
ആലപ്പുഴ: ജില്ലയിൽ ഇന്നലെ കൊവിഡ് ബാധിച്ച് മരിച്ചയാളുടെ സംസ്കാരം നടത്തുന്നതിന് സ്ഥലം കണ്ടെത്താനായില്ല. കൊവിഡ് പ്രോട്ടോക്കോൾ പ്രകാരം 12 അടി താഴ്ചയിലാണ് മൃതദേഹം സംസ്കരിക്കേണ്ടത്. എന്നാൽ ഇതിന് അനുയോജ്യമായ സ്ഥലം കണ്ടെത്താൻ സാധിച്ചിട്ടില്ല. ഇതേ തുടർന്ന് ആലപ്പുഴ നഗരസഭയ്ക്ക് കീഴിലെ പൊതുശ്മശാനത്തിൽ സംസ്കാരം നടത്താൻ ധാരണയായി.
പുത്തൻ തെരുവ് സെന്റ് ഇഗ്നേഷ്യസ് പള്ളി സെമിത്തേരിയിൽ സംസ്കാരം നടത്താനായിരുന്നു തീരുമാനിച്ചിരുന്നത്. എന്നാൽ ഇവിടെ അഞ്ചടിയിൽ കൂടുതൽ കുഴിക്കാനാവില്ല. വെള്ളക്കെട്ടും മറ്റു പ്രശ്നങ്ങളും ഉണ്ടാകും. സംസ്‌കാരം നടത്താൻ ഉചിതമായ സ്ഥലം പഞ്ചായത്ത് പരിധിയിൽ ഇല്ലെന്ന് പാണ്ടനാട് പഞ്ചായത്ത് സെക്രട്ടറി ചെങ്ങന്നൂർ ആർഡിഒയ്ക്ക് റിപ്പോർട്ട് നൽകി.
സംസ്ക്കാരം സംബന്ധിച്ച അന്തിമ തീരുമാനം ജില്ലാ ഭരണകൂടം എടുക്കണമെന്ന് ചെങ്ങന്നൂർ ആർഡിഒ ആവശ്യപ്പെട്ടു. ഇതേ തുടർന്നാണ് പൊതുശ്മശാനത്തിൽ സംസ്കാരം നടത്താൻ ധാരണയായത്. മെയ് 29ന് അബുദാബിയിൽ നിന്നെത്തി ആലപ്പുഴ ജില്ലയിൽ കൊവിഡ് കെയർ സെന്ററിൽ നിരീക്ഷണത്തിലായിരുന്ന പാണ്ടനാട് തെക്കേപ്ലാശ്ശേരിൽ ജോസ് ജോയ് ആണ് മരിച്ചത്. സംസ്ഥാനത്തെ ഒമ്പതാമത്തെ കൊവിഡ് മരണമാണ് ഇത്. മരിച്ച ശേഷം നടത്തിയ പരിശോധനയിലാണ് ഇയാൾക്ക് കൊവിഡ് സ്ഥിരീകരിച്ചത്.
ഉച്ച തിരിഞ്ഞ് രണ്ടര മണിയോടെ ആലപ്പുഴ മെഡിക്കൽ കോളേജിലായിരുന്നു അന്ത്യം. ഇയാൾക്ക് കരൾ രോഗം ഗുരുതരമായിരുന്നു. ആറ് മാസം മുമ്പാണ് ജോസ് ജോയ് ഗൾഫിലേക്ക് തിരികെ പോയത്. ഇപ്പോൾ മൃതദേഹം മെഡിക്കൽ കോളേജ് ആശുപത്രിയിലാണ്.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam