
പാലക്കാട്: അട്ടപ്പാടി മധു കേസിൽ (Attappadi Madhu case) സ്പെഷ്യൽ പബ്ലിക് പ്രോസിക്യൂട്ടറായി നിയമിക്കാനുള്ളവരുടെ പട്ടിക കുടുംബം സർക്കാരിന് സമർപ്പിച്ചു. നാല് അഭിഭാഷകരുടെ പേരുകളാണ് നൽകിയത്. സംസ്ഥാന ആഭ്യന്തര വകുപ്പ് അഡീഷണൽ ചീഫ് സെക്രട്ടറിക്കും ഡയറക്ടർ ജനറൽ ഓഫ് പ്രോസിക്യൂഷനുമാണ് പേരുകൾ കൈമാറിയത്. അഭിഭാഷകരുടെ പേരുകൾ വെളിപ്പെടുത്താനാവില്ലെന്ന് മധുവിന്റെ കുടുംബം പറഞ്ഞു.
രണ്ടാമത്തെ സ്പെഷ്യൽ പബ്ലിക് പ്രോസിക്യൂട്ടറും ഒഴിഞ്ഞതിനെ തുടർന്ന് പുതിയ പേരുകൾ നിർദ്ദേശിക്കാൻ സർക്കാർ ആവശ്യപ്പെട്ടിരുന്നു. നാലുപേരിൽ ഒരാളെ സ്പെഷ്യൽ പബ്ലിക് പ്രോസിക്യൂട്ടറും മറ്റൊരാളെ അഡീഷണൽ പ്രോസിക്യൂട്ടറും ആക്കണമെന്നാണ് കുടുംബത്തിന്റെ ശുപാർശ.
അതിനിടെ കേസിൽ കൂടുതല്‍ ആരോപണങ്ങൾ മധുവിന്റെ കുടുംബം ഉന്നയിക്കുന്നു. അഡീ. ചീഫ് സെക്രട്ടറിക്ക് നല്‍കിയ അപേക്ഷയിലാണ് ഇതുസംബന്ധിച്ച വെളിപ്പെടുത്തല്‍ ഉള്ളത്. മധുവിനെ മുക്കാലിയില്‍ നിന്ന് കൊണ്ടുപോയ പൊലീസ് ജീപ്പില്‍ എന്ത് സംഭവിച്ചുവെന്ന് അന്വേഷിക്കണമെന്നാണ് കുടുംബത്തിന്റെ ആവശ്യം. അസ്വസ്ഥതയൊന്നുമില്ലാതെ ജീപ്പില്‍ കയറിയ മധു എങ്ങനെ മരിച്ചുവെന്ന് മനസിലാകുന്നില്ല. മുക്കാലിയില്‍ നിന്ന് അഗളിയിലേക്ക് അരമണിക്കൂര്‍ മതിയെന്നിരിക്കെ ഒന്നേ കാല്‍ മണിക്കൂറാണ് യാത്രക്ക് എടുത്തത്. ഇത് സംബന്ധിച്ച് പരിശോധന വേണം.
മധുവിനെ കണ്ടെത്തിയ അഞ്ചുമുടിയിലെ പാറ ഗുഹയ്ക്കടുത്ത് മരം മുറി നടന്നിരുന്നതായി സംശയമുണ്ട്. മെഷീന്‍ കൊണ്ട് മരം മുറിയുടെ ശബ്ദം കേട്ടിരുന്നു. മധു കൊല്ലപ്പെടുന്നതിന്‍റെ ദിവസങ്ങള്‍ക്ക് മുമ്പേ മധുവിന്‍റെ നെറ്റിയില്‍ ആരോ തോക്കുചൂണ്ടിയതായും ആരോപണമുണ്ട്. പൊലീസ് നല്‍കിയ റിപ്പോര്‍ട്ടുകള്‍ക്ക് സംഭവസ്ഥലവുമായി ഒരു ബന്ധവുമില്ലെന്നാണ് അറിയുന്നതെന്നും കുടുംബം പറയുന്നു.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam