
കൊച്ചി: എറണാകുളം വാഴക്കുളത്ത് എടിഎം തകർത്ത് പണം തട്ടാൻ ശ്രമം. ഫെഡറൽ ബാങ്കിന്റെ എടിഎമ്മിൽ പുലർച്ചെ ഒന്നരയോടെയാണ് മോഷണശ്രമം നടന്നത്. എടിഎം മെഷിൻ പുറത്തേക്ക് എടുത്തുകൊണ്ടുപോയി സമീപത്തെ പറമ്പിൽ എത്തിച്ചാണ് കവർച്ചാ ശ്രമം നടത്തിയിരിക്കുന്നത്.
എടിഎം കൗണ്ടറിലെത്തിയ മോഷ്ടാക്കൾ അഞ്ച് സെക്കന്‍റിനുള്ളിൽ കൗണ്ടറിലെ സിസിടിവി ക്യാമറകൾ മറച്ചു. തുടർന്ന് കമ്പിപ്പാരകൊണ്ട് എടിഎം മെഷിൻ കുത്തിയിളക്കിയശേഷം എടുത്ത് കൊണ്ടുപോവുകയായിരുന്നു. അടുത്തുള്ള പറമ്പിലിട്ട് മെഷിൻ തകർത്ത് പണമെടുക്കാൻ ശ്രമിച്ചെങ്കിലും സാധിച്ചില്ല. കവർച്ച ശ്രമത്തിനിടെ മെഷിനിന്‍റെ പിടി ഇളകിപ്പോന്നതോടെ മോഷ്ടാക്കൾ എടിഎം മെഷിൻ ഉപേക്ഷിച്ച് കടന്ന് കളയുകയായിരുന്നുവെന്ന് പൊലീസ് പറഞ്ഞു. ആറ് ലക്ഷം രൂപയാണ് എടിഎം മെഷീനിൽ ഉണ്ടായിരുന്നതെന്ന് ബാങ്ക് അധികൃതർ പറഞ്ഞു.
എടിഎം കൗണ്ടറിലെ പണം നിക്ഷേപിക്കുന്ന സിഡിഎം മെഷിൻ തകർക്കാനും ശ്രമം നടന്നിട്ടുണ്ട്. സിഡിഎമ്മിൽ 20 ലക്ഷം രൂപയുണ്ടായിരുന്നു. സിസിടിവിയിൽ കവർച്ച സംഘത്തിലെ മൂന്ന് പേരുടെ ദൃശ്യങ്ങൾ പതിഞ്ഞിട്ടുണ്ട്. വിദഗ്ധരായ മോഷ്ടാക്കളല്ല കവർച്ച ശ്രമത്തിന് പിന്നിലെന്നാണ് പൊലീസിന്‍റെ പ്രാഥമിക നിഗമനം. മോഷ്ടാക്കൾ എടിഎം മെഷിൻ ഗ്യാസ് കട്ടർ ഉപയോഗിച്ച് മുറിക്കുകയോ ഇളക്കിയെടുത്ത മെഷിൻ വാഹനത്തിൽ കയറ്റി കൊണ്ടുപോകാന്‍ ശ്രമിക്കുകയോ ചെയ്തിട്ടില്ലെന്നും പൊലീസ് പറഞ്ഞു. സമീപത്തെ കടകളിലെയും സ്ഥാപനങ്ങളിലും സിസിടിവി ദൃശ്യങ്ങൾ അടിസ്ഥാനമാക്കി ആദ്യഘട്ട അന്വേഷണം പുരോഗമിക്കുകയാണെന്നും പൊലീസ് വ്യക്തമാക്കി.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam