മനുഷ്യമനസാക്ഷിയെ നടുക്കിയ കേസ്: 'സര്‍ക്കാരിന്‍റെ അലംഭാവം ഗുരുതരം'; തീരാകളങ്കവും നാണക്കേടുമെന്ന് സുധാകരന്‍

Published : Aug 10, 2022, 11:30 PM IST
മനുഷ്യമനസാക്ഷിയെ നടുക്കിയ കേസ്: 'സര്‍ക്കാരിന്‍റെ അലംഭാവം ഗുരുതരം'; തീരാകളങ്കവും നാണക്കേടുമെന്ന് സുധാകരന്‍

Synopsis

കുറ്റവാളികളെ രക്ഷിക്കാനുള്ള ഗൂഢനീക്കം തടയാന്‍ സര്‍ക്കാര്‍ കാര്യമായി ഒന്നും ചെയ്യുന്നില്ല. ആദിവാസി വിഭാഗത്തോടുള്ള എല്‍ഡിഎഫ് സർക്കാറിന്‍റെ സമീപനം വ്യക്തമാക്കുന്നതാണ് മധുവധക്കേസിലെ നിലപാട്.

തിരുവനന്തപുരം: ആൾകൂട്ട ആക്രമണത്തില്‍ കൊല്ലപ്പെട്ട ആദിവാസി യുവാവ് മധുവിന്‍റെ കുടുംബത്തിന് നീതി ഉറപ്പാക്കുന്നതില്‍ സംസ്ഥാന സര്‍ക്കാര്‍ പരാജയമാണെന്ന് കെപിസിസി പ്രസിഡന്‍റ്  കെ സുധാകരന്‍ എംപി. മധുവിനെ അതിക്രൂരമായി കൊലപ്പെടുത്തിയ കേസില്‍ സാക്ഷികള്‍ തുടര്‍ച്ചയായി കൂറുമാറുന്നത് നിയമവ്യവസ്ഥയ്ക്കും ഭരണസംവിധാനത്തിനും അപമാനകരമാണ്. കൂറുമാറിയവര്‍ക്കെതിരെയും അതിന് കളമൊരുക്കിയവര്‍ക്കെതിരെയും കര്‍ശനമായ നിയമനടപടി സ്വീകരിക്കുന്നതില്‍ സര്‍ക്കാര്‍ കാട്ടുന്ന അലംഭാവം ഗുരുതരമാണ്.

കുറ്റവാളികളെ രക്ഷിക്കാനുള്ള ഗൂഢനീക്കം തടയാന്‍ സര്‍ക്കാര്‍ കാര്യമായി ഒന്നും ചെയ്യുന്നില്ല. ആദിവാസി വിഭാഗത്തോടുള്ള എല്‍ഡിഎഫ് സർക്കാറിന്‍റെ സമീപനം വ്യക്തമാക്കുന്നതാണ് മധുവധക്കേസിലെ നിലപാട്. ആദിവാസി ക്ഷേമവും സുരക്ഷയും ഉറപ്പുവരുത്താന്‍ ബാധ്യസ്ഥമായ ഭരണകൂടം നിഷ്‌ക്രിയമായ മൗനം തുടരുന്നത്   ജനാധിപത്യ കേരളത്തിന് തീരാകളങ്കവും നാണക്കേടുമാണ്.  ജാമ്യത്തിലിറങ്ങിയ പ്രതികള്‍ സാക്ഷികളെ സ്വാധീനിക്കുന്നുവെന്ന് വ്യക്തമായിട്ടും അവരുടെ ജാമ്യം റദ്ദാക്കാനുള്ള നടപടികള്‍ സ്വീകരിക്കാതിരുന്നതാണ് ഇത്തരം ഒരു സാഹചര്യത്തിന് കാരണം.

മനുഷ്യമനസാക്ഷിയെ നടുക്കിയ മധുവിന്‍റെ കൊലപാതകം നടന്നിട്ട് നാലുവര്‍ഷം കഴിഞ്ഞിട്ടും വിചാരണ നടപടികള്‍ പൂര്‍ത്തിയാക്കി പ്രതികള്‍ക്ക് ശിക്ഷ ഉറപ്പാക്കാന്‍ കഴിയാത്തത് ആ കുടുംബത്തോട് കാട്ടിയ കൊടിയ വഞ്ചനയും അനീതിയുമാണെന്നും എത്രയും വേഗം ആ കുടുംബത്തിന് നീതി ലഭ്യമാക്കാനുള്ള നടപടികള്‍ സ്വീകരിക്കണമെന്നും സുധാകരന്‍ ആവശ്യപ്പെട്ടു.

അതേസമയം അട്ടപ്പാടി മധുകൊലക്കേസ് പ്രതികളുടെ ജാമ്യം റദ്ദാക്കണമെന്ന ഹർജി കോടതി ഈ മാസം 16ലേക്ക് മാറ്റി. മണ്ണാർക്കാട് എസ്‍സി-എസ്ടി കോടതിയുടേതാണ് നടപടി. സാക്ഷി വിസ്താരം ഇനി ഹർജി പരിഗണിച്ച ശേഷം മാത്രമേ ഉണ്ടാകൂ. പ്രതികൾ സാക്ഷികളെ സ്വാധീനിച്ചതിനാൽ ജാമ്യം റദ്ദാക്കണം എന്നായിരുന്നു പ്രോസിക്യൂഷൻ ആവശ്യം. ഈ വാദം സാധൂകരിക്കുന്ന രേഖകൾ പ്രോസിക്യൂഷൻ കോടതിയിൽ ഹാജരാക്കി.

അട്ടപ്പാടി മധു കേസ്: കുടുംബത്തെ ഭീഷണിപ്പെടുത്തിയെന്ന പരാതിയിൽ ഒരാൾ കസ്റ്റഡിയിൽ

ഇതിനിടെ അട്ടപ്പാടിയിൽ ആൾക്കൂട്ട മ‍ർദ്ദനത്തിൽ കൊല്ലപ്പെട്ട മധുവിന്റെ കുടുംബത്തെ ഭീഷണിപ്പെടുത്തിയ കേസിൽ ഒരാൾ കസ്റ്റഡിയിലായിട്ടുണ്ട്. മധുവിന്റെ അമ്മയെ ഭീഷണിപ്പെടുത്തിയ പ്രതി അബ്ബാസിന്റെ ഡ്രൈവർ ഷിഫാനെയാണ് കസ്റ്റഡിയിൽ എടുത്തത്. അട്ടപ്പാടിയിലെ ഒറ്റമൂലി ചികിത്സാ കേന്ദ്രമായ വള്ളിയമ്മ ഗുരുകുലത്തിൽ നിന്നാണ് ഷിഫാനെ കസ്റ്റഡിയിൽ എടുത്തത്. രഹസ്യ വിവരത്തെ തുടർന്ന് അഗളി ഡിവൈഎസ്പിയുടെ നേതൃത്വത്തിൽ നടത്തിയ പരിശോധനയിൽ ആണ് ഷിഫാൻ പിടിയിലായത്. ഒറ്റമൂലി ചികിത്സാ കേന്ദ്രത്തിൽ നിന്ന് മതിയായ രേഖകൾ ഇല്ലാത്ത 36 ലക്ഷം രൂപ പൊലീസ് പിടികൂടി. സാക്ഷികളെ സ്വാധീനിക്കാൻ എത്തിച്ച പണമാണ് ഇതെന്നാണ് സംശയം.

മധുകൊലക്കേസ് : പ്രതികളുടെ ജാമ്യം റദ്ദാക്കണമെന്ന ഹർജി 16 ലേക്ക് മാറ്റി,സാക്ഷി വിസ്താരം ഹർജി പരി​ഗണിച്ചശേഷം

PREV

കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ  എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ.  Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

Read more Articles on
click me!

Recommended Stories

ശബരിമലയിലെ കൊടിമര പുനഃപ്രതിഷ്ഠ ദേവപ്രശ്ന വിധി പ്രകാരം; തീരുമാനമെടുത്തത് എം പി ഗോവിന്ദന്‍ നായരുടെ ബോര്‍ഡ്
ആദ്യ ചർച്ചയിൽ കൂടുതൽ സീറ്റ് ആവശ്യപ്പെടാതെ ലീഗ്; മണ്ഡലങ്ങൾ വച്ചുമാറും, ചർച്ച തുടങ്ങി യുഡിഎഫ്