
തിരുവനന്തപുരത്ത് വീണ്ടും നടുറോഡില്‍ ആക്രമണം. ബാലരാമപുരം ജംഗ്ഷനില്‍ ആണ് എട്ട് വയസിന് താഴെ പ്രായമുളള മുന്നുകുട്ടികളടക്കം സഞ്ചരിച്ച കാര്‍ അടിച്ച് തകർത്തത്. കോട്ടയം സ്വദേശിയായ ജോര്‍ജ്ജിന്‍റെ കാറാണ് ആക്രമിക്കപ്പെട്ടത്. സംഭവസമയം കാറിൽ ജോര്‍ജ്ജും ഭാര്യയും മൂന്ന് മക്കളുമാണ് ഉണ്ടായിരുന്നത്. ബലരാമപുരത്ത് കൈത്തറി ഉത്പതന്നങ്ങൾ വാങ്ങാനായി എത്തിയതായിരുന്നു കുടുംബം. ഇവര്‍ സഞ്ചരിച്ചിരുന്ന കാര്‍ തൊട്ട് മുന്നില്‍ പോയ കാറിന്‍റെ പുറകില്‍ തട്ടിയതാണ് പ്രശ്നങ്ങൾക്ക് കാരണം. ശ്രീകാര്യം സ്വദേശിയായ അജിത്കുമാര്‍ ആണ് മുൻപിലെ കാറിലുണ്ടായിരുന്നത്. മറ്റു പ്രകോപനങ്ങൾ ഒന്നുമില്ലാതെ തന്നെ അജിത് കുമാര്‍ ജോര്‍ജ്ജും കുടുംബവും സഞ്ചരിച്ച കാര്‍ നടുറോഡിൽ വച്ച് അടിച്ചു തകര്‍ക്കുകയായിരുന്നു. ഇന്ന് വൈകിട്ട് അഞ്ച് മണിയോടെയായിരുന്നു സംഭവം. ജോര്‍ജ്ജിൻ്റെ പരാതിയിൽ ബലരാമപുരം പൊലീസ് കേസെടുത്തിട്ടുണ്ട്.
പോക്സോ കേസ് അതിജീവിതയ്ക്ക് നേരെ അതിക്രമം: എഎസ്ഐക്ക് സസ്പെൻഷൻ
അമ്പലവയൽ: വയനാട്ടിൽ പോക്സോ കേസ് ഇരയ്ക്കെതിരെ പോലീസ് അതിക്രമം. തെളിവെടുപ്പിനിടെ മോശമായി പെരുമാറിയ അമ്പലവയൽ ഗ്രേഡ് എഎസ്ഐ ടി.ജി. ബാബുവിനെ സസ്പെൻഡ് ചെയ്തു. ഉദ്യോഗസ്ഥനെതിരെ പോക്സോ നിയമപ്രകാരം കേസെടുത്തു. ഷെൽട്ടർ ഹോമിൽ കഴിയുന്ന പട്ടികവർഗ വിദ്യാർത്ഥിയുടെ പരാതിയിലാണ് നടപടി.
കഴിഞ ജൂലായ് 26 നാണ് കേസിന് ആസ്പദമായ സംഭവം. പോക്സോ കേസിൽ ഇരയായ 16 കാരിയെ ഊട്ടിയിൽ തെളിവെടുപ്പിന് കൊണ്ട് പോയ സമയത്താണ് അമ്പലവയൽ പോലീസിൻ്റെ അതിക്രമം. പെൺകുട്ടി പീഡനത്തിനിരയായ ലോഡ്ജിൽ വെച്ചായിരുന്നു തെളിവെടുപ്പ്. SI സോബിൻ, ഗ്രേഡ് ASI ടി.ജി ബാബു, സിവിൽ പോലീസ് ഓഫീസർ പ്രജിഷയുമാണ് സംഘത്തിലുണ്ടായിരുന്നത്. തെളിവെടുപ്പ് പൂർത്തിയാക്കി ഊട്ടിയിൽ നിന്ന് മടങ്ങവേ നഗരത്തിൽ വണ്ടി നിർത്തി. ഗ്രേഡ് എഎസ്ഐ ടി.ജി ബാബു പെൺകുട്ടിയെ മാറ്റി നിർത്തി കയ്യിൽ കയറി പിടിക്കുകയും മൊബൈൽ ഫോണിൽ ചിത്രങ്ങൾ പകർത്തുകയും ചെയ്തു. ഷെൽട്ടർ ഹോമിലെ കൗൺസിലിംഗിനിടെയാണ് പെൺകുട്ടി ദുരനുഭവം വെളിപ്പെടുത്തിയത്. തുടർന്ന് CWC ജില്ല പോലീസ് മേധാവിക്ക് റിപ്പോർട്ട് നൽകി. ഉദ്യോഗസ്ഥരുടെ ഭാഗത്ത് നിന്ന് ഗുരുതര കൃത്യവിലോപം നടന്നതായാണ് പ്രാഥമിക അന്വേഷണ റിപ്പോർട്ട്. മൂന്ന് ഉദ്യോഗസ്ഥർക്ക് എതിരെയും വകുപ്പുതല അന്വേഷണം നടത്തി റിപ്പോർട്ട് നൽകാൻ ജില്ല സ്പെഷ്യൽ ബ്രാഞ്ച് ഡിവൈഎസ്പിയെ ചുമതലപ്പെടുത്തി.