
തിരുവനന്തപുരം: പ്രതിപക്ഷ നേതാവിന്റെ (Opposition Leader) വീടും കെപിസിസി ഓഫീസും ഉള്‍പ്പെടെയുള്ള കോണ്‍ഗ്രസ് ഓഫീസുകള്‍ സംസ്ഥാനത്തുടനീളം അടിച്ചു തകര്‍ക്കുകയും കോണ്‍ഗ്രസ് പ്രവര്‍ത്തകരെ പൊലീസും പാര്‍ട്ടിക്കാരും ചേര്‍ന്ന് വളഞ്ഞിട്ട് ആക്രമിക്കുകയും ചെയ്യുന്ന അരാജകത്വത്തിലേക്ക് കേരളം കൂപ്പുകുത്തിയെന്ന് മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി (Oommen Chandy). പാര്‍ട്ടിയും പൊലീസും ചേര്‍ന്ന് ക്രമസമാധാനനില തകര്‍ത്തു.
എന്‍ കെ പ്രേമചന്ദ്രന്‍ എംപിക്ക് ലാത്തിച്ചാര്‍ജില്‍ പരിക്കേറ്റു. യൂത്ത് കോണ്‍ഗ്രസ് ഇടുക്കി ജില്ലാ സെക്രട്ടറി ബിലാലിന്റെ വലതു കണ്ണാണ് പൊലീസ് ലാത്തിക്കടിച്ചു തകര്‍ത്തത്. നൂറുകണക്കിനു പ്രവര്‍ത്തകര്‍ക്കു പരിക്കേറ്റു. പാര്‍ട്ടി പ്രവര്‍ത്തകര്‍ പൊലീസിനോടൊപ്പം ചേര്‍ന്നാണ് നരനായാട്ട് നടത്തുന്നത്. സംസ്ഥാനത്തെ മുള്‍മുനയില്‍ നിര്‍ത്തിയും ജനങ്ങളെ ചോരയില്‍ മുക്കിയും വിവാദങ്ങളില്‍ നിന്നു രക്ഷപ്പെടാമെന്നു കരുതേണ്ടെന്നും ഉമ്മന്‍ ചാണ്ടി ഓർമ്മിപ്പിച്ചു.
'സതീശനെ കൊല്ലുമെന്ന് ആക്രോശിച്ചു, കല്ലെറിഞ്ഞു', ആസൂത്രിതമെന്ന് പ്രതിപക്ഷനേതാവിന്‍റെ ഓഫീസ്
തിരുവനന്തപുരം: കന്‍റോണ്‍മെന്‍റ് ഹൗസില്‍ ഡിവൈഎഫ്ഐ പ്രവര്‍ത്തകര്‍ അതിക്രമിച്ച് കയറിയത് ആസൂത്രിതമെന്ന് പ്രതിപക്ഷനേതാവിന്‍റെ ഓഫീസ്. അകത്ത് കയറിയവര്‍ വി ഡി സതീശനെ കൊല്ലുമെന്ന് ആക്രോശിച്ച് കല്ലെറിഞ്ഞെന്നും ഡ്യൂട്ടിയിലുള്ള പൊലീസുകാരാണ് തടഞ്ഞുവെച്ചതെന്നും വാര്‍ത്താക്കുറിപ്പില്‍ പറയുന്നു. ആയുധങ്ങളുമായി കന്‍റോണ്‍മെന്‍റ് ഹൗസില്‍ അതിക്രമിച്ച് കടന്ന് പ്രതിപക്ഷ നേതാവിനെ ആക്രമിക്കുകയെന്ന ലക്ഷ്യത്തോടെ എത്തിയ ഡിവൈഎഫ്ഐ പ്രവര്‍ത്തകര്‍ക്കെതിരെ പൊലീസില്‍ പരാതി നല്‍കുമെന്നും വാര്‍ത്താക്കുറിപ്പില്‍ പറയുന്നു.
മുഖ്യമന്ത്രിയെ വിമാനത്തിൽ വച്ച് ആക്രമിക്കാൻ ശ്രമിച്ചെന്ന് ആരോപിച്ചായിരുന്നു ഡിവൈഎഫ്ഐയുടെ കന്‍റോണ്‍മെന്‍റ് മാര്‍ച്ച്. ഫ്ലക്സുകൾ വലിച്ചു കീറിയും കൊടിമരം പിഴുതെറിഞ്ഞും റോഡിൽ കുത്തിയിരുന്നും പ്രതിഷേധം മുന്നേറുന്നതിനിടെയാണ് മൂന്ന് പേര്‍ എല്ലാ സുരക്ഷയും മറികടന്ന് പ്രതിപക്ഷ നേതാവിന്‍റെ ഔദ്യോഗിക വസതിയുടെ ഗേറ്റ് കടന്നത്. രണ്ടുപേര്‍ അധികം വൈകാതെ പുറത്തിറങ്ങി. ഒരാളെ തടഞ്ഞു വച്ചു.
പ്രതിപക്ഷനേതാവിന്‍റെ ഓഫീസില്‍ നിന്നുള്ള വാര്‍ത്താക്കുറിപ്പ്
ഉച്ചയ്ക്ക് 12:20 ന് ആയുധങ്ങളുമായി മൂന്ന് ഡി വൈ എഫ് ഐ പ്രവര്‍ത്തകര്‍ കന്‍റോണ്‍മെന്‍റ് ഹൗസ് വളപ്പില്‍ അതിക്രമിച്ച് കയറി. 'പ്രതിപക്ഷ നേതാവ് എവിടെ.... അവനെ കൊല്ലും.....' എന്ന് ആക്രോശിച്ച് കന്‍റോണ്‍മെന്‍റ് ഹൗസിലേക്ക് കയറിയ അക്രമികള്‍ കല്ലെറിഞ്ഞു. ഡ്യൂട്ടിയില്‍ ഉണ്ടായിരുന്ന പൊലീസുകാര്‍ തടയുന്നതിനിടെ മൂന്നു പേരും പിന്തിരിഞ്ഞോടി. രണ്ടുപേര്‍ പൊലീസ് എയിഡ് പോസ്റ്റും കടന്ന് പുറത്തെത്തി. മൂന്നാമനെ പൊലീസുകാര്‍ തടഞ്ഞുവെച്ചു.
പ്രതിപക്ഷ നേതാവിന്‍റെ ഓഫീസ്, സിറ്റി പൊലീസ് കമ്മിഷണറെയും മ്യൂസിയം പൊലീസിനെയും വിവരമറിച്ചു. തുടര്‍ന്ന് പുറത്ത് നിന്ന് കൂടുതല്‍ പൊലീസ് എത്തിയ ശേഷം കന്റോണ്‍മെന്‍റ് ഹൗസ് വളപ്പില്‍ നിന്നും ഡിവൈഎഫ്ഐ പ്രവര്‍ത്തകനെ കസ്റ്റഡിയിലെടുത്ത് പുറത്തേക്ക് കൊണ്ടുപോയി. പ്രതിപക്ഷ നേതാവിന്‍റെ വസതിയില്‍ ഡ്യൂട്ടിയില്‍ ഉണ്ടായിരുന്ന പൊലീസുകാരെ ആക്രമികള്‍ പരിക്കേല്‍പ്പിക്കുകയും കന്‍റോണ്‍മെന്‍റ് വളപ്പിലെ ചെടിച്ചട്ടികള്‍ തകര്‍ക്കുകയും ചെയ്തു. മാരാകായുധങ്ങളുമായി കന്‍റോണ്‍മെന്‍റ് ഹൗസില്‍ അതിക്രമിച്ച് കടന്ന് പ്രതിപക്ഷ നേതാവിനെ ആക്രമിക്കുകയെന്ന ലക്ഷ്യത്തോടെ എത്തിയ ഡിവൈഎഫ്ഐ പ്രവര്‍ത്തകര്‍ക്കെതിരെ പൊലീസില്‍ പരാതി നല്‍കും.