ആയിഷ റഷയുടെ മരണം; ആണ്‍സുഹൃത്തിനെതിരെ ആത്മഹത്യാ പ്രേരണ കുറ്റം ചുമത്താനൊരുങ്ങി പൊലീസ്, അറസ്റ്റ് നാളെ ഉണ്ടായേക്കും

Published : Sep 01, 2025, 10:28 PM IST
aysha rasha

Synopsis

ഫിസിയോതെറാപ്പി വിദ്യാര്‍ത്ഥി ആയിഷ റഫയെ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തിയ സംഭവത്തില്‍ ആണ്‍സുഹൃത്തിന്‍റെ അറസ്റ്റ് നാളെ ഉണ്ടായേക്കും.

കോഴിക്കോട്: കോഴിക്കോട് എരഞ്ഞിപ്പാലത്ത് ഫിസിയോതെറാപ്പി വിദ്യാര്‍ത്ഥിയായ ആയിഷ റഫയെ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തിയ സംഭവത്തില്‍ ആണ്‍സുഹൃത്തിന്‍റെ അറസ്റ്റ് നാളെ ഉണ്ടായേക്കും. കോഴിക്കോട്ടെ ജിമ്മില്‍ ട്രെയിനറായ ബഷീറുദ്ദിനെതിരെ ആത്മഹത്യാ പ്രേരണ കുറ്റം ചുമത്താനാണ് പൊലീസിന്‍റെ നീക്കം. ഇയാളെ നടക്കാവ് പൊലീസ് ഇന്ന് കസ്റ്റഡിയിലെടുത്തിരുന്നു. ആയിഷയുടെ സഹപാഠികളുടെ മൊഴിയെടുത്ത ശേഷമാകും അറസ്റ്റ് രേഖപ്പെടുത്തുക. ആയിഷയുമായി ബഷീറുദ്ദീന്‍ നിരന്തരം വഴക്കിട്ടിരുന്നതായി പൊലീസിന് വിവരം ലഭിച്ചിട്ടുണ്ട്.

ഇന്നലെയാണ് അത്തോളി തോരായിക്കടവ് സ്വദേശിയായ ഇരുപത്തൊന്നുകാരി ആയിഷ റഷയെ ബഷീറുദ്ദീന്‍റെ എരഞ്ഞിപ്പാലത്തെ വാടക വീട്ടിലാണ് തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തിയത്. മംഗലൂരുവില്‍ മൂന്നാം വര്‍ഷ ഫിസിയോതെറാപ്പി വിദ്യാര്‍ത്ഥിനിയാണ് ആയിഷ റഫ. ഓണത്തിന് അവധിയില്ലാത്തതിനാല്‍ നാട്ടില്‍ വരുന്നില്ലെന്നായിരുന്നു ആയിഷ വീട്ടുകാരെ അറിയിച്ചത്. പിന്നെ അങ്ങിനെ ആയിഷ റഷ കോഴിക്കോട് എത്തി എന്നത് ദുരൂഹമാണ്. സംഭവത്തില്‍ ദുരൂഹത ഉണ്ടെന്ന് ബന്ധുക്കള്‍ ആരോപിച്ചു. ആയിഷയുടേത് കൊലപാതകമാണെന്നും സമഗ്ര അന്വേഷണം വേണമെന്നുമാവശ്യപ്പെട്ട് ബന്ധുക്കള്‍ രംഗത്തെത്തിയിരുന്നു.

ആത്മഹത്യക്ക് ശ്രമിച്ച ആയിഷ റഷയെ ആശുപത്രിയിലെത്തിക്കുകയായിരുന്നുവെന്നാണ് കൂടെ ഉണ്ടായിരുന്ന ആണ്‍സുഹൃത്ത് ബഷീറുദ്ദീന്‍റെ മൊഴി. ആശുപത്രിയിലെത്തിച്ച ഇയാള്‍ ഭര്‍ത്താവെന്ന് ആദ്യം ഡോക്ടര്‍മാരോട് പറഞ്ഞു. പിന്നീട് കാമുകനാണെന്നായിരുന്നു വിശദീകരണം. പേര് മുബഷീര്‍ എന്നാണെന്നും നുണ പറഞ്ഞു. ഇതോടെ ആശുപത്രി അധികൃതര്‍ പൊലീസിലറിയിച്ചു. ആയിഷ റഷ ആത്മഹത്യ ചെയ്യില്ലെന്നും ബഷീറുദ്ദീന്‍ അപായപ്പെടുത്തിയതാണെന്നുമാണ് ബന്ധുക്കളുടെ ആരോപണം. സംഭവത്തില്‍ നടക്കാവ് പൊലീസ് അസ്വാഭാവിക മരണത്തിന് കേസെടുത്തു. കസ്റ്റഡിയിലുള്ള ബഷീറുദ്ദീനെ ചോദ്യം ചെയ്ത് വരികയാണ്.

(ആത്മഹത്യ ഒന്നിനും പരിഹാരമല്ല. അതിജീവിക്കാൻ ശ്രമിക്കുക. മാനസികാരോഗ്യ വിദഗ്ധരുടെ സഹായം തേടുക. അത്തരം ചിന്തകളുളളപ്പോള്‍ 'ദിശ' ഹെല്‍പ് ലൈനില്‍ വിളിക്കുക. ടോള്‍ ഫ്രീ നമ്പര്‍: Toll free helpline number: 1056, 0471-2552056)

PREV
Read more Articles on
click me!

Recommended Stories

'വിശക്കുന്നു, ഭക്ഷണം വേണം'; ജയിലിലെ നിരാഹാരം അവസാനിപ്പിച്ച് രാഹുൽ ഈശ്വർ, കോടതിയിൽ വിമർശനം
ഓഫീസിൽ വൈകി വരാം, നേരത്തെ പോകാം, പ്രത്യേക സമയം അനുവദിക്കാം; കേന്ദ്രസർക്കാർ ജീവനക്കാർക്ക് തദ്ദേശ തിരഞ്ഞെടുപ്പിൽ വോട്ട് ചെയ്യാൻ സൗകര്യം