർട്ടി വിശ്വസ്തർക്കേ വിട്ടു നൽകൂയെന്നും ഗെലോട്ട് ആവർത്തിച്ചു. ഇതിനു പിന്നാലെയാണ് ഹൈക്കമാൻഡും നിലപാട് കടുപ്പിച്ചത്. 

രാജസ്ഥാനില്‍ അശോക് ഗലോട്ട് നടത്തിയ അട്ടിമറിയില്‍ ഹൈക്കമാന്‍ഡിന് കടുത്ത അതൃപ്തിയുണ്ട്. രാജസ്ഥാനിൽ സംഭവിച്ചത് ഒന്നും യാദൃശ്ചികമായിരുന്നില്ലെന്നാണ് ഹൈക്കമാന്‍ഡ് വിലയിരുത്തല്‍. നിയമസഭാ കക്ഷി യോഗം ഹൈക്കമാന്‍ഡ് ഏകപക്ഷീയമായി തീരുമാനിച്ചെങ്കില്‍ മറ്റൊരു യോഗം ചേര്‍ന്ന് സച്ചിന്‍ പൈലറ്റിന് പിന്തുണയില്ലെന്ന് എംഎല്‍എമാരെ കൊണ്ട് ഗെലോട്ട്  പറയിക്കുകയായിരുന്നു. എഐസിസി നിരീക്ഷകരായ മല്ലികാര്‍ജുന്‍ ഖാര്‍ഗയോടും അജയ് മാക്കനോടും  സംസാരിക്കണമെന്ന സോണിയ ഗാന്ധിയുടെ നിര്‍ദ്ദേശവും  എംഎല്‍എമാര്‍ തള്ളി. ഈ സാഹചര്യത്തിലാണ് ഹൈക്കമാൻഡ് നിലപാട് കടുപ്പിച്ചത്. ഗെലോട്ടിന് പകരം മുകുള്‍ വാസ്നിക്, ദിഗ്‍വിജയ് സിംഗ് തുടങ്ങിയ പേരുകളിലേക്ക് ചര്‍ച്ചകള്‍ നീങ്ങുന്നുവെന്നാണ് റിപ്പോര്‍ട്ടുകള്‍. പാര്‍ട്ടിയെ വെട്ടിലാക്കിയ ഗെലോട്ടിനെ അധ്യക്ഷ സ്ഥാനത്തേക്ക് പരിഗണിക്കരുതെന്ന് ഒരു വിഭാഗം നേതാക്കള്‍ ആവശ്യപ്പെട്ടു കഴിഞ്ഞു. നിയമസഭ കക്ഷി യോഗത്തെ അട്ടിമറിച്ച് മറ്റൊരു യോഗം  വിളിച്ചതടക്കം കടുത്ത അച്ചടക്ക ലംഘനമായാണ് പാര്‍ട്ടി വിലയിരുത്തുന്നത്. 

'ഭാരത് ജോഡോ യാത്ര കേരളം വിട്ടില്ല', 'രാജസ്ഥാനും കയ്യാലപ്പുറത്ത്'; കടുത്ത സമ്മർദ്ദത്തിൽ ഹൈക്കമാൻഡ്

രാജി ഭീഷണി മുഴക്കി സച്ചിന്‍ പൈലറ്റനെ അംഗീകരിക്കില്ലെന്ന് 92 എംഎല്‍എമാര്‍ ഒരേ സ്വരത്തില്‍ പറഞ്ഞതോടെ മുഖ്യമന്ത്രി സ്ഥാനത്തേക്കുള്ള സച്ചിന്‍റെ വരവ് ഏതാണ്ട് അടഞ്ഞുകഴിഞ്ഞു. രണ്ട് വര്‍ഷം മുന്‍പ് ബിജെപിയുമായി ചേര്‍ന്ന് പാര്‍ട്ടിയെ തകര്‍ക്കാന്‍  ശ്രമിച്ചുവെന്ന ആക്ഷേപം എഐസിസി നിരീക്ഷകര്‍ക്ക് മുന്‍പില്‍ ആവര്‍ത്തിച്ച ഗെലോട്ട് സച്ചിന്‍ പൈലറ്റിനായി സ്ഥാനമൊഴിയില്ലെന്നും വ്യക്തമാക്കി. ഇതിനിടെ താന്‍ അപമാനിതനായെന്ന് സച്ചിന്‍ പൈലറ്റ് പ്രിയങ്ക ഗാന്ധിയോട് പരാതിപ്പെട്ടു. സച്ചിന്‍ പൈലറ്റ് വൈകാതെ സോണിയ ഗാന്ധിയേയടക്കം കാണും. വലിയ തിരിച്ചടി നേരിട്ട സാഹചര്യത്തില്‍ അധ്യക്ഷ തെരഞ്ഞെടുപ്പ് കഴിഞ്ഞു മതി മുഖ്യമന്ത്രി ചര്‍ച്ചയെന്നാണ് ധാരണ.  ഭാവി കാര്യങ്ങള്‍ ആലോചിക്കാന്‍ കെ.സി.വേണുഗോപാല്‍, മല്ലികാര്‍ജുന്‍ ഖാര്‍ഗെ , അജയ് മാക്കന്‍ എന്നിവരുമായി വൈകീട്ട് സോണിയ ഗാന്ധി ചര്‍ച്ച നടത്തും. 
 

 

click me!