ശബ്ദരേഖ വിവാദത്തിൽ നടപടി: ഡിവൈഎഫ്ഐ തൃശൂർ ജില്ലാ സെക്രട്ടറിയെ മാറ്റി, വിപി ശരത് പ്രസാദിനെ തരംതാഴ്ത്തി

Published : Sep 24, 2025, 08:59 PM IST
DYFI Thrissur Secretary

Synopsis

കൂറ്ററാൽ ബ്രാഞ്ചിലേയ്ക്കാണ് തരം താഴ്ത്തിയത്. തിരഞ്ഞെടുക്കപ്പെട്ട സ്ഥാനങ്ങളിൽ നിന്നും ശരതിനെ നീക്കുകയും ചെയ്തു. നിലവിൽ സിപിഎം ജില്ലാ കമ്മിറ്റി അംഗമാണ് ശരത് പ്രസാദ്. 

തൃശൂർ: ‌തൃശൂർ സിപിഎമ്മിലെ പുറത്തുവന്ന ശബ്ദരേഖ വിവാദത്തിൽ നടപടിയെടുത്ത് സിപിഎം നേതൃത്വം. ഡിവൈഎഫ്ഐ തൃശൂർ ജില്ലാ സെക്രട്ടറി വിപി ശരത് പ്രസാദിനെ ജില്ലാ സെക്രട്ടറി സ്ഥാനത്തു നിന്ന് നീക്കിയെന്നാണ് റിപ്പോർട്ട്. ശരതിനെ ബ്രാഞ്ചിലേക്ക് തരംതാഴ്ത്തിയെന്നാണ് പുറത്തുവരുന്ന വിവരം. കൂറ്ററാൽ ബ്രാഞ്ചിലേയ്ക്കാണ് തരം താഴ്ത്തിയത്. തിരഞ്ഞെടുക്കപ്പെട്ട സ്ഥാനങ്ങളിൽ നിന്നും ശരതിനെ നീക്കുകയും ചെയ്തു. നിലവിൽ സിപിഎം ജില്ലാ കമ്മിറ്റി അംഗമാണ് ശരത് പ്രസാദ്. തൃശൂരിലെ മുതിർന്ന നേതാക്കളായ എംകെ കണ്ണനെതിരേയും എസി മൊയ്തീനെതിരേയും സംസാരിക്കുന്ന ശബ്ദരേഖയാണ് പുറത്ത് വന്നത്. സിപിഎം നേതാക്കൾ വലിയ ഡീലുകാരെന്നായിരുന്നു ശബ്ദ രേഖയിലെ വെളിപ്പെടുത്തൽ. ശബ്ദരേഖ പാർട്ടിയെ പ്രതിസന്ധിയിലാക്കിയിരുന്നു. ശബ്ദരേഖയിലെ പരാമർശത്തിൽ നേതാക്കൾക്ക് അമർഷമുണ്ട് എന്നാണ് പുറത്ത് വരുന്ന വിവരം.

സിപിഎം നേതാക്കൾ ഒരു ഘട്ടം കഴിഞ്ഞാൽ സാമ്പത്തികമായി ലെവൽ മാറുമെന്ന ശരത് പ്രസാദിന്റെ ശബ്ദ സന്ദേശമാണ് പുറത്ത് വന്നത്. സിപിഎം നേതാക്കൾ അവരവരുടെ കാര്യം നോക്കാൻ നല്ല മിടുക്കന്മാരാണെന്ന് ശരത് പ്രസാദ് പറയുന്നു. എം കെ കണ്ണന് കോടാനുകോടി സ്വത്തുണ്ട്. രാഷ്ട്രീയം കൊണ്ട് രക്ഷപ്പെട്ടത് എം കെ കണ്ണന്റെ കപ്പലണ്ടി കച്ചവടം ആയിരുന്നുവെന്നും ശരത് പ്രസാദിന്റെ ശബ്ദ സന്ദേശത്തിലുണ്ട്. എന്നാൽ അഞ്ച് വര്‍ഷം മുമ്പുള്ള ശബ്ദ സന്ദേശമാണ് ഇപ്പോൾ പ്രചരിക്കുന്നതെന്ന് ശരത് പ്രസാദ് ഏഷ്യാനെറ്റ് ന്യൂസിനോട് വിശദീകരിച്ചു.

സിപിഎമ്മിന് കുരുക്കായി ശബ്ദ സന്ദേശം

ഡിവൈഎഫ്ഐ തൃശൂർ ജില്ലാ സെക്രട്ടറി ശരത് പ്രസാദ് മറ്റൊരു പ്രവർത്തകനോട് പറയുന്ന ശബ്ദരേഖയാണ് പുറത്തുവന്നത്. അഞ്ച് കൊല്ലം മുമ്പ് റെക്കോർഡ് ചെയ്യപ്പെട്ട സന്ദേശമാണ് ഇതെന്ന് ശരത് പ്രസാദ് സമ്മതിച്ചിട്ടുണ്ട്. കരുവന്നൂർ തട്ടിപ്പിൽ ഉൾപ്പെട്ട് അന്വേഷണ നിഴലിൽ നിൽക്കുന്ന എ സി മൊയ്തീൻ, എം കെ കണ്ണൻ, അനൂപ് ഡേവിസ് കാട എന്നിവരെയാണ് ശരത് പ്രസാദ് പ്രതിക്കൂട്ടിൽ നിർത്തുന്നത്. സിപിഎം നേതാക്കൾ സമ്പത്ത് ഉണ്ടാക്കുന്നതിനെ പറ്റിയും ശരത്ത് വിശദീകരിക്കുന്നുണ്ട്. പ്രതിമാസം ഏരിയ സെക്രട്ടറിക്ക് പതിനായിരം സമ്പാദിക്കാൻ ആയാൽ സംസ്ഥാന കമ്മിറ്റി അംഗത്തിന് അത് ഒരു ലക്ഷം വരെ ആണെന്നും ശരത്ത് പറയുന്നു. കപ്പലണ്ടി കച്ചവടം നടത്തിയ എം കെ കണ്ണൻ ശതകോടീശ്വരനായ രാഷ്ട്രീയം കൊണ്ടാണെന്നും ശരത്ത് പറയുന്നു. എസി മൊയ്തീനെ അപ്പർ ക്ലാസ് ഡീലർ എന്നാണ് ശരത് വിശേഷിപ്പിക്കുന്നത്. ശരത് പ്രസാദ് കൂടി ഉൾപ്പെട്ട മണ്ണുത്തി സിപിഎം ഏരിയ കമ്മിറ്റി കീഴിലുള്ള ഏഴ് സഹകരണ സംഘങ്ങളിൽ സിപിഎം നേതാക്കൾ കോടികളുടെ അഴിമതി നടത്തിയെന്ന് ഡിവൈഎഫ്ഐ ജില്ലാ കമ്മിറ്റി അംഗം നിബിൻ ശ്രീനിവാസൻ കഴിഞ്ഞ ദിവസം വെളിപ്പെടുത്തിയിരുന്നു.

PREV
Read more Articles on
click me!

Recommended Stories

മുൻകൂർ ജാമ്യാപേക്ഷ ഇന്ന് പരിഗണിക്കാൻ ഹൈക്കോടതി, 10-ാം ദിവസവും ഒളിവിൽ തുടർന്ന് രാഹുൽ മാങ്കൂട്ടത്തിൽ
കൊച്ചി 'വോട്ട് ചോരി'യിൽ ജില്ലാ കളക്ടറുടെ നടപടി; വ്യാജ വോട്ട് ചേർത്തവർക്കെതിരെ ക്രിമിനിൽ കേസെടുക്കാൻ സിറ്റി പൊലീസ് കമ്മീഷണർക്ക് നിർദ്ദേശം