സ്വർണക്കടത്ത് പ്രതികൾക്ക് ഫ്ലാറ്റ് ബുക്ക് ചെയ്തു, മുഖ്യമന്ത്രിയുടെ മുൻ ഐടി ഫെല്ലോ പുറത്ത്

By Web TeamFirst Published Jul 15, 2020, 9:23 PM IST
Highlights

 ജയശങ്കർ എന്ന തന്‍റെ സുഹൃത്തിന് വേണ്ടി മുറിയെടുക്കാൻ ശിവശങ്കർ ആവശ്യപ്പെട്ടെന്നാണ് അരുൺ ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞത്.

തിരുവനന്തപുരം: സ്വർണക്കടത്ത് കേസിലെ പ്രതികൾക്കായി ഫ്ലാറ്റ് ബുക്ക് ചെയ്ത മുഖ്യമന്ത്രിയുടെ ഐടി ഫെല്ലോ ആയിരുന്ന അരുൺ ബാലചന്ദ്രനെ നിലവിൽ ഐടി വകുപ്പിന് കീഴിൽ ജോലി ചെയ്തിരുന്ന പദവിയിൽ നിന്ന് മാറ്റി. നിലവിൽ കേരളസർക്കാരിന് കീഴിലെ ഹൈപവർ ഡിജിറ്റൽ അഡ്വൈസ‌റി കമ്മിറ്റിയുടെ (HPDAC) മാർക്കറ്റിംഗ് & ഓപ്പറേഷൻസ് ഡയറക്ടറാണ് അരുൺ ബാലചന്ദ്രൻ. ഈ പദവിയിൽ നിന്നാണ് അരുണിനെ മാറ്റിയത്. മുഖ്യമന്ത്രിയുടെ മുൻ പ്രിൻസിപ്പൽ സെക്രട്ടറി എം ശിവശങ്കർ പറഞ്ഞിട്ടാണ് സ്വപ്നയ്ക്കും കുടുംബത്തിനും താൻ ഫ്ലാറ്റ് ബുക്ക് ചെയ്തതെന്ന് അരുൺ ബാലചന്ദ്രൻ ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞിരുന്നു. 

നേരത്തേ ഇത്തരത്തിൽ സ്വർണക്കടത്ത് കേസിലെ പ്രതികൾക്ക് ഫ്ലാറ്റ് ബുക്ക് ചെയ്തത് മുഖ്യമന്ത്രിയുടെ തന്നെ ഐടി ഫെല്ലോ ആയിരുന്നല്ലോ എന്ന ചോദ്യം വൈകിട്ടത്തെ വാർത്താസമ്മേളനത്തിൽ മുഖ്യമന്ത്രിയോട് തന്നെ മാധ്യമപ്രവർത്തകർ ഉന്നയിച്ചിരുന്നു. എത്ര ഉന്നതനായാലും തെറ്റ് ചെയ്താൽ നടപടിയുണ്ടാകുമെന്ന് മുഖ്യമന്ത്രി മറുപടി നൽകുകയും ചെയ്തു. മുഖ്യമന്ത്രിയുടെ ഐടി ഫെല്ലോ എന്ന് വ്യക്തമാക്കുന്ന വിസിറ്റിംഗ് കാർഡിൽ സർക്കാരിന്‍റെ ഔദ്യോഗിക ചിഹ്നം അരുൺ ബാലചന്ദ്രൻ ഉപയോഗിച്ചതടക്കം വിവാദമായിരുന്നു. 

സ്വപ്നയുടെ ഭർത്താവ് ജയശങ്കറിന്‍റെ പേര് പറഞ്ഞ് ഫ്ലാറ്റ് ബുക്ക് ചെയ്യാനാവശ്യപ്പെട്ടു എന്ന് പറഞ്ഞ് ശിവശങ്കറയച്ച വാട്സാപ്പ് ചാറ്റിന്‍റെ സ്ക്രീൻ ഷോട്ടും അരുൺ ബാലചന്ദ്രൻ ഏഷ്യാനെറ്റ് ന്യൂസിന് കൈമാറിയിരുന്നു. 

സ്വർണ്ണക്കടത്തിലെ കൂടുതൽ ഉന്നതതലബന്ധങ്ങളാണ് അരുൺ ബാലചന്ദ്രനിലൂടെ പുറത്തുവന്നത്. മുഖ്യമന്ത്രിയുടെ ഓഫീസുമായും എം ശിവശങ്കറുമായും അടുത്ത ബന്ധം പുലർത്തുന്ന അരുൺ ബാലചന്ദ്രൻ പ്രതികൾക്കായി മുറി ബുക്ക് ചെയ്തുവെന്നാണ് കസ്റ്റംസിന് ആദ്യം കിട്ടിയ വിവരം. 
സെക്രട്ടറിയേറ്റിന് സമീപം ശിവശങ്ക‍ർ താമസിച്ചിരുന്ന ഫ്ലാറ്റ് സമുച്ചയത്തിലാണ് മുറിയെടുത്തത്. മുഖ്യമന്ത്രിയുടെ ഓഫീസിൽ നിന്നാണെന്ന് പറഞ്ഞ് അരുൺ എന്നയാൾ വിളിച്ചുപറഞ്ഞതുകൊണ്ടാണ് മുറി കൊടുത്തതെന്ന് ഫ്ലാറ്റിലെ കെയർടേക്ക‌ർ വ്യക്തമാക്കിയിരുന്നു. ഇതിന്‍റെ ഫോൺ സംഭാഷണം അടക്കം കസ്റ്റംസിന് കെയർടേക്കർ കൈമാറി. 

ഇത് ശിവശങ്കർ വിളിച്ച് പറഞ്ഞിട്ടാണെന്നാണ് അരുൺ ബാലചന്ദ്രൻ വ്യക്തമാക്കുന്നത്. ജയശങ്കർ എന്ന തന്‍റെ സുഹൃത്തിന് വേണ്ടി മുറിയെടുക്കാൻ ശിവശങ്കർ ആവശ്യപ്പെട്ടെന്നാണ് അരുൺ ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞത്. തെളിവായി വാട്സാപ്പ് ചാറ്റും ഏഷ്യാനെറ്റ് ന്യൂസിന് കൈമാറി. 

ജയശങ്കർ സ്വപ്നയുടെ ഭർത്താവാണ്. സ്വപ്നയും സരിത്തും അടക്കമുള്ള പ്രതികൾ ഗൂഢാലോചന നടത്തിയത് സെക്രട്ടറിയേറ്റ് സമീപത്തെ ഫ്ളാറ്റ് കേന്ദ്രീകരിച്ചെന്നാണ് കസ്റ്റംസിന്‍റെ കണ്ടെത്തൽ. അരുൺ പറഞ്ഞതനുസരിച്ചെങ്കിൽ ശിവശങ്കർ സ്വപ്നയടക്കമുള്ള പ്രതികൾക്കായി കൂടുതൽ ഇടപെട്ടു എന്ന് വ്യക്തം. 

2017 സെപ്റ്റംബർ മുതൽ 2019 ജൂലൈ വരെ അരുൺ ബാലചന്ദ്രൻ സിഎം ഐടി ഫെല്ലോ എന്ന തസ്തികയിലായിരുന്നു ജോലി ചെയ്തിരുന്നത്. സർക്കാരിന്‍റെ ഐടി പദ്ധതികളുടെയെല്ലാം പിന്നിൽ സജീവമായി പ്രവർത്തിക്കുന്ന വ്യക്തിയുമാണ്.

അരുൺ നേരത്തെയും ഈ ഫ്ലാറ്റിൽ മുറി ബുക്ക് ചെയ്തോ എന്നതടക്കം കസ്റ്റംസ് പരിശോധിക്കും. ഇന്നലെ പത്ത് മണിക്കൂർ നീണ്ട ചോദ്യം ചെയ്യലിലാണ് കേസിലെ പ്രതി സരിത്തിനെ അറിയാമെന്ന് ശിവശങ്കർ സമ്മതിച്ചത്. സ്വപ്ന വഴിയാണ് പരിചയപ്പെട്ടതെന്നാണ് വിശദീകരണം. ഇപ്പോൾ പ്രാഥമികമായുള്ള മൊഴി മാത്രമാണ് രേഖപ്പെടുത്തിയത്. ശിവശങ്കറിന്‍റെ മൊഴികൾ കസ്റ്റംസ് വിശദമായി പരിശോധിച്ച് ശേഷം വീണ്ടും ചോദ്യം ചെയ്യലുണ്ടാകും എന്നാണ് വിവരം.

 

 

click me!