
പാലക്കാട്: സ്വിച്ചിട്ടാൽ തെളിയുന്ന ബൾബുപോലെയായിരുന്നു ഇന്ന് അവരുടെ മുഖം. തെളിഞ്ഞ പുഞ്ചിരി. ജീവിതത്തിലൊരിക്കലും നടക്കില്ലെന്ന് കരുതിയ സംഭവാണ് അട്ടപ്പാടിയിലെ ഏഴ് വിദൂര ആദിവാസി ഊരുകളിൽ ഇന്ന് സംഭവിച്ചത്. അവരുടെ വീടുകളിൽ വൈദ്യുതി എത്തിയിരിക്കുന്നു. ഇത്രയും കാലം സോളാറിൽ ലഭിക്കുന്ന ചെറിയ വോൾട്ടേജ് വൈദ്യുതിയും മണ്ണെണ്ണയും മാത്രമായിരുന്നു ഇവരുടെ ആശ്രയം. 6.2 കോടി രൂപ മുടക്കിയാണ് പദ്ധതി നടപ്പാക്കിയത്.
തടികുണ്ട് , മുരുകള, കിണറ്റുകര, പാലപ്പട, താഴെ ആനവായ് , മേലെ ആനവായ് , കടുകുമണ്ണ ഊരുകളിലേക്കാണ് വൈദ്യുതി എത്തിച്ചത്. ചിണ്ടക്കിയിൽ നിന്ന് 15 കിലോമീറ്റർ മണ്ണിനടിയിൽ കൂടി കേബിളിലൂടെയാണ് 11 കെ.വി വൈദ്യുതി എത്തിച്ചിരിക്കുന്നത്. നാലു ട്രാൻസ്ഫോർമറുകൾ, 8547 മീറ്റർ ലോ ടെൻഷൻ എബിസി എന്നിവയാണ് വിതരണ ശൃംഖലയിൽ ഉള്ളത്. 206 എ ടൈപ്പ് ഇരുമ്പ് തൂണുകളും, 145 കോൺക്രീറ്റ് തൂണുകളുമാണ് ഉപയോഗിച്ചിരിക്കുന്നത്.
പദ്ധതി പൂർത്തിയായതോടെ കൊടുംവനത്തിനകത്ത് താമസിക്കുന്ന കുറുമ്പർ വിഭാഗത്തിലുള്ള മുന്നൂറോളം കുടുംബങ്ങൾക്കാണ് ഇതിന്റെ പ്രയോജനം ലഭിക്കുക. പട്ടികവർഗ്ഗ വകുപ്പിന്റെ ധനസഹായത്തോടു കൂടിയാണ് പദ്ധതി യാഥാർഥ്യമാക്കിയത്.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam