
പാലക്കാട്: അട്ടപ്പാടി മധു വധക്കേസിലെ അന്വേഷണ ഉദ്യോഗസ്ഥൻ ടികെ സുബ്രഹ്മണ്യനെ ഇന്ന് വിചാരണ കോടതിയിൽ വിസ്തരിക്കും. കേസ് അന്വേഷിച്ച് കുറ്റപത്രം സമർപ്പിച്ചത് അഗളി ഡിവൈഎസ്പിയായിരുന്ന ടികെ സുബ്രഹ്മണ്യനായിരുന്നു. സബ് കലക്ടറായിരുന്ന ജെറോമിക് ജോർജിന്റെ വിസ്താരം ഈ മാസം 24 നു ശേഷം തീരുമാനിക്കും. മജിസ്റ്റീരിയൽ റിപ്പോർട്ട് തയാറാക്കിയത് ഒറ്റപ്പാലം മുൻ സബ് കലക്ടർ ജെറോമിക് ജോർജാണ്. ഇദ്ദേഹത്തെ വിസ്തരിക്കുന്നതിന് എതിരെ പ്രതിഭാഗം ഹൈക്കോടതിയിൽ നൽകിയ ഹർജിയിൽ വാദം കേൾക്കുന്നത് പൂർത്തിയായി. എങ്കിലും വിധി പറയുന്നത് ഈ മാസം 24 ലേക്ക് മാറ്റിയിരുന്നു. ഹൈക്കോടതി വിധിക്കു ശേഷമേ ഇക്കാര്യത്തിൽ തീരുമാനം ഉണ്ടാകൂ.
മധുവിന്റേത് കസ്റ്റഡി മരണമാണോ എന്ന് കണ്ടെത്താനാണ് ഒറ്റപ്പാലം സബ് കലക്ടറായിരുന്ന ജെറോമിക് ജോർജിൻ്റെ നേതൃത്വത്തിൽ 2018ൽ മജിസ്റ്റീരിയൽ അന്വേഷണം നടത്തിയത്. മധുവിനെ മുക്കാലിയിൽ നിന്ന് കസ്റ്റഡിയിലെടുത്ത പൊലീസ് ഉദ്യോഗ്യസ്ഥരുടെയും മറ്റ് സാക്ഷികളുടെയും മൊഴിയെടുത്തു. മധുവിനു നേരെ ആൾക്കൂട്ടം മനുഷ്യത്വ രഹിതമായ ആക്രമണമാണ് നടത്തിയതെന്നാണ് അന്വേഷണത്തിൽ നിന്ന് വ്യക്തമായത്. മധു മരിക്കാൻ മറ്റ് കാരണങ്ങൾ ഇല്ലെന്നും നാലു പേജുള്ള റിപ്പോർട്ടിൽ പറയുന്നു.
വിവിധ മോഷണക്കേസുകളിൽ പെട്ട മധുവിനെ പിടികൂടിയിട്ടുണ്ടെന്ന വിവരത്തെ തുടർന്നാണ് അഡീഷനൽ എസ്ഐ പ്രസാദ് വർക്കിയുടെ നേതൃത്വത്തിൽ പൊലീസ് മുക്കാലിയിലെത്തിയത്. മധുവിനെ കസ്റ്റഡിയിലെടുക്കുമ്പോൾ മധുവിന്റെ ദേഹത്ത് നോക്കിയാൽ കാണാവുന്ന പരുക്കുകളോ മുറിവുകളോ ഉണ്ടായിരുന്നില്ല. മുക്കാലിയിൽ നിന്ന് പൊലീസ് സ്റ്റേഷനിലേക്കുള്ള യാത്രയ്ക്കിടെ മധു ഛർദിക്കുകയും അവശനാകുകയും ചെയ്തു. അടുത്തുള്ള ആശുപത്രിയായ അഗളി കമ്യൂണിറ്റി ഹെൽത്ത് സെന്ററിൽ 4.15 ന് മധുവിനെ എത്തിച്ചു. ആശുപത്രിയിൽ എത്തിച്ചപ്പോൾ മധു മരിച്ചതായി പരിശോധിച്ച ഡോക്ടർ അറിയിച്ചെന്നും റിപ്പോർട്ടിൽ പറയുന്നു. ജെറോമിക് ജോർജിനെ അടുത്തയാഴ്ച വിസ്തരിക്കും. മറ്റൊരു മജിസ്റ്റീരിയൽ റിപ്പോർട്ട് തയാറാക്കിയ മണ്ണാർക്കാട് ഫസ്റ്റ്ക്ലാസ് ജുഡിഷ്യൽ മജിസ്ട്രേട്ട് എം രമേശിനെ കഴിഞ്ഞ ദിവസം വിസ്തരിച്ചിരുന്നു. ഈ റിപ്പോർട്ടിലും സമാനമായ കണ്ടത്തലാണ് ഉണ്ടായിരുന്നത്.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam