'ആര് വാദിക്കണമെന്ന് മധുവിന്റെ കുടുംബത്തിന് തീരുമാനിക്കാം': ഡയറക്ടർ ജനറൽ ഓഫ് പ്രോസിക്യൂഷൻ

Published : Jan 26, 2022, 12:07 PM ISTUpdated : Jan 26, 2022, 12:14 PM IST
'ആര് വാദിക്കണമെന്ന് മധുവിന്റെ കുടുംബത്തിന് തീരുമാനിക്കാം': ഡയറക്ടർ ജനറൽ ഓഫ് പ്രോസിക്യൂഷൻ

Synopsis

മധുവിന്റെ കുടുംബാംഗങ്ങളുമായി ഗിരീഷ് പഞ്ചു സംസാരിക്കും. രേഖാമൂലം ബന്ധുക്കളെ കാര്യം അറിയിക്കും

പാലക്കാട്: അട്ടപ്പാടിയിലെ മധു കൊലപാതക കേസിൽ പ്രോസിക്യൂട്ടർ സ്ഥാനത്തേക്ക് ബന്ധുക്കൾക്ക് അഭിഭാഷകരെ നിർദ്ദേശിക്കാമെന്ന് ഡയറക്ടർ ജനറൽ ഓഫ് പ്രോസിക്യൂഷൻ. മധുവിന്‍റെ ബന്ധുക്കൾക്ക് താൽപര്യമുള്ള മൂന്ന് അഭിഭാഷകരുടെ പേര് നിർദ്ദേശിക്കാൻ ആവശ്യപ്പെട്ടെന്ന് അദ്ദേഹം വ്യക്തമാക്കി. ഡയറക്ടർ ഓഫ് പ്രോസിക്യൂഷൻ അഡിമിനിസ്ട്രേഷനായ ഗിരീഷ് പഞ്ചുവിനാണ് ഇത് സംബന്ധിച്ചുള്ള ചുമതല നൽകിയിരിക്കുന്നത്. മധുവിന്റെ കുടുംബാംഗങ്ങളുമായി ഗിരീഷ് പഞ്ചു സംസാരിക്കും. രേഖാമൂലം ബന്ധുക്കളെ കാര്യം അറിയിക്കും. നിലവിലുള്ള സ്പെഷ്യൽ പ്രോസിക്യൂട്ടർ രാജി വെച്ചിട്ടില്ല. ഈ പ്രോസിക്യുട്ടർ തന്നെ തുടരണമെന്നാണ് കുടുംബത്തിന് താത്പര്യമെങ്കിൽ അതിനും തയ്യാറാണെന്നും ഡിജിപി വ്യക്തമാക്കി.

കഴിഞ്ഞ ദിവസം വിചാരണ കോടതിയിൽ സ്പെഷൽ പബ്ലിക് പ്രോസിക്യുട്ടർ ഹാജരാകാതിരുന്നത് വലിയ വിവാദമായിരുന്നു. കേസ് പരിഗണിച്ച മണ്ണാർക്കാട് എസ് സി/ എസ് ടി പ്രത്യേക കോടതി സ്പെഷൽ പ്രോസിക്യുട്ടർ എവിടെയെന്ന ചോദ്യം ഉന്നയിച്ചിരുന്നു. കേസ് പരിഗണിച്ചപ്പോൾ മധുവിനായി ആരും ഹാജരാകാതിരുന്നതായിരുന്നു കാരണം.

കേസിൽ നിന്നും ഒഴിയാൻ സ്പെഷ്യൽ പബ്ലിക് പ്രോസിക്യൂട്ടർ ഡിജിപിയ്ക്ക് നേരത്തെ കത്ത് നൽകിയിരുന്നു. സർക്കാർ നിയോഗിച്ച അഡ്വ വിടി രഘുനാഥാണ് സ്ഥാനമൊഴിയാൻ സന്നദ്ധത അറിയിച്ചത്. ഇക്കാരണത്താൽ അദ്ദേഹം കോടതിയിൽ ഹാജരായിരുന്നില്ല. കേസ് ഫെബ്രുവരി 26 ലേക്ക് മാറ്റിയിരിക്കുകയാണ്.

മധു കൊല്ലപ്പെട്ടിട്ട് ഫെബ്രുവരി 22 ന് നാല് വർഷം തികയും. 2018 ഫെബ്രുവരി 22-നാണ് കേരള മനസാക്ഷിയെ ഞെട്ടിച്ച കൊലപാതകം നടന്നത്. മാനസിക വെല്ലുവിളി നേരിടുന്ന മധുവിനെ മോഷണക്കുറ്റം ആരോപിച്ചാണ് പ്രദേശവാസികളുടെ സംഘം മർദ്ദിച്ച് കൊലപ്പെടുത്തിയത്. മധുവിനെ മർദ്ദിക്കുന്നതിന്റെ ദൃശ്യങ്ങൾ സമൂഹ മാധ്യമങ്ങളിലൂടെ പ്രചരിച്ചതോടെ വൻ പ്രതിഷേധമാണുയർന്നത്. കേസിൽ പ്രതികളായ 16 പേരെയും പൊലീസ് അറസ്റ്റു ചെയ്തു.  2018 മെയ് മാസം പൊലീസ് കുറ്റപത്രം സമർപ്പിച്ചെങ്കിലും വിചാരണ നടപടികൾ വൈകുകയാണ്. പ്രതികളെല്ലാം ഇപ്പോൾ ജാമ്യത്തിലാണ്.

PREV
click me!

Recommended Stories

ജൂനിയർ അഭിഭാഷകയെ മര്‍ദ്ദിച്ച കേസ്: കുറ്റപത്രം സമർപ്പിച്ച് പൊലീസ്, അടുത്ത മാസം വായിച്ച് കേള്‍പ്പിക്കും
'പൾസർ സുനിക്കും ദിലീപിനും പരസ്പരം അറിയാം, വിവരം വിചാരണക്കോടതിയെ അറിയിച്ചിട്ടുണ്ട്'; പ്രതികരിച്ച് സുനിയുടെ അഭിഭാഷകൻ