
പാലക്കാട്: കൊഴിഞ്ഞാമ്പാറയിൽ ജ്യോത്സ്യനെ കെണിയിൽപെടുത്തി ലക്ഷങ്ങൾ തട്ടാൻ ശ്രമിച്ച സംഭവത്തിൽ രണ്ട് പേർ കൂടി പിടിയിൽ. കൊല്ലങ്കോട് സ്വദേശി പ്രഭു (35), പുതുശ്ശേരി സ്വദേശി സരിത എന്ന സംഗീത (43) എന്നിവരാണ് പിടിയിലായത്. സരിതയെ പാലക്കാട്ടിലെ ഒരു ലോഡ്ജിൽ നിന്നും സുനിൽകുമാറിനെ കൊല്ലങ്കോട് നിന്നുമാണ് പിടികൂടിയത്. ഇതോടെ സംഭവത്തിൽ പിടിയിലായവരുടെ എണ്ണം അഞ്ചായി. ഇനിയും നിരവധി പേർ സംഭവത്തിൽ നേരിട്ടും ഗൂഢാലോചനയിലുമായി ഉൾപ്പെട്ടിട്ടുണ്ടെന്ന് കൊഴിഞ്ഞാമ്പാറ പൊലീസ് പറഞ്ഞു.
കൊഴിഞ്ഞാമ്പാറ, കല്ലാണ്ടിച്ചള്ളയിലെ വീട് കേന്ദ്രീകരിച്ച് നടത്തിയ ഹണിട്രാപ്പില്‍ മലപ്പുറം, മഞ്ചേരി സ്വദേശിനി ഗൂഡലൂർ താമസിക്കുന്ന മൈമുന (44), കുറ്റിപ്പള്ളം, പാറക്കാൽ എസ്. ശ്രീജേഷ് (24), നല്ലേപ്പിള്ളി സ്വദേശി രഞ്ജിത്ത് എന്നിവരെയാണ് കഴിഞ്ഞ ദിവസം കൊഴിഞ്ഞാമ്പാറ പൊലീസ് പിടികൂടിയത്. കഴിഞ്ഞ ബുധനാഴ്ച ഉച്ചയോടെയാണ് സംഭവം. കൊല്ലങ്കോട് സ്വദേശിയായ ജ്യോത്സ്യനാണ് തട്ടിപ്പിനിരയായത്.
സംഭവത്തെക്കുറിച്ച് പൊലീസ് പറയുന്നത് ഇങ്ങനെ: ചൊവ്വാഴ്ച വൈകുന്നേരം മൈമുനയും മറ്റൊരു യുവാവും ചേർന്ന് കൊല്ലങ്കോട്ടിലെ ജോത്സ്യന്റെ വീട്ടിലെത്തി. താൻ ഭർത്താവുമായി പിണങ്ങി കഴിയുകയാണെന്നും വീട്ടിൽ ചില പ്രശ്നങ്ങൾ ഉണ്ടെന്നും പൂജ ചെയ്ത് പരിഹാരം കാണണമെന്നും പറഞ്ഞ് വീട്ടിലേക്ക് ക്ഷണിച്ചു. അതനുസരിച്ച് ബുധനാഴ്ച രാവിലെ 11 മണിയോടെ കൊഴിഞ്ഞാമ്പാറയിൽ എത്തിയ ജോത്സ്യനെ രണ്ട് യുവാക്കൾ ചേർന്ന് കല്ലാണ്ടിച്ച ള്ളയിലെ വീട്ടിലേക്ക് കൂട്ടിക്കൊണ്ടു പോയി. കൊലപാതകം ഉൾപ്പെടെ വിവിധ സ്റ്റേഷനുകളിൽ നിരവധി ക്രിമിനൽ കേസുകളിൽ പ്രതിയായ എൻ.പ്രതീഷിന്‍റെ (37) വീട്ടിലേക്കാണ് കൊണ്ടുപോയത്.
പൂജ ചെയ്യുന്നതിനുള്ള ഒരുക്കങ്ങൾക്കിടെ പ്രതീഷ് അസഭ്യം പറഞ്ഞ് ജോത്സ്യനെ മുറിയിലേക്ക് കൂട്ടിക്കൊണ്ടു പോവുകയും മർദ്ദിച്ച് വിവസ്ത്രനാക്കുകയും ചെയ്തു. ശേഷം നഗ്നയായി മുറിയിലെത്തിയ മൈമുനയെ ജ്യോത്സ്യനൊപ്പം നിർത്തി ഫോട്ടോയും വീഡിയോയും ചിത്രീകരിച്ചു. ശേഷം ജ്യോത്സ്യന്‍റെ കഴുത്തിലുണ്ടായിരുന്ന നാലര പവൻ വരുന്ന സ്വർണ്ണ മാലയും മൊബൈൽ ഫോണും , 2000 രൂപയും കൈക്കലാക്കി.
ഇതിന് പുറമേ ഇരുപത് ലക്ഷം രൂപ ആവശ്യപ്പെടുകയും തന്നില്ലെങ്കിൽ സമൂഹമാധ്യമങ്ങളിലും ബന്ധുക്കൾക്കും അയച്ചുകൊടുക്കുമെന്നും പ്രതികൾ ജോത്സ്യനെ ഭീഷണിപ്പെടുത്തി. അല്പ സമയത്തിനുശേഷം ഇവർ പുറത്തുപോയ തക്കത്തിന് പുറകുവശത്തെ വാതിലിലൂടെ ഓടി രക്ഷപ്പെടുകയായിരുന്നു എന്നാണ് ജോത്സ്യൻ കൊഴിഞ്ഞാമ്പാറ പൊലീസിൽ നൽകിയ മൊഴിയിൽ പറയുന്നത്.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam