ബ്യൂട്ടിപാര്‍ലര്‍ വെടിവെപ്പ് കേസ്; നെടുമ്പാശ്ശേരി എടിഎസ് ആസ്ഥാനത്ത് രവി പൂജാരിയെ ചോദ്യംചെയ്യുന്നു

By Web TeamFirst Published Jun 3, 2021, 3:23 PM IST
Highlights

സുരക്ഷാ ഭീഷണി ഉള്ളതിനാൽ  തെളിവെടുപ്പിന് കൊണ്ടു പോകണമോയെന്ന് തീരുമാനമായിട്ടില്ല. ബെംഗളൂരുവിലെ പരപ്പന അഗ്രഹാര ജയിലിൽ നിന്ന് ഇന്നലെ രാത്രിയാണ് രവി പൂജാരിയെ കൊച്ചിയിലെത്തിച്ചത്. 

കൊച്ചി: ബ്യൂട്ടിപാർലർ വെടിവെപ്പ് കേസിൽ പ്രതിയായ അധോലോക കുറ്റവാളി രവി പൂജാരിയെ കൊച്ചിയിൽ ചോദ്യം ചെയ്യുന്നു. കനത്ത സുരക്ഷയിലാണ് എടിഎസ്  ഉദ്യോഗസ്ഥർ രവി പൂജാരിയെ ചോദ്യം ചെയ്യുന്നത്. സുരക്ഷാ ഭീഷണി ഉള്ളതിനാൽ തെളിവെടുപ്പിന് കൊണ്ട് പോകണമോയെന്ന് തീരുമാനമായിട്ടില്ല. ബെംഗളൂരുവിലെ പരപ്പന അഗ്രഹാര ജയിലിൽ നിന്ന് ഇന്നലെ രാത്രിയാണ് രവി പൂജാരിയെ കൊച്ചിയിലെത്തിച്ചത്. 

വീഡിയോ കോൺഫറൻസിങ്ങിലൂടെ എറണാകുളം അഡീഷണൽ സിജെഎം കോടതിയിൽ പ്രതിയെ ഹാജരാക്കി. ഈ മാസം എട്ടാം തിയതി വരെയാണ് അന്വേഷണ സംഘത്തിന് രവി പൂജാരിയെ കസ്റ്റഡിയിൽ വിട്ടുനൽകിയത്. ഇതിനിടെ ചോദ്യം ചെയ്യുന്ന സമയത്ത് അഭിഭാഷകന്‍റെ സഹായം തേടാൻ രവി പൂജാരി കോടതിയെ സമീപിച്ചു. കേരളത്തിലുൾപ്പടെയുള്ള എല്ലാ കേസുകളും ബെംഗളൂരുവിലേക്ക് മാറ്റാൻ സുപ്രീം കോടതിയെ സമീപിക്കാനാണ് നീക്കം.

2018 ഡിസംബർ 15 നാണ് നടി ലീന മരിയ പോളിന്‍റെ കൊച്ചി കടവന്ത്രയിലെ പാർലറിൽ വെടിവെപ്പുണ്ടായത്. നടിയിൽ നിന്ന് 25 കോടി രൂപ തട്ടിയെടുക്കാൻ പെരുമ്പാവൂരിലെ ക്വട്ടേഷൻ സംഘം രവി പൂജാരിയെ സമീപിക്കുകയായിരുന്നു. ഏഷ്യാനെറ്റ് ന്യൂസിനെ ബന്ധപ്പെട്ടാണ് സംഭവത്തിന്‍റെ ഉത്തരവാദിത്വം രവി പൂജാരി ഏറ്റെടുത്തത്. നടി ലീനയെ വിളിച്ച് ഭീഷണിപ്പെടുത്തുകയും ചെയ്തു. ഈ ഡിജിറ്റൽ തെളിവുകൾ പ്രതിയുടേത് തന്നെയാണെന്ന് ഉറപ്പിക്കുകയാണ് അന്വേഷണ സംഘത്തിന്‍റെ ആദ്യലക്ഷ്യം.  അടുത്ത ദിവസങ്ങളിൽ കടവന്ത്രയിലെ ബ്യൂട്ടിപാർലറിൽ തെളിവെടുപ്പ് നടത്താനാണ് സാധ്യത. എന്നാൽ ഇതിൽ അന്തിമ തീരുമാനമായിട്ടില്ല.

click me!