അനധികൃത മത്സ്യവില്‍പന നിര്‍ത്തിവെപ്പിച്ചു

By Web TeamFirst Published Apr 23, 2020, 11:46 PM IST
Highlights

കോതിപ്പാലം മുതല്‍ കോരപ്പുഴ വരെയുള്ള പരമ്പരാഗത വള്ളങ്ങള്‍ മത്സ്യവുമായി പുതിയാപ്പ ഹാര്‍ബറിലേ കരക്കടുപ്പിക്കാവൂ എന്നും ലംഘിച്ചാല്‍ നിയമനടപടികള്‍ സ്വീകരിക്കുമെന്നും ഫിഷറീസ് ഡെപ്യൂട്ടി ഡയറക്ടര്‍ അറിയിച്ചു.

കോഴിക്കോട്: വെള്ളയില്‍ ഫിഷ് ലാന്റിങ് സെന്ററില്‍ നടന്നുവന്നിരുന്ന അനധികൃത മത്സ്യവില്‍പന ഫിഷറീസ് വകുപ്പ് അധികൃതര്‍ ഇടപെട്ട് നിര്‍ത്തിവെപ്പിച്ചു. ഫിഷറീസ് ഡെപ്യൂട്ടി ഡയറക്ടര്‍, അസി. ഡയറക്ടര്‍ എന്നിവരുടെ നിര്‍ദേശപ്രകാരമാണ് നടപടി.  കോവിഡ് 19 പശ്ചാത്തലത്തില്‍ ജില്ലയില്‍ ബേപ്പൂര്‍, പുതിയാപ്പ, കൊയിലാണ്ടി, ചോമ്പാല മത്സ്യബന്ധന തുറമുഖങ്ങള്‍ വഴി നിയന്ത്രിത മത്സ്യവിപണനം  മാത്രം നടത്തണമെന്നാണ്  സര്‍ക്കാര്‍ ഉത്തരവ്. മത്സ്യബന്ധനം കഴിഞ്ഞ് വ്യാഴാഴ്ച പുലര്‍ച്ചെ വെള്ളയില്‍ ഫിഷ് ലാന്റിങ് സെന്ററിലെത്തിയ വള്ളങ്ങള്‍ക്ക് അധികൃതര്‍ ടോക്കണ്‍ നല്‍കി പുതിയാപ്പ തുറമുഖത്തേക്ക് വില്‍പ്പനക്കായി അയച്ചു.   

പുതിയാപ്പ ഹാര്‍ബര്‍ മാനേജ്‌മെന്റ് കമ്മറ്റി അംഗവും മത്സ്യഫെഡ് ഭരണസമിതി അംഗവുമായ സി.പി. രാമദാസന്റെ നേതൃത്വത്തില്‍ കമ്മറ്റി അംഗങ്ങളായ വി.കെ. മോഹന്‍ദാസ്, വി.ഉസ്മാന്‍, ഹാറൂണ്‍, സുന്ദരന്‍, ഹാര്‍ബര്‍ എഞ്ചിനീയറിങ്ങ് - മത്സ്യഫെഡ് - ഫിഷറീസ് വകുപ്പ് ഉദ്യോഗസ്ഥര്‍ തുടങ്ങിയവര്‍ നിയന്ത്രിത മത്സ്യ വില്‍പനയില്‍ പങ്കാളികളായി.  കോര്‍പ്പറേഷന്‍ ഹെല്‍ത്ത് ഓഫീസര്‍ ഡോ.ഗോപകുമാര്‍, വാര്‍ഡ് കൗണ്‍സിലര്‍ കെ. നിഷ തുടങ്ങിയവര്‍ മേല്‍നോട്ടം വഹിച്ചു.  

95 പരമ്പരാഗത വള്ളങ്ങളില്‍ നിന്നായി 2,20,000 രൂപയുടെ മത്സ്യവില്‍പ്പന നടത്തി.  കോതിപ്പാലം മുതല്‍ കോരപ്പുഴ വരെയുള്ള പരമ്പരാഗത വള്ളങ്ങള്‍ മത്സ്യവുമായി പുതിയാപ്പ ഹാര്‍ബറിലേ കരക്കടുപ്പിക്കാവൂ എന്നും ലംഘിച്ചാല്‍ നിയമനടപടികള്‍ സ്വീകരിക്കുമെന്നും ഫിഷറീസ് ഡെപ്യൂട്ടി ഡയറക്ടര്‍ അറിയിച്ചു.
 

click me!