മധുകൊലക്കേസിൽ കൂറുമാറിയ സാക്ഷികൾ പറഞ്ഞത് പച്ചക്കള്ളം; തെളിവായി സിസിടിവി ദൃശ്യങ്ങൾ

By Web TeamFirst Published Sep 17, 2022, 7:51 AM IST
Highlights

മധുവിനെ ആക്രമിക്കുന്നത് കണ്ടില്ലെന്നും പ്രതികളെയാരെയും അറിയില്ലെന്നുമാണ് സാക്ഷികളായ സുനിൽ കുമാർ, അബ്ദുൾ ലത്തീഫ് മനാഫ് എന്നിവർ മൊഴി നൽകിയത്. എന്നാൽ ആൾക്കൂട്ട ആക്രമണം നടക്കുമ്പോൾ സാക്ഷികളുടെ സാന്നിധ്യമുണ്ടായിരുന്നെതായി ഏഷ്യാനെറ്റ് ന്യൂസിന് ലഭിച്ച ദൃശ്യങ്ങൾ തെളിയിക്കുന്നത്.

പാലക്കാട്: അട്ടപ്പാടി മധു കേസിൽ കൂറുമാറിയ സാക്ഷികൾ കോടതിയിൽ പറഞ്ഞത് പച്ചക്കള്ളമെന്ന് തെളിയിക്കുന്ന സിസിടിവി ദൃശ്യങ്ങൾ പുറത്ത്. മധുവിനെ ആക്രമിക്കുന്നത് കണ്ടില്ലെന്നും പ്രതികളെയാരെയും അറിയില്ലെന്നുമാണ് സാക്ഷികളായ സുനിൽ കുമാർ, അബ്ദുൾ ലത്തീഫ് മനാഫ് എന്നിവർ മൊഴി നൽകിയത്. എന്നാൽ ആൾക്കൂട്ട ആക്രമണം നടക്കുമ്പോൾ സാക്ഷികളുടെ സാന്നിധ്യമുണ്ടായിരുന്നതായി ഏഷ്യാനെറ്റ് ന്യൂസിന് ലഭിച്ച ദൃശ്യങ്ങൾ തെളിയിക്കുന്നത്.

2018 ഫെബ്രുവരി 22 ന് ഉച്ചയ്ക്ക് 2.45 അട്ടപ്പാടി ആനവായ് ഫോറസ്റ്റ് സ്റ്റേഷനിൽ നിന്ന് പുറത്തിറങ്ങി ജീപ്പിന്‍റെ പിറകിൽ കയറുന്ന താത്കാലിക വാച്ചറായിരുന്ന 29-ാം സാക്ഷി സുനിൽ കുമാറിനെ ദൃശ്യങ്ങളില്‍ കാണാം. തൊട്ടുപിറകെ മധുവിനെ കാട്ടിൽ നിന്ന് പിടിച്ച് കൊണ്ടു വരുന്ന ആൾക്കൂട്ടത്തെയും സിസിടിവി ദൃശ്യങ്ങൾ കാണാം. കഴിഞ്ഞ ദിവസം വിസ്താരത്തിന് എത്തിയപ്പോൾ ധരിച്ച അതേ ലോക്കറ്റാണ് ദൃശ്യത്തിലും സുനിൽ കുമാറിന്‍റെ കഴുത്തിലുള്ളത്.

അതേസമയം, അട്ടപ്പാടി മുക്കാലി ജംഗ്ഷനില്‍ മധു ആൾക്കൂട്ട വിചാരണയ്ക്ക് വിധേയനാകുമ്പോള്‍, ആൾക്കൂട്ടത്തിൽ സുനിൽ കുമാറും, 36-ാം അബ്ദുൾ ലത്തീഫും നിൽക്കുന്നത് 8-ാം പ്രതി ഉബൈദിന്‍റെ തൊട്ടടുത്ത്. ഹാജരായിരുന്ന പ്രതികളെയാരെയും അറിയില്ലെന്ന് കോടതിയിൽ ആവർത്തിച്ച് പറഞ്ഞ അബ്ദുൾ ലത്തീഫ് നിൽക്കുന്നത് പ്രതി ഉബൈദിന്‍റെ തോളിൽ കൈവെച്ചാണെന്ന് ദൃശ്യങ്ങള്‍ തെളിയിക്കുന്നു. ദൃശ്യങ്ങളിൽ കാണുന്നത് താനല്ലെന്നാണ് കോടതിയ്ക്ക് മുന്നിൽ തുടക്കം മുതലേ അബ്ദുൾ ലത്തീഫ് ആണയിട്ടത്.

മുക്കാലി ജംഗ്ഷനിലെ ഭണ്ഡാരത്തിനടുത്ത് നീല ഷർട്ടിട്ട് നിൽക്കുന്ന 32-ാം സാക്ഷി മനാഫിനെയും സിസിടിവി ദൃശ്യങ്ങളില്‍ കാണാം. മധുവിനെ ആൾക്കൂട്ടം ആക്രമിക്കുന്നത് കണ്ടെന്ന പൊലീസിന് നൽകിയ മൊഴി കോടതിയിൽ മനാഫും നിഷേധിച്ചു. മധുവിനെയോ പ്രതികളെയോ അറിയില്ലെന്നായിരുന്നു കോടതിയിൽ നൽകിയ മൊഴി. സാക്ഷികളുടെ സാന്നിധ്യം തെളിയിക്കുന്ന ദൃശ്യങ്ങൾ കാണിച്ച് വിസ്താരം നടത്തുമ്പോഴും കേസിൽ കൂറുമാറ്റം തുടരുകയാണ്. ആകെ 122 സാക്ഷികളാണ് മധുകേസിലുളളത്. ഇതില്‍ ഇതുവരെ 21 സാക്ഷികള്‍ കൂറുമാറി. കോടതിയെ തെറ്റിദ്ധരിപ്പിക്കാൻ സാക്ഷികൾ ശ്രമിച്ചെന്ന് തെളിയിക്കാൻ ദൃശ്യങ്ങളുടെ ഫോറൻസിക് പരിശോധന ഉൾപ്പെടെ നടത്തി മുന്നോട്ട് പോകാനാണ് പ്രോസിക്യൂഷന്‍റെ തീരുമാനം. 2018 ഫെബ്രുവരി 22നാണ് ഒരു സംഘം അക്രമികൾ ചേർന്ന് മധുവിനെ തല്ലിക്കൊല്ലുന്നത്. 

click me!