
പാലക്കാട് : അട്ടപ്പാടിയിൽ കൊല്ലപ്പെട്ട മധുവിന് പൊലീസ് കസ്റ്റഡിയിലിരിക്കെ യാതൊരു മാനസിക- ശാരീരിക പീഡനവും ഏറ്റിട്ടില്ലെന്ന് കോടതിയിലും ആവർത്തിച്ച് മണ്ണാർക്കാട് മജിസ്ട്രേറ്റ് ആയിരുന്ന എം രമേശൻ. മണ്ണാർക്കാട് എസ് സി എസ് ടി കോടതി വിസ്തരിക്കുന്നതിനിടയിലാണ് രമേശൻ ഇക്കാര്യം അറിയിച്ചത്. പീഡനം ഏറ്റതിന്റെ യാതൊരു തെളിവും ഉണ്ടായിരുന്നില്ല. കസ്റ്റഡിയിലിരിക്കെയാണ് മരണം സംഭവിച്ചത്. എന്നാൽ കസ്റ്റഡി മരണമല്ലെന്നും രമേശൻ പറഞ്ഞു.
മധുവിൻ്റേത് കസ്റ്റഡി മരണമല്ലെന്നാണ് അന്നത്തെ മജിസ്ട്രേറ്റ് ആയിരുന്ന രമേശൻ തയ്യാറാക്കിയ മജിസ്റ്റീരിയൽ റിപ്പോർട്ടിൽ വ്യക്തമാക്കിയിരുന്നത്. എന്നാൽ ഈ റിപ്പോർട്ട് കേസ് ഫയലിനൊപ്പം കോടതിയിൽ ഹാജരാക്കിയിരുന്നില്ല. ഇത് ചൂണ്ടിക്കാട്ടിയ പ്രോസിക്യൂഷൻ, റിപ്പോർട്ട് ഹാജരാക്കാൻ ആവശ്യപ്പെട്ട് കോടതിയിൽ ഹർജി നൽകി. ഇതോടെ നാല് വർഷം മുമ്പ് തയ്യാറാക്കിയ രണ്ട് മജിസ്ടീരിയൽ റിപ്പോർട്ടും കോടതി വിളിച്ച് വരുത്തി. ഒപ്പം മജിസ്ട്രേറ്റ് എം രമേശനോട് സ്തരിക്കാൻ നവംബർ ഒമ്പതിന് ഹാജരാകാനും കോടതി നിർദ്ദേശം നൽകുകയായിരുന്നു.
അതേസമയം മധുവിനെ കസ്റ്റഡിയിൽ എടുക്കുമ്പോൾ പൂർത്തിയാക്കേണ്ട നടപടിക്രമങ്ങൾ പൊലീസ് പാലിച്ചില്ലെന്ന് പ്രതിഭാഗം ചൂണ്ടിക്കാട്ടി. ദേഹപരിശോധന അടക്കം നടത്തിയിട്ടില്ല. പൊലീസ് തയ്യാറാക്കിയത് വ്യാജ പരിശോധ റിപ്പോർട്ടെന്നും പ്രതിഭാഗം ആരോപിച്ചു. സംഭവ സമയത്ത് പോലീസ് ഇൻസ്പെക്ഷൻ റിപ്പോർട്ട് തയ്യാറാക്കിയിട്ടുണ്ടോ എന്ന് പ്രതിഭാഗം ചോദിച്ചു. എന്നാൽ പൊലീസിന്റെ ഇൻസ്പെക്ഷൻ റിപ്പോർട്ട് പരിശോധിക്കേണ്ട ആവശ്യം വന്നില്ല എന്നായിരുന്നു മജിസ്റ്റീരിയൽ അന്വേഷണ കമ്മീഷന്റെ മൊഴി.
മജിസ്ട്രീരിയൽ റിപ്പോർട്ട് കുറ്റക്കാരായ പൊലീസ് ഉദ്യോഗസ്ഥരെ സഹായിക്കാൻ മാത്രമെന്ന് പ്രതിഭാഗം വാദിച്ചു. കൃത്യമായ തെളിവുകൾ ശേഖരിച്ചില്ല. അവശനായ മധുവിനെ തൊട്ടടുത്ത ആശുപത്രിയിൽ എത്തിക്കാത്തത് കസ്റ്റഡി മരണമെന്നതിന് തെളിവെന്നും പ്രതിഭാഗം. അവശനായ മധുവിനെ തൊട്ടടുത്ത് ആശുപത്രി ഉണ്ടായിരുന്നെങ്കിൽ പൊലീസ് കാണിക്കുമായിരുന്നു എന്നാണ് വിശ്വാസമെന്ന് മുൻ മജിസ്ട്രേറ്റ് മറുപടി നൽകി. ഇല്ലെങ്കിൽ അത് പൊലീസിൻ്റെ വീഴ്ചയെന്നും മുൻ മജിസ്ട്രേറ്റ് രമേശൻ പറഞ്ഞു. 2018 ഫെബ്രുവരി 22ന് 3.30നും 4.15നും ഇടയിലാണ് മധുവിൻ്റെ മരണമെന്ന് രമേശൻ അറിയിച്ചു. എഫ്ഐആർ തയ്യാറാക്കാൻ വൈകിയത് പൊലീസിൻ്റെ വീഴ്ചയല്ലെന്നും എഫ്ഐആർ തയ്യാറാക്കുന്നതിന് ഒരു മണിക്കൂർ മുമ്പേ മധു മരിച്ചതായി ഡോക്ടറുടെ രേഖയുണ്ടെന്നും രമേശൻ പറഞ്ഞു.
Read More : 'മധുവിൻ്റേത് കസ്റ്റഡി മരണമല്ല', മജിസ്റ്റീരിയൽ റിപ്പോർട്ടിലെ വിവരങ്ങൾ പുറത്ത്
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam