
പാലക്കാട്: അട്ടപ്പാടി മധു വധക്കേസിൽ ശിക്ഷാവിധി റദ്ദാക്കണമെന്ന പ്രതികളുടെ അപ്പീലിൽ ഹൈക്കോടതി വിധി ഇന്ന്. ശിക്ഷ വർധിപ്പിക്കണമെന്ന മധുവിന്റെ കുടുംബത്തിന്റെ അപ്പീലിലും ഇന്ന് ഹൈക്കോടതി തീരുമാനം ഉണ്ടാകും. പ്രതികൾ പുറത്തിറങ്ങുന്നത് തങ്ങളുടെ ജീവന് ഭീഷണിയാണെന്നാണ് മധുവിന്റെ കുടുംബത്തിന്റെ വാദം.
2018 ഫെബ്രുവരി 22 നായിരുന്നു സംഭവം.മാനസികാസ്വാസ്ഥ്യം ഉണ്ടായിരുന്ന ആദിവാസി യുവാവ് മധുവിനെ മോഷണക്കുറ്റം ആരോപിച്ച് മർദിച്ച് കൊലപ്പെടുത്തിയെന്നാണ് കേസ്. മണ്ണാർക്കാട് പട്ടികജാതി പട്ടികവർഗ പ്രത്യേക കോടതി 13 പ്രതികൾക്ക് 7 വർഷത്തെ കഠിനതടവും പിഴയും ശിക്ഷ വിധിച്ചു. 16-ാം പ്രതിക്ക് 3 മാസം തടവും 500 രൂപ പിഴയും ശിക്ഷ നൽകി. നാലാം പ്രതി അനീഷ്, 11-ാം പ്രതി അബ്ദുൽ കരിം എന്നിവരെ കുറ്റക്കാരല്ലെന്ന് കണ്ട് വിട്ടയച്ചു. ശിക്ഷിക്കപ്പെട്ടവരിൽ ഒന്നാം പ്രതി ഹുസൈന്റെ ശിക്ഷ നടപ്പാക്കുന്നതു തടഞ്ഞ് ഹൈക്കോടതി നേരത്തേ ജാമ്യം അനുവദിച്ചിരുന്നു. മധുവിനെ കാട്ടിൽ നിന്നു പിടിച്ചുകൊണ്ടു വന്നവരുടെ കൂട്ടത്തിൽ ഹുസൈൻ ഇല്ലായിരുന്നു എന്ന കാരണത്താലാണു ജാമ്യം അനുവദിച്ചത്.
മറ്റു പ്രതികളുടെ ശിക്ഷ തടയണം എന്ന ആവശ്യം അനുവദിച്ചിരുന്നില്ല. മണ്ണാർക്കാട് സ്പെഷൽ കോടതിയുടെ ശിക്ഷാവിധിക്കെതിരെ പ്രതികൾ നൽകിയ അപ്പീലും ശിക്ഷ വർധിപ്പിക്കണമെന്ന് ആവശ്യപ്പെട്ട് സർക്കാരും മധുവിന്റെ അമ്മ മല്ലിയും നൽകിയ അപ്പീലുകളുമാണു കോടതി പരിഗണിക്കുന്നത്. ശിക്ഷിക്കപ്പെട്ട് ജയിലിൽ കഴിയുന്നവരും കേസിൽ വിട്ടയക്കപ്പെട്ട ഒരു ഉൾപ്പടെ 16 പ്രതികളും ഇന്ന് ഹാജരാകണമെന്ന് കോടതി ഉത്തരവുണ്ട്.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam