അട്ടപ്പാടി മധു കേസ്: കൂറുമാറ്റം തുടരുന്നു, പതിനാറാം സാക്ഷിയും മൊഴി മാറ്റി

Published : Jul 22, 2022, 01:00 PM IST
അട്ടപ്പാടി മധു കേസ്: കൂറുമാറ്റം തുടരുന്നു, പതിനാറാം സാക്ഷിയും മൊഴി മാറ്റി

Synopsis

സാക്ഷികൾക്ക് പൊലീസ് സംരക്ഷണം ഏർപ്പെടുത്തിയിട്ടും കൂറുമാറ്റം തുടരുന്നു; കേസിൽ ഇതുവരെ കൂറുമാറിയത് 6 പേർ

പാലക്കാട്: അട്ടപ്പാടി മധു കേസിൽ (attappadi madhu murder case) ഒരു സാക്ഷി കൂടി കൂറുമാറി. പതിനാറാം സാക്ഷിയായി പ്രോസിക്യൂഷൻ ഹാജരാക്കിയ വനംവകുപ്പ് വാച്ചർ റസാഖ് ആണ് കോടതിയിൽ മൊഴി മാറ്റിയത്. ഇതോടെ കേസിൽ ഇതുവരെ കൂറുമാറിയ സാക്ഷികളുടെ എണ്ണം ആറായി. മൊഴി മാറ്റി പറഞ്ഞവരെല്ലാം സാക്ഷികളായി പ്രോസിക്യൂഷൻ ഹാജരാക്കിയവരാണ്. ഇവരെല്ലാം മജിസ്ട്രേട്ടിന് മുന്നിൽ മൊഴി നൽകിയവരാണ്. പന്ത്രണ്ടാം സാക്ഷിയായ മുക്കാലി ഫോറസ്റ്റ് സ്റ്റേഷനിലെ താത്കാലിക വാച്ചറായ അനിൽ കുമാറിനെ കഴിഞ്ഞ ദിവസം വനം വകുപ്പ് പിരിച്ച് വിട്ടിരുന്നു. വിസ്താരത്തിനിടെ മൊഴി മാറ്റിയതിനെ തുടർന്നായിരുന്നു പിരിച്ചുവിടൽ. മധുവിനെ അറിയില്ലെന്നാണ് അനിൽ കുമാര്‍ കഴിഞ്ഞ ദിവസം കോടതിയെ അറിയിച്ചത്. പൊലീസിന്‍റെ നിർബന്ധ പ്രകാരമാണ് നേരത്തെ രഹസ്യമൊഴി നൽകിയതെന്നും അനിൽ കുമാര്‍ വ്യക്തമാക്കിയിരുന്നു. 10,11,14,15 സാക്ഷികളും നേരത്തെ കൂറുമാറിയിരുന്നു.

കൂറുമാറ്റം തടയാൻ സാക്ഷികൾക്ക് കഴിഞ്ഞ ദിവസം മുതൽ പൊലീസ് സംരക്ഷണം ഏർപ്പെടുത്തിയിരുന്നെങ്കിലും നീക്കം ലക്ഷ്യം കണ്ടിട്ടില്ല എന്നാണ് ഒടുവിലത്തെ കൂറുമാറ്റവും തെളിയിക്കുന്നത്. സാക്ഷികളെ പ്രതികൾ ഒളിവിൽ പാർപ്പിച്ച് കൂറുമാറ്റത്തിന് പ്രേരിപ്പിക്കുന്നുവെന്ന് കുടുംബം ആരോപിച്ചിരുന്നു. സാക്ഷികൾ കൂറ് മാറുന്നതിൽ മധുവിന്റെ സഹോദരി പൊട്ടിക്കരഞ്ഞ് മാധ്യമങ്ങളോട് സങ്കടം പറയുകയും ചെയ്തിരുന്നു. കൂറുമാറാതിരിക്കാൻ സാക്ഷികൾ പണം ആവശ്യപ്പെട്ടെന്നാണ് സരസു പറഞ്ഞത്. 

കേസിൽ നിന്ന് പിന്മാറാൻ വലിയ സമ്മർദം ഉണ്ടെന്നും കുടുംബം എസ്‍പിക്ക് പരാതിയും നൽകിയിരുന്നു. 
മണ്ണാർക്കാടേക്ക് താമസം മാറ്റാനാണ് കുടുംബത്തിന്‍റെ ആലോചന. ഭീഷണിയും പ്രലോഭനങ്ങളും ഭയന്നാണ് തീരുമാനമെന്നും സരസു പറഞ്ഞിരുന്നു. 2018 ഫെബ്രുവരി 22നാണ് ഒരു സംഘം അക്രമികൾ ചേർന്ന് മധുവിനെ തല്ലിക്കൊല്ലുന്നത്. ജൂൺ 8ന് കേസിൽ വിചാരണ തുടങ്ങിയതിന് പിന്നാലെ രണ്ട് പ്രധാന സാക്ഷികൾ കൂറ് മാറിയിരുന്നു. പ്രോസിക്യൂഷന്റെ വീഴ്ചയാണ് കുറുമാറ്റത്തിന് ഇടയാക്കിയതെന്ന് ആരോപിച്ച് മധുവിന്‍റെ അമ്മയും സഹോദരിയും രംഗത്തെത്തുകയും സർക്കാർ പുതിയ സ്പെഷ്യൽ പബ്ലിക് പ്രോസിക്യൂട്ടറെ നിയമിക്കുകയും ചെയ്തിരുന്നു.

'സാക്ഷികളുടെ കൂറുമാറ്റം പ്രതിസന്ധി ഉണ്ടാക്കുന്നു'

അട്ടപ്പാടി മധു കൊലക്കേസിൽ പ്രോസിക്യൂഷൻ സാക്ഷികളുടെ തുടർ കൂറുമാറ്റം പ്രതിസന്ധിയാണെന്ന് സ്പെഷ്യൽ പ്രോസിക്യൂട്ടർ (special prosecutor) രാജേഷ് എം.മേനോൻ (rajesh m menon). മൊഴിമാറ്റം തടയാൻ വിറ്റ്നസ് പ്രൊട്ടക്ഷൻ സ്കീം നടപ്പിലാക്കണം. പ്രതികൾ ജാമ്യത്തിൽ ഇറങ്ങിയതിനാൽ, പ്രോസിക്യൂഷൻ സാക്ഷികളെ സ്വാധീനിക്കാൻ അവസരമുണ്ടായി. ഇതും തിരിച്ചടിയായെന്ന് സ്പെഷ്യൽ പ്രോസിക്യൂട്ടർ ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞു.

 

PREV

കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ  എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ.  Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

click me!

Recommended Stories

ദീപക്കിന്‍റെ ആത്മഹത്യ: ഷിംജിതക്കായി പൊലീസ് ഉടൻ കസ്റ്റഡി അപേക്ഷ നൽകും, മൊബൈൽ ശാസ്ത്രീയ പരിശോധനയ്ക്ക്
രാഹുൽ മാങ്കൂട്ടത്തിലിനെതിരെ കൂടുതൽ തെളിവുകൾ, ജാമ്യഹർജിയിൽ ഇന്ന് വാദം; എസ്ഐടി റിപ്പോർട്ടും കോടതിയിൽ എത്തും