മാവോയിസ്റ്റ് വെടിവയ്പ്പ്: ടോം ജോസിന്‍റെ ലേഖനം വിവാദത്തിൽ, വായിച്ചില്ലെന്ന് പിണറായി

By Web TeamFirst Published Nov 5, 2019, 1:18 PM IST
Highlights
  • മാവോയിസ്റ്റ് വെടിവയ്പ്പ് ന്യായീകരിച്ച് ടോം ജോസ് 
  • "ജനകീയ സര്‍ക്കാരിനെ അട്ടിമറിക്കാൻ നീക്കം"
  • പൊലീസ് നടപടി ശരിയെന്ന് ലേഖനം 
  • എഴുതാൻ ആര് അനുമതി നൽകിയെന്ന് സിപിഐയും പ്രതിപക്ഷവും 
  • വായിച്ചില്ലെന്ന് പിണറായി വിജയൻ 

തിരുവനന്തപുരം: അട്ടപ്പാടിയിൽ മാവോയിസ്റ്റുകൾക്കെതിരായ പൊലീസ് നടപടിയെ ന്യായീകരിച്ച് ലേഖനം എഴുതിയ ചീഫ് സെക്രട്ടറി ടോം ജോസിന്‍റെ നടപടി വിവാദത്തിൽ .മാവോയിസ്റ്റുകൾ തീവ്രവാദികളാണെന്നും കൊല്ലപ്പെടേണ്ടവരാണെന്നുമുള്ള ചീഫ് സെക്രട്ടറിയുടെ ലേഖനത്തിനെതിരെ ശക്തമായ നിലപാടുമായി സിപിഐയും പ്രതിപക്ഷവും രംഗത്തെത്തി. മഞ്ചക്കണ്ടിയിൽ മാവോയിസ്റ്റുകൾക്കെതിരായ പൊലീസ് നടപടിയെ ചൊല്ലി മുന്നണിക്ക് അകത്തും പുറത്തും വിവാദം മുറുകുന്നതിനിടെയാണ് പൊലീസിനെ ന്യായീകരിച്ചുള്ള ചീഫ് സെക്രട്ടറിയുടെ ലേഖനം വന്നത്. 

മാവോയിസ്റ്റുകൾക്കെതിരായ യുദ്ധത്തിൽ കൊന്നില്ലെങ്കിൽ കൊല്ലപ്പെട്ടേക്കും. സുരക്ഷാ ഭടൻമാർ നടപ്പിലാക്കിയത് അവരുടെ കർത്തവ്യമാണ്. ജനജീവിതം അപകടത്തിലാക്കി സായുധ വിപ്ലവത്തിന് അവസരം നോക്കിയിരിക്കുന്ന മാവോയിസ്റ്റുകൾ പൗരാവകാശങ്ങൾ അർഹിക്കുന്നില്ലെന്നും ചീഫ് സെക്രട്ടറി ലേഖനത്തിൽ പറയുന്നുണ്ട്.  അതിർത്തിയിൽ ഭീകരരെ തുരത്തുന്ന സൈന്യത്തിന് ലഭിക്കുന്ന ആദരവ് പൊലീസും അർഹിക്കുന്നുണ്ടെന്നും ടോംജോസ് അഭിപ്രായപ്പെട്ടിരുന്നു.

പൊലീസ് നടപടിയിൽ കടുത്ത എതിർപ്പുള്ള സിപിഐ ചീഫ് സെക്രട്ടറിക്കെതിരെ ആഞ്ഞടിച്ചു. ലേഖനമെഴുതാൻ ടോം ജോസിന് ആര് അനുവാദം നൽകിയെന്നായിരുന്നു സിപിഐ നേതാക്കളുടെ ചോദ്യം.

Read more at: ലേഖനം എഴുതാൻ ആര് അനുമതി നൽകി ? കേരളം ഭരിക്കുന്നത് ചീഫ് സെക്രട്ടറി അല്ല: തുറന്നടിച്ച് സിപിഐ...

ചീഫ് സെക്രട്ടറിയാണോ കേരളം ഭരിക്കുന്നതെന്ന സിപിഐയുടെ ചോദ്യം തന്നെയാണ് നിയമസഭക്ക് അകത്തും പുറത്തും പ്രതിപക്ഷവും മുഖ്യമന്ത്രി പിണറായി വിജയനോട് ചോദിച്ചത് 

Read more at: 'മുഖ്യമന്ത്രിക്ക് ഉദ്യോഗസ്ഥർക്കുമേലുള്ള നിയന്ത്രണം നഷ്ടമായി'; ചീഫ് സെക്രട്ടറിയുടെ ലേഖനം തെളിവെന്ന് ബെന്നി ബെഹ്നാൻ

ചീഫ് സെക്രട്ടറിയുടെ ലേഖനം പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തല നിയമസഭയിൽ ഉന്നയിച്ചു. ലേഖനം വായിച്ചിട്ടില്ലെന്നായിരുന്നു മുഖ്യമന്ത്രി പിണറായി വിജയന്‍റെ മറുപടി. ചീഫ് സെക്രട്ടറിക്കെതിരായ ആരോപണത്തിൽ കൂടുതൽ പ്രതികരണം ഉണ്ടായില്ലെങ്കിലും അട്ടപ്പാടിയിലടക്കം പൊലീസ് നടപടിയെ പൂര്‍ണ്ണമായും ന്യായീകരിക്കുന്നതായിരുന്നു ഇന്നും മുഖ്യമന്ത്രി പിണറായി വിജയന്‍റെ നിലപാട്. ലേഖനം വിവാദത്തിലായതോടെ കൂടുതൽ പ്രതികരണത്തിന് ചീഫ് സെക്രട്ടറി ടോം ജോസും തയ്യാറായില്ല. 

അതിനിടെ മഞ്ചിക്കണ്ടിയിലേത് വ്യാജ ഏറ്റുമുട്ടലാണെന്ന പാർട്ടി കമ്മീഷൻ റിപ്പോർട്ട്  സിപിഐ സംഘം മുഖ്യമന്ത്രിക്ക് കൈമാറി. പക്ഷെ റിപ്പോർട്ട് ഏറ്റുവാങ്ങിയ ശേഷവും വ്യാജ ഏറ്റുമുട്ടലല്ലെന്ന നിലപാടിൽ പിണറായിയും ഉറച്ചുനിൽക്കുകയാണ്. 

Read more at:  അട്ടപ്പാടി മാവോയിസ്റ്റ് വേട്ട വ്യാജ ഏറ്റുമുട്ടൽ തന്നെ എന്ന് സിപിഐ: റിപ്പോര്‍ട്ട് മുഖ്യമന്ത്രിക്ക് കൈ...


 

click me!