
കൊല്ലം: ഷാര്‍ജയിലെ അതുല്യയുടെ മരണം കൊലപാതകമാണെന്ന ആരോപണം ആവര്‍ത്തിച്ച് കുടുംബം. മരിക്കുന്നതിന് മണിക്കൂറുകള്‍ക്ക് മുന്‍പ് സന്തോഷത്തോടെ സംസാരിച്ച് മടങ്ങിയ അതുല്യ ആത്മഹത്യ ചെയ്യില്ലെന്ന് സഹോദരി അഖില ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞു. പീഡന ദൃശ്യങ്ങളാണ് തെളിവെന്നും ഭര്‍ത്താവ് സതീഷിന്‍റെ ജാമ്യം റദ്ദാക്കാന്‍ നീതിപീഠം ഇടപെടണമെന്നും അതുല്യയുടെ അച്ഛന്‍ രാജശേഖരന്‍പിള്ള ആവശ്യപ്പെട്ടു.
കൊല്ലം തേവലക്കര സ്വദേശി അതുല്യ ഭര്‍ത്താവ് സതീഷിനൊപ്പം താമസിച്ചിരുന്ന ഷാര്‍ജയിലെ ഫ്ലാറ്റില്‍ മരിച്ച സംഭവത്തില്‍ ദുരൂഹതകള്‍ ബാക്കിയാണ്. ജൂലൈ 19നാണ് അതുല്യയെ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തിയത്. തലേദിവസം രാത്രി 11.30 വരെയും സന്തോഷത്തോടെ സംസാരിച്ച അതുല്യ എങ്ങനെ ആത്മഹത്യ ചെയ്യുമെന്നാണ് ഷാര്‍ജയില്‍ താമസിക്കുന്ന സഹോദരി അഖിലയുടെ ചോദ്യം. പിറന്നാള്‍ ദിവസമാണ് അതുല്യ മരിച്ചത്. അന്ന് പുതിയ ജോലിയില്‍ ചേരാനുള്ള ഒരുക്കത്തിലായിരുന്നു. ഭര്‍ത്താവ് സതീഷിന്‍റെ പീഡനാണ് അതുല്യയുടെ ജീവനെടുത്തതെന്നാണ് പരാതി.
അതുല്യയെ കൊലപ്പെടുത്തുമെന്ന് സതീഷ് ഭീഷണിപ്പെടുത്തുന്ന ദൃശ്യങ്ങള്‍ കഴിഞ്ഞ ദിവസം പുറത്തുവന്നിരുന്നു. അതുല്യ നേരിട്ട ക്രൂര പീഡനത്തിന്‍റെ തെളിവുകള്‍ എല്ലാം കുടുംബം ക്രൈംബ്രാഞ്ചിന് കൈമാറി. ദൃശ്യങ്ങള്‍ അടക്കം കോടതിക്ക് മുന്നിലുണ്ട്. പ്രതി സതീഷ് നാട്ടില്‍ ഇടക്കാല മുന്‍കൂര്‍ ജാമ്യത്തില്‍ തുടരുകയാണ്. ജാമ്യം റദ്ദാക്കി പ്രതിയെ കസ്റ്റഡിയില്‍ വാങ്ങി ചോദ്യം ചെയ്യണമെന്നാണ് കുടുംബത്തിന്‍റെ ആവശ്യം.
അതുല്യ ആത്മഹത്യ ചെയ്തെന്നായിരുന്നു ഷാർജയിലെ ഫൊറൻസിക് പരിശോധനാ ഫലം. എന്നാൽ കുടുംബത്തിൻ്റെ പരാതിയിൽ കൊലക്കുറ്റമാണ് കേസ് ആദ്യം അന്വേഷിച്ച ചവറ തെക്കുംഭാഗം പൊലീസ് പ്രതിക്കെതിരെ ചുമത്തിയത്. സതീഷിന്‍റെ ജാമ്യം റദ്ദാക്കാനുള്ള നീക്കവുമായി ക്രൈംബ്രാഞ്ച് മുന്നോട്ട് പോകുന്നുണ്ട്. ഹര്‍ജി കോടതിയുടെ പരിഗണയിലാണ്.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam