ഹര്‍ത്താല്‍ ദിനം സര്‍വീസ് നടത്തി; കോഴിക്കോട് ബസുകള്‍ക്ക് നേരെ ആക്രമണം, ഒരുമാസത്തിനിടെ തകര്‍ത്തത് മൂന്ന് ബസുകള്‍

By Web TeamFirst Published Jan 12, 2020, 3:06 PM IST
Highlights

ഹര്‍ത്താല്‍ ദിനം കുറ്റ്യാടി വടകര റൂട്ടില്‍ സര്‍വ്വീസ് നടത്തിയ പിപി ഗ്രൂപ്പിന്‍റെ കാമിയോ ബസ് നേരത്തെ എസ്‍ഡിപിഐ പ്രവര്‍ത്തകര്‍ തടയുകയും ഡ്രൈവറെ ഭീഷണിപ്പെടുത്തുകയും ചെയ്തിരുന്നു. 

കോഴിക്കോട്: ഹർത്താലിനിടെ സർവ്വീസ് നടത്തിയ  സ്വകാര്യ ബസ്സുകൾക്ക് നേരെ വീണ്ടും അക്രമണം. കോഴിക്കോട് കുറ്റ്യാടിയിലാണ് സംഭവം. പൗരത്വ വിഷയത്തില്‍ എസ്‍ഡിപിഐ അടക്കമുളള സംഘടനകള്‍ ആഹ്വാനം ചെയ്ത ഹര്‍ത്താലിനിടെ സര്‍വീസ് നടത്തിയ മൂന്നാമത്ത ബസാണ് ഒരു മാസത്തിനിടെ തകര്‍ക്കുന്നത്. ഡിസംബര്‍ 17ന് എസ്‍ഡിപിഐ, ജമാഅത്തെ ഇസ്ലാമി തുടങ്ങിയ സംഘടനകള്‍ ആഹ്വാനം ചെയ്ത ഹര്‍ത്താലിനിടെ സര്‍വ്വീസ് നടത്തിയ പിപി ഗ്രൂപ്പിന്‍റെ രണ്ട് ബസുകളാണ് ഇന്ന് പുലര്‍ച്ചെ ഒരു സംഘം തകര്‍ത്തത്.  

കുറ്റ്യാടി വട്ടോളി നാഷണല്‍ ഹയര്‍ സെക്കന്‍ഡറി സ്കൂളിന് മുന്നില്‍ പാർക്ക് ചെയ്തിരുന്ന ബസ്സുകളുടെ ചില്ലുകള്‍ അടിച്ച് തകർക്കുകയും ടയറുകൾ കുത്തികീറുകയും ചെയ്തു. ഹര്‍ത്താല്‍ ദിനം കുറ്റ്യാടി വടകര റൂട്ടില്‍ സര്‍വ്വീസ് നടത്തിയ പിപി ഗ്രൂപ്പിന്‍റെ കാമിയോ ബസ് നേരത്തെ എസ്‍ഡിപിഐ പ്രവര്‍ത്തകര്‍ തടയുകയും ഡ്രൈവറെ ഭീഷണിപ്പെടുത്തുകയും ചെയ്തിരുന്നു. തുടര്‍ന്ന് എടച്ചേരി പൊലീസ് നാല് എസ്‍ഡിപിഐ പ്രവര്‍ത്തകര്‍ക്കെതിരെ കേസെടുത്തിരുന്നു. 

ഇതിലുളള തിരിച്ചടിയെന്നോണം രണ്ട് ദിവസത്തിനകം പിപി ഗ്രൂപ്പിലെ ബസ് ജീവനക്കാരനെ ബൈക്കിലെത്തിയ സംഘം ബസ്സിൽ കയറി മര്‍ദ്ദിച്ചു.  ഡിസംബര്‍ 21ന് നാദാപുരം കല്ലാച്ചിയില്‍ പാര്‍ക്ക് ചെയ്തിരുന്ന ബസിന്‍റെ ഗ്ളാസുകള്‍ അടിച്ചു തകര്‍ക്കുകയും ടയറുകള്‍ കുത്തിക്കീറുകയും ചെയ്തു. ഹർത്താൽ ദിനം ബസ്സ് തടഞ്ഞ് ഭീഷണി മുഴക്കിയവരുടെ  ദൃശ്യങ്ങളടക്കം പുറത്ത് വന്നിട്ടും കര്‍ശന നടപടി എടുക്കാത്തതാണ് അക്രമികള്‍ക്ക് പ്രോത്സാഹനമായതെന്ന് നാട്ടുകാര്‍ പറയുന്നു.
 

click me!