
കൊച്ചി: ഡോക്ടറമ്മയുടെ കരുതലിൽ നിന്ന് ഇനി ഉണ്ണി അച്ഛന്‍റെയും അമ്മയുടെ സ്നേഹത്തിലേക്ക്. കൊവിഡ് ബാധിച്ച് മാതാപിതാക്കൾ ചികിത്സയിലായതോടെ ആറുമാസം പ്രായമായ കുഞ്ഞിന്‍റെ സംരക്ഷണം ഏറ്റെടുക്കാൻ കൊച്ചിയിലെ സന്നദ്ധപ്രവർത്തകയായ ഡോ. മേരി അനിതയെത്തി. ശിശുക്ഷേമ സമിതി വഴിയാണ് കുഞ്ഞ് ഡോക്ടറമ്മയുടെ അടുത്തെത്തിയത്.
ആറ് മാസം പ്രായമുള്ളപ്പോഴാണ് എൽഡിൻ പെറ്റമ്മയെ പിരിഞ്ഞത്. കൊവിഡ് പൊസീറ്റിവായ മാതാപിതാക്കളിൽ നിന്ന് കൊച്ചി സ്വദേശി ഡോ. മേരി അനിത കുഞ്ഞിനെ ഏറ്റെടുത്തു. ഉണ്ണി എന്ന് പേരിട്ട് അവർ അവനെ നെഞ്ചോട് ചേർത്തു.
കുറവുകളൊന്നും അറിയിക്കാതെ ഒരു മാസം വളർത്തി. രോഗമുക്തരായി അമ്മ ഷീനയും, അച്ഛൻ എൽദോസും കുഞ്ഞിനെ തിരികെ കൊണ്ടുപോകാനായി എത്തി. അവിചാരിതമായി പിരിയേണ്ടി വന്ന പൊന്നുമകനെ കണ്ടതും അമ്മ ഷീന വാരിയെടുക്കാനായെത്തി. ആദ്യമൊന്ന് സംശയിച്ചെങ്കിലും മാസ്ക് നീക്കിയതോടെ അമ്മയെ നോക്കി ഉണ്ണി പുഞ്ചിരിച്ചു. ഒരു മാസം കൺമണിയായി നോക്കി വളർത്തിയ മകനെ പിരിയുന്ന പോറ്റമ്മയും വിതുമ്പിപ്പോയി. കളിച്ചും ചിരിച്ചും കൂടെ ഉണ്ടായിരുന്ന കുഞ്ഞിനെ പിരിയാനാകാതെ മേരി അനിത. ഉണ്ണിയെ കുഞ്ഞ് അനിയനായി കണ്ട മേരി അനിതയുടെ മൂന്ന് മക്കളും അവനെ പിരിയാനാകാതെ പൊട്ടിക്കരഞ്ഞു.
ഹരിയാനയിൽ നഴ്സുമാരാണ് എൽദോസ്സും ഷീനയും. കൊവിഡ് പൊസീറ്റിവായതോടെ അച്ഛനും അമ്മയും മൂന്ന് മക്കളും അഞ്ചിടങ്ങളിലായി. വേർപിരിയലിന്‍റെ ആ ദിവസങ്ങളെ അവർ അതിജീവിച്ചു. സാമൂഹിക അകലം പാലിക്കേണ്ട ഈ കൊവിഡ് കാലത്താണ് സ്നേഹത്തിന്‍റേയും കരുതലിന്‍റേയും ഈ ചേർത്തുപിടിക്കലിന്റെ കാഴ്ചയും വേറിട്ടുനിൽക്കുന്നു.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam