പാലാരിവട്ടം മേല്‍പ്പാലം അഴിമതിക്കേസ്; മുൻ മന്ത്രി ഇബ്രാഹിം കുഞ്ഞിനെ വിജിലൻസ് ചോദ്യം ചെയ്തു

By Web TeamFirst Published Aug 22, 2019, 1:54 PM IST
Highlights

വിജിലൻസ് ഓഫീസിൽ വിളിച്ച് വരുത്തിയാണ് ഇബ്രാഹിം കുഞ്ഞിനെ ചോദ്യം ചെയ്യുന്നത്. പ്രാഥമിക അന്വേഷണത്തിന്‍റെ ഭാഗമായാണ് നടപടി. 

കൊച്ചി: പാലാവരിവട്ടം മേല്‍പ്പാലം അഴിമതിക്കേസില്‍ മുന്‍ പൊതുമരാമത്ത് മന്ത്രി വി കെ ഇബ്രാഹിം കുഞ്ഞിനെ വിജിലന്‍സ് സംഘം ചോദ്യം ചെയ്തു. കൊച്ചിയിലെ വിജിലൻസ് ഓഫീസില്‍ വിളിച്ചു വരുത്തിയായിരുന്നു ചോദ്യം ചെയ്യല്‍. ചോദ്യം ചെയ്യല്‍ രണ്ട് മണിക്കൂര്‍ നീണ്ടുനിന്നു. പ്രാഥമിക അന്വേഷണത്തിന്‍റെ ഭാഗമായിട്ടായിരുന്നു നടപടി. സത്യസന്ധമായി മൊഴി നല്‍കിയിട്ടുണ്ടെന്ന് ചോദ്യം ചെയ്യലിന് ശേഷം ഇബ്രാഹിം കുഞ്ഞ് പ്രതികരിച്ചു.

കഴിഞ്ഞ യുഡിഎഫ് സര്‍ക്കാരിന്‍റെ കാലത്ത്, ദേശീയ പാത വിഭാഗത്തെ ഒഴിവാക്കിയാണ് റോഡ്സ് ആന്‍റ് ബ്രി‍ഡ്ജസ് ഡെവലപ്മെന്‍റ് കോര്‍പറേഷന് പാലത്തിന്‍റെ നിര്‍മ്മാണ ചുമതല നല്‍കിയത്. അഴിമതിക്ക് കളമൊരുക്കാനാണ് ഇത്തരം ഒരു തീരുമാനം എടുത്തതെന്ന് ആരോപണം ഉയര്‍ന്നിരുന്നു. ഇത് സംബന്ധിച്ച വിശദാംശങ്ങളാണ് വിജിലന്‍സ് സംഘം ചോദിച്ചറിഞ്ഞത്. നിര്‍മ്മാണ കരാര്‍ നല്‍കിയ ആര്‍ഡിഎസ് പ്രൊജക്ട്സ് എംഡി സുമിത് ഗോയല്‍ ഉള്‍പ്പെടെ 17 പേരെ പ്രതികളാക്കി നേരത്തെ വിജിലന്‍സ് കേസ് രജിസ്റ്റര്‍ ചെയ്തിരുന്നു.

പാലാരിവട്ടം മേല്‍പ്പാല നിര്‍മ്മാണത്തിലെ അഴിമതിയുമായി ബന്ധപ്പെട്ട് ചിലരെ ചോദ്യം ചെയ്യേണ്ടതുണ്ടെന്ന് അന്വേഷണസംഘം മൂവാറ്റുപുഴ വിജിലന്‍സ് കോടതിയെ നേരത്തെ അറിയിച്ചിരുന്നു. ഇതിനുപിന്നാലെയാണ് ഇബ്രാഹിം കുഞ്ഞിനെ വിജിലന്‍സ് സംഘം ചോദ്യം ചെയ്തത്. അഴിമതിയില്‍ തനിക്ക് പങ്കില്ലെന്നും ആരോപണങ്ങള്‍ രാഷ്ട്രീയ പ്രേരിതമാണെന്നും ചോദ്യം ചെയ്യലിന് ശേഷം ഇബ്രാഹിം കുഞ്ഞ് പ്രതികരിച്ചു.

 

click me!