
പത്തനംതിട്ട: കൊറോണ വൈറസ് ബാധിച്ച മൂന്നംഗ പ്രവാസി കുടുംബവും ഇവരുടെ ബന്ധുക്കളായ രണ്ട് പേരുമായും ഇടപെട്ടവരെ കണ്ടെത്താനുള്ള ശ്രമങ്ങള്‍ ആരോഗ്യവകുപ്പ് ആരംഭിച്ചു. വെനീസില്‍ നിന്നു ദോഹയിലേക്കും അവിടെ നിന്നും കൊച്ചിയിലേക്കും വിമാനത്തില്‍ സഞ്ചരിച്ച് മാര്‍ച്ച് ഒന്നിന് കോട്ടയത്ത് എത്തിയ പ്രവാസി കുടുംബം പിന്നീട് കോട്ടയം, കൊല്ലം ജില്ലകളിലും സഞ്ചരിച്ചതായി ആരോഗ്യവകുപ്പ് ഇപ്പോള്‍ കണ്ടെത്തിയിട്ടുണ്ട്. ദോഹ-കൊച്ചി വിമാനത്തില്‍ മാത്രം ഇവര്‍ക്കൊപ്പം 350-പേരാണ് സഞ്ചരിച്ചത്.
ഫെബ്രുവരി 29-ന് വെനീസില്‍ നിന്നും പുറപ്പെട്ട രോഗബാധിതര്‍ മാര്‍ച്ച് ആറാം തീയതിയാണ് അധികൃതരുടെ നിര്‍ബന്ധം മൂലം ആശുപത്രിയില്‍ അഡ്മിറ്റായത്. നാട്ടിലുണ്ടായിരുന്ന ദിവസങ്ങളില്‍ ഇവര്‍ എവിടെയെല്ലാം പോയി ആരെയെല്ലാം കണ്ടു എന്ന വിവരങ്ങള്‍ കണ്ടെത്താനായി വിപുലമായ സംവിധാനങ്ങളാണ് ഒരുക്കിയിരിക്കുന്നത്. നാട്ടിലെത്തി പനി ബാധിച്ചതിനെ തുടര്‍ന്ന് ഇവര്‍ റാന്നിയിലെ ഒരു സ്വകാര്യ ആശുപത്രിയില്‍ എത്തി ചികിത്സ തേടിയിരുന്നു. എന്നാല്‍ വിദേശത്ത് നിന്നും വന്നവരാണെന്ന് ഇവര്‍ ഡോക്ടറെ അറിയിച്ചില്ല. ആശുപത്രിയില്‍ വച്ച് ഇവരെ പരിചരിച്ച ഡോക്ടര്‍ക്കും രണ്ട് നഴ്‍സുമാര്‍ക്കും ഇപ്പോള്‍ അവധി നല്‍കി മാറ്റി നിര്‍ത്തിയിരിക്കുകയാണ്.
അഞ്ച് പേര്‍ക്ക് വൈറസ് ബാധ സ്ഥിരീകരിച്ചതിന് പിന്നാലെ പത്തനംതിട്ട ജില്ലയില്‍ അതീവജാഗ്രത പ്രഖ്യാപിച്ചിട്ടുണ്ട്. വനിതാദിന പരിപാടികളടക്കം ജില്ലയിലെ എല്ലാ പൊതുപരിപാടികളും റദ്ദാക്കിയതായി ജില്ലാ കളക്ടര്‍ പിബി നൂഹ് അറിയിച്ചു. മതപരമായ കൂടിചേരലുകളും ഒഴിവാക്കണമെന്ന് ജില്ലാകളക്ടര്‍ അഭ്യര്‍ത്ഥിച്ചു. നാട്ടിലെത്തിയ രോഗബാധിതര്‍ പുനലൂരിലേയും കോട്ടയത്തേയും ബന്ധു വീടുകളില്‍ പോയതായി അന്വേഷണത്തില്‍ കണ്ടെത്തിയിട്ടുണ്ട്. പത്തനംതിട്ട എസ്പിയുടെ ഓഫീസിലും ഇവരെത്തിയിരുന്നു. ഇവര്‍ എത്തിയ സ്ഥലങ്ങളില്‍ നിന്നും ഇടപഴകിയ ആളുകളില്‍ നിന്നും ആരോഗ്യവകുപ്പ് വിവരം ശേഖരിക്കുന്നുണ്ട്.
രോഗബാധിതരുമായി ഇടപെട്ടവരെ കണ്ടെത്താനും അവരുടെ ആരോഗ്യനില പരിശോധിക്കാനുമായി എട്ട് ടീമുകളെയാണ് ചുമതലപ്പെടുത്തിയിരിക്കുന്നത്. ഏഴ് പേരാവും ഒരോ ടീമിലും ഉണ്ടാവുക. ഇതില്‍ രണ്ട് പേര്‍ ഡോക്ടര്‍മാരാവും. .ഈ ടീമുകളെ ഉപയോഗിച്ച് ഇന്ന് വൈകുന്നേരത്തോടെ രോഗബാധ സ്ഥിരീകരിച്ചവരുമായി ഇടപഴകിയ മുഴുവന്‍ പേരേയും കണ്ടെത്താനും ഇവരെ വീടുകളില്‍ നിരീക്ഷണത്തില്‍ നിര്‍ത്താനും സാധിക്കും എന്നാണ് പ്രതീക്ഷിക്കുന്നത്. നിലവിലെ സാഹചര്യം നിയന്ത്രണവിധേയമാണ്.
രോഗബാധിതരുമായി ഇടപെട്ടവര്‍ സ്വന്തം ആരോഗ്യനില ശ്രദ്ധിക്കണമെന്നും എന്തെങ്കിലും രോഗലക്ഷണങ്ങള്‍ ഉണ്ടെങ്കില്‍ അധികൃതരെ അറിയിക്കണമെന്നും പത്തനംതിട്ട ജില്ലാ കളക്ടര്‍ പിബി നൂഹ് അറിയിച്ചു. രോഗബാധ സ്ഥിരീകരിച്ച സാഹചര്യത്തില്‍ പൊതുപരിപാടികള്‍ തത്കാലത്തേക്ക് നീട്ടിവയ്ക്കണമെന്നും പത്തനംതിട്ട ജില്ലാ കളക്ടര്‍ അറിയിച്ചു.
ഇറ്റലിയില്‍ നിന്നും വന്ന 56,53 വയസുള്ള ദമ്പതിമാര്‍ ഇവരുടെ 24 വയസുള്ള മകന്‍. ഇവരുടെ അടുത്ത ബന്ധുവും അയല്‍വാസികളുമായ 65-കാരനും 61 വയസുള്ള സ്ത്രീയും... ഇങ്ങനെ അഞ്ച് പേര്‍ക്കാണ് വൈറസ് ബാധ സ്ഥിരീകരിച്ചത്. നിലവില്‍ പത്തനംതിട്ട ജനറല്‍ ആശുപത്രിയിലെ ഐസോലെേഷന്‍ വാര്‍ഡില്‍ കഴിയുന്ന അഞ്ച് പേരുടേയും ആരോഗ്യനില തൃപ്തികരമാണ്.
ഇറ്റലിയില്‍ നിന്നും വന്ന പ്രവാസി കുടുംബത്തിന്‍റെ വീട്ടില്‍ 90 വയസിന് മേലെ പ്രായമുള്ള മുത്തശ്ശനും മുത്തശ്ശിയുമുണ്ട്. ഇവര്‍ക്ക് വൈറസ് ബാധ ഇതുവരെ സ്ഥിരീകരിച്ചിട്ടില്ല. എന്നാല്‍ പ്രായമേറിയ ആളുകളായതിനാല്‍ ഇവരെ നിരീക്ഷണത്തിനായി കോട്ടയം മെഡിക്കല്‍ കോളജിലേക്ക് മാറ്റുമെന്ന് ആരോഗ്യമന്ത്രി അറിയിച്ചു. രോഗബാധ സ്ഥിരീകരിച്ച അഞ്ച് പേരുടേയും പരിശോധന ഫലം ഇന്നലെ രാത്രിയോടെയാണ് ലഭിച്ചത്. രാത്രി തന്നെ ആരോഗ്യവകുപ്പ് സെക്രട്ടറിയുടെ നേതൃത്വത്തില്‍ പ്രത്യേക വീഡിയോ കോണ്‍ഫറന്‍സ് ചേര്‍ന്ന് അടിയന്തര നടപടികള്‍ ചര്‍ച്ച ചെയ്തു.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam