
പാലക്കാട് : അട്ടപ്പാടി മധു കൊലക്കേസിൽ(attappadi madhu murder case) ഇന്ന് പതിമൂന്നാം സാക്ഷി സുരേഷിനെ(suresh) വിസ്തരിക്കും.നേരത്തെ സുരേഷിനെ പ്രതികൾ സ്വാധീനിക്കാൻ ശ്രമിച്ചിരുന്നതായി മധുവിന്‍റെ കുടുംബം അഗളി പോലീസിൽ പരാതി നൽകിയിരുന്നു.പുതിയ സ്പെഷ്യൽ പ്രോസികൂട്ടർ രാജേഷ് മേനോൻ ചുമതല ഏറ്റശേഷമുള്ള വിസ്താരത്തിനിടെ ഇന്നലെ പന്ത്രണ്ടാം സാക്ഷി അനിൽകുമാർ കൂറ് മാറിയിരുന്നു. തുടർച്ചയായി മൂന്നു സാക്ഷികൾ കൂറ് മാറിയതിന്‍റെ തിരിച്ചടിയിൽ ആണ് പ്രോസിക്യൂഷൻ.
മൊഴിമാറ്റിയവർ രഹസ്യമൊഴി കൊടുത്തവർ ആണെന്നതും ശ്രദ്ധേയമാണ്. കൂറ് മാറാതിരിക്കാൻ സാക്ഷികൾ പണം ആവശ്യപ്പെട്ട വിവരം ഇന്നലെ മധുവിന്‍റെ കുടുംബം വെളിപ്പെടുത്തിയിരുന്നു.പ്രതികളുടെ ഭീഷണി ഭയന്ന് കുടുംബം അട്ടപ്പാടിയിൽ നിന്ന് മണ്ണാർക്കാടേക്ക് താമസം മാറാൻ ഒരുങ്ങുകയാണ്
'കൂറുമറാതിരിക്കാൻ പണം ചോദിച്ചു' പൊട്ടിക്കരഞ്ഞ് മധുവിന്റെ സഹോദരി
സാക്ഷികൾ കൂട്ടത്തോടെ കൂറ് മാറുന്നതിന്‍റെ സങ്കടത്തിലും നിരാശയിലുമാണ് കുടുംബം. ഇക്കാര്യം പറഞ്ഞ് പൊട്ടിക്കരയുകയാണ് മധുവിന്‍റെ സഹോദരി സരസു. കൂറുമാറാതിരിക്കാൻ സാക്ഷികൾ പണം ആവശ്യപ്പെടുകയാണ്. കേസുമായി മുന്നോട്ട് പോകരുതെന്ന് ആവശ്യപ്പെട്ട് വലിയ സമ്മർദം ഉണ്ടെന്നും സരസു പറയുന്നു. സ്വന്തം സഹോദരന് നീതി തേടി പോരാടുമ്പോഴുള്ള ഒരു സഹോദരിയുടെ നിസ്സഹായവസ്ഥ ആണിത്. കൂറുമാറാതിരിക്കാൻ പണം ചോദിക്കുന്ന സാക്ഷികൾ. തുടർച്ചയായി മൂന്ന് സാക്ഷികളാണ് കൂറുമാറിയത്. പന്ത്രണ്ടാം സാക്ഷി വനംവകുപ്പ് വാച്ചർ അനിൽകുമാറാണ് ഒടുവിൽ മൊഴിമാറ്റിയത്. ഇതിനിടെ, അട്ടപ്പാടിയിൽ കഴിയാൻ ഭീഷണി ഉണ്ടെന്നു കാണിച്ചു മധുവിന്‍റെ കുടുംബം പാലക്കാട് എസ്പിക്ക് പരാതി നൽകി.
മണ്ണാർക്കാടേക്ക് താമസം മാറ്റാനാണ് ആലോചന. ഭീഷണിയും പ്രലോഭങ്ങളും ഭയന്നാണ് തീരുമാനം. സാക്ഷികൾക്കും മധുവിന്റെ കുടുംബത്തിനും പൊലീസ് സംരക്ഷണം നൽകണമെന്ന് ജില്ലാ ജഡ്ജി അധ്യക്ഷനായ കമ്മിറ്റി കഴിഞ്ഞ ഉത്തരവിട്ടിരുന്നു. പുതിയ സ്പെഷ്യൽ പ്രോസിക്യൂട്ടർ രാജേഷ് മേനോൻ ചുമതലയേറ്റശേഷം ഇന്നലെയാണ് സാക്ഷി വിസ്താരം പുനരാരംഭിച്ചത്.
2018 ഫെബ്രുവരി 22നാണ് ഒരു സംഘം അക്രമികൾ ചേർന്ന് മധുവിനെ തല്ലിക്കൊല്ലുന്നത്. ജൂൺ 8ന് കേസിൽ വിചാരണ തുടങ്ങിയതിന് പിന്നാലെ രണ്ട് പ്രധാന സാക്ഷികൾ കൂറ് മാറിയിരുന്നു. പ്രോസിക്യൂഷന്‍റെ വീഴ്ചയാണ് കുറുമാറ്റത്തിന് ഇടയാക്കിയതെന്ന് ആരോപിച്ച് മധുവിന്‍റെ അമ്മയും സഹോദരിയും രംഗത്തെത്തിയിരുന്നു. പത്താം സാക്ഷി ഉണ്ണികൃഷ്ണൻ, പതിനൊന്നാം സാക്ഷി ചന്ദ്രൻ എന്നിവരാണ് വിചാരണയ്ക്കിടെ പ്രതികൾക്ക് അനുകൂലമായി കൂറ് മാറിയത്. സാക്ഷികളെ പ്രതികൾ ഒളിവിൽ പാർപ്പിച്ചാണ് കൂറുമാറ്റത്തിന് പ്രേരിപ്പിക്കുന്നതെന്ന് കുടുംബം ആരോപിച്ചിരുന്നു.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam