പുതിയ ബിജെപി ദേശീയ അധ്യക്ഷൻ നിതിൻ നവീൻ, വരാനിരിക്കുന്ന നിയമസഭാ തിരഞ്ഞെടുപ്പിൽ 30 സീറ്റുകൾ ലക്ഷ്യമിടാൻ കേരളത്തിലെ നേതാക്കൾക്ക് നിർദ്ദേശം നൽകി. സാഹചര്യം അനുകൂലമാണെന്നും ബൂത്തുതല പ്രവർത്തനങ്ങൾ ശക്തിപ്പെടുത്തി ഈ ലക്ഷ്യം നേടണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു

കൊച്ചി: നിയമസഭാ തിരഞ്ഞെടുപ്പിൽ കേരളത്തിൽ 30 സീറ്റുകളിൽ വിജയിക്കാവുന്ന സാഹചര്യമാണുള്ളതെന്ന് ബി ജെ പി ദേശീയ അധ്യക്ഷൻ നിതിൻ നവീൻ. ഈ ലക്ഷ്യം മുൻനിർത്തിയുള്ള പ്രവർത്തനങ്ങൾ സംഘടിപ്പിക്കണമെന്നും പുതിയ ദേശീയ അധ്യക്ഷൻ കേരള നേതാക്കൾക്ക് നിർദ്ദേശം നൽകി. ദേശീയ പ്രസിഡന്‍റായി തെരഞ്ഞെടുക്കപ്പെട്ട ശേഷം ആദ്യമായി കേരളത്തിലെത്തിയ നിതിൻ നവീൻ, കൊച്ചിയിൽ നടന്ന പാർട്ടി ഭാരവാഹികളുടെ യോഗത്തിലാണ് ഈ ലക്ഷ്യം മുന്നോട്ടുവെച്ചത്. തിരഞ്ഞെടുപ്പ് വിജയത്തിനായി പ്രവർത്തകർ ബൂത്തുതല പ്രവർത്തനങ്ങളിൽ പൂർണ്ണമായും കേന്ദ്രീകരിക്കണമെന്നും, എല്ലാ നേതാക്കളും അവരവരുടെ സ്വന്തം ബൂത്തുകളിൽ പാർട്ടിയുടെ ലീഡ് ഉറപ്പാക്കണമെന്നും ദേശീയ അധ്യക്ഷൻ നിർദ്ദേശിച്ചു. താഴെത്തട്ടിലുള്ള പ്രവർത്തനങ്ങൾ ശക്തമാക്കിയാൽ കേരളത്തിൽ വലിയ മുന്നേറ്റം നടത്താൻ കഴിയുമെന്ന ആത്മവിശ്വാസമാണ് യോഗത്തിൽ ദേശീയ അധ്യക്ഷൻ പങ്കുവെച്ചത്.

'കേരളത്തിൽ ഭരണം പിടിക്കും'

കേരളത്തില്‍ ബി ജെ പി സര്‍ക്കാരുണ്ടാകുമെന്ന അവകാശവാദവും പാര്‍ട്ടി ദേശീയ അധ്യക്ഷന്‍ നേരത്തെ മുന്നോട്ട് വച്ചിരുന്നു. അങ്കമാലിയില്‍ രണ്ട് ജില്ലകളിലെ ബൂത്ത് പ്രസിഡന്‍റുമാരുടെ യോഗം ഉദ്ഘാടനം ചെയ്യവേയായിരുന്നു കേരളത്തിൽ ഭരണം പിടിക്കുമെന്ന അവകാശവാദം. ദേശീയ അധ്യക്ഷ ചുമതല ഏറ്റെടുത്ത ശേഷം ആദ്യമായി കേരളത്തിലെത്തിയ നിതിന്‍ നവീനെ, സംസ്ഥാന അധ്യക്ഷൻ രാജീവ് ചന്ദ്രശേഖറിന്‍റെ നേതൃത്വത്തില്‍ നെടുമ്പാശേരി വിമാത്താവളത്തില്‍ സ്വീകരിച്ചു. നാളെ തൃശൂരില്‍ ബി ജെ പിയുടെ തിരഞ്ഞെടുപ്പ് പ്രചാരണ പ്രവര്‍ത്തനങ്ങളുടെ ഉദ്ഘാടനവും ദേശീയ പ്രസിഡന്‍റ് നിര്‍വഹിക്കും. തൃശൂരില്‍ പ്രവര്‍ത്തകര്‍ക്കൊപ്പം ചുവരെഴുതിക്കൊണ്ടാകും പ്രചാരണ പരിപാടികള്‍ക്ക് ഔദ്യോഗിക തുടക്കമിടുക. കാലടി ക്ഷേത്രത്തില്‍ ദര്‍ശനം നടത്തിയ ശേഷമാകും ബി ജെ പി അധ്യക്ഷന്‍ തൃശൂരിലെത്തുക.