
കാസര്‍കോട്: എടച്ചാക്കൈ കൊക്കോകടവിലെ വാഹനാപകടത്തെ തുടര്‍ന്നുണ്ടായ അനിഷ്ട സംഭവങ്ങളുടെ സിസിടിവി ദൃശ്യങ്ങളില്‍ ചിലത് നശിപ്പിച്ചതായി പരാതി. ഒന്നിലധികം തവണ വാഹനമിടിപ്പിച്ച് അപായപ്പെടുത്താൻ ശ്രമിച്ചിട്ടും പൊലീസ് കേസെടുക്കുന്നില്ലെന്ന് പയ്യന്നൂര്‍ സ്വദേശി ഷിഫാന പരാതിപ്പെട്ടിരുന്നു. സിസിടിവി ദൃശ്യങ്ങള്‍ നശിപ്പിക്കപ്പെട്ടത് സംബന്ധിച്ച് അന്വേഷണം വേണമെന്നാണ് ആവശ്യം.
കഴിഞ്ഞ തിങ്കളാഴ്ചയാണ് എടച്ചാക്കൈ കൊക്കോകടവില്‍ വച്ച് പയ്യന്നൂര്‍ തായിനേരി സ്വദേശി റംഷാദും എടച്ചാക്കൈ സ്വദേശി സുറൂര്‍ റഹ്മാനും ഓടിച്ച കാറുകള്‍ തമ്മില്‍ ഇടിച്ചത്. ഇതിനെ തുടര്‍ന്ന് പരസ്പരം കയ്യേറ്റമുണ്ടായി. റംഷാദിന്‍റെ ഭാര്യ ഷിഫാനയും രണ്ട് ചെറിയ കുട്ടികളും ഉണ്ടായിരുന്ന കാറിന് പുറകില്‍ ഒന്നിലധികം തവണ ഇടിപ്പിച്ചെന്നും പരിക്കേറ്റിട്ടും പൊലീസ് പരാതി സ്വീകരിക്കുന്നില്ലെന്നും ഏഷ്യാനെറ്റ് ന്യൂസിനോട് വെളിപ്പെടുത്തിയിരുന്നു. സംഭവത്തിന്‍റെ സിസി ടിവി ദൃശ്യങ്ങളില്‍ ചില ഭാഗങ്ങള്‍ ഡിലിറ്റ് ചെയ്ത നിലയിലാണെന്നാന്നും ഇത് ചിലരെ സഹായിക്കാനാണെന്ന് സംശയിക്കുന്നതായും പരാതി ഉയര്‍ന്നു.
പരിക്കേറ്റ് ചെറുവത്തൂരിലെ സ്വകാര്യ ആശുപത്രിയില്‍ കഴിയുന്നതിനിടെ റംഷാദിനെ പൊലീസ് കസ്റ്റഡിയില്‍ എടുത്ത് കൊണ്ട് പോയതിനെതിരെ ചികിത്സിച്ച ഡോക്ടറും രംഗത്തെത്തി. അതേസമയം സുറൂര്‍ റഹ്മാനെ ഗുരുതരമായി ആക്രമിക്കുകയായിരുന്നുവെന്ന് ബന്ധുക്കള്‍ പറയുന്നു. കൂട്ടമായുള്ള ആക്രമണത്തില്‍ സുറൂര്‍ റഹ്മാന്‍റെ ഒരു കണ്ണിന്‍റെ കാഴ്ച ശക്തിക്ക് തകരാര്‍ സംഭവിച്ചിട്ടുണ്ടെന്നും ഇവര്‍ വ്യക്തമാക്കി.
Read Also: 'കുട്ടികളുടെ നഗ്നചിത്രങ്ങളും ദൃശ്യങ്ങളും തിരയുന്നവർ'; ഓപ്പറേഷൻ പി ഹണ്ടിൽ 12 പേർ പിടിയിൽ