Silver Line: സിൽവർ ലൈനിനായുള്ള സാമൂഹിക ആഘാത പഠനം ബഹിഷ്കരിച്ച് നാട്ടുകാർ; സർവേ പൊലീസ് സംരക്ഷണയിൽ

By Web TeamFirst Published Jan 26, 2022, 11:47 AM IST
Highlights

വീടുകളിൽ സർവ്വേ നടത്തിയും ജനപ്രതിനിധികളെ കേട്ടും റിപ്പോർട്ട് 100 ദിവസത്തിനകം സമർപ്പിക്കാനാണ് ഏജൻസിക്ക് സർക്കാർ നൽകിയിരിക്കുന്ന  നിർദേശം

കണ്ണൂർ: സിൽവർ ലൈനിനായുളള (silver line)സാമൂഹിക ആഘാത പഠനം (social impact study) ബഹിഷ്കരിച്ച് നാട്ടുകാർ. കണ്ണൂർ കാനയിൽ ആണ് നാട്ടുകാർ സർവെ ബഹിഷ്കരിക്കുന്നത്.സർവേ നടത്താൻ എത്തിയവർക്ക് വിവരങ്ങൾ നൽകാൻ നാട്ടുകാർ തയാറായ‌ില്ല. സർവേയിൽ ഒപ്പിടാനും വിസമ്മതിച്ചു. സ്ഥലത്ത് എത്തിയ പരിസ്ഥിതി പ്രവർത്തകരെ പൊലീസ് തടഞ്ഞു. സർവേ പൊലീസ് സംരക്ഷണയിൽ ആണ് നടക്കുന്നത്

സിൽവർ ലൈൻ നടപ്പിലാക്കുന്നതുമായി ബന്ധപ്പെട്ട സാമൂഹിക ആഘാത പഠനം ഈമാസം 21ന് ആണ് തുടങ്ങിയത്. കോട്ടയം ആസ്ഥാനമായുള്ള കേരള വൊളണ്ടിയർ ഹെൽത്ത് സർവ്വീസസ് നടത്തുന്ന പഠനം കണ്ണൂർ ജില്ലയിലെ പയ്യന്നൂർ പഞ്ചായത്തിലാണ് തുടങ്ങിയത്. പദ്ധതി വരുമ്പോൾ ഭൂമി നഷ്ടപ്പെടുന്ന കുടുംബങ്ങളെ നേരിൽ കണ്ട് അവരുന്നയിക്കുന്ന പ്രശ്നങ്ങൾ കേൾക്കുകയാണ് ആദ്യ ഘട്ടത്തിലെ പ്രവർത്തനം. ഇതിനായി ചോദ്യാവലി തയ്യാറാക്കി വളണ്ടിയർമാർ വീടുകളിലെത്തും. കണ്ണൂർ ജില്ലയിൽ മാത്രം കെ റെയിൽ കടന്നുപോകുന്ന 61. 7 കിലോ മീറ്റർ ദൂരത്ത് 20 വില്ലേജുകളിലായി നൂറ്റി എട്ട് ഹെക്ടർ ഭൂമി ഏറ്റെടുക്കേണ്ടതുണ്ട്. വീടുകളിൽ സർവ്വേ നടത്തിയും ജനപ്രതിനിധികളെ കേട്ടും റിപ്പോർട്ട് 100 ദിവസത്തിനകം സമർപ്പിക്കാനാണ് ഏജൻസിക്ക് സർക്കാർ നൽകിയിരിക്കുന്ന നിർദേശം
 

click me!