
കൊല്ലം: കക്കൂസില്‍ പോകാന്‍ വീട്ടില്‍ നിന്ന് പുറത്തിറങ്ങിയ ആള്‍ക്ക് ലോക്ഡൗണ്‍ ലംഘനത്തിന്‍റെ പേരില്‍ പൊലീസ് രണ്ടായിരം രൂപ പിഴ ഈടാക്കിയതായി പരാതി. കൊല്ലം പാരിപ്പള്ളി സ്വദേശിയായ ഓട്ടോറിക്ഷ ഡ്രൈവർക്കാണ് ദുരനുഭവം ഉണ്ടായത്.
ഈ മാസം രണ്ടാം തീയതി പുലര്‍ച്ചെ ആറരയോടെ ഓട്ടോയില്‍ വീടിനു പുറത്തിറങ്ങിയതായിരുന്നു ഇയാൾ. സ്വന്തം വീട്ടില്‍ ശുചിമുറി ഇല്ലാത്തതിനാല്‍ സമീപത്തെ പെട്രോള്‍ പമ്പില്‍ പോയി പ്രഭാതകൃത്യങ്ങള്‍ ചെയ്യുകയായിരുന്നു ഉദ്ദേശം. പക്ഷേ അതി കാലത്ത് ലോക്ഡൗണ്‍ ലംഘനം പിടിക്കാനിറങ്ങിയ പാരിപ്പളളി പൊലീസിന്‍റെ മുന്നില്‍ അകപ്പെട്ടു.
സത്യവാങ്ങ്മൂലം ഇല്ലെന്ന കാരണം പറഞ്ഞ് വണ്ടി പൊലീസ് കൊണ്ടുപോയി. രണ്ടായിരം രൂപ പിഴയും ചുമത്തി. ലോക്ഡൗണ്‍ കാലമായതിനാല്‍ പണിയില്ലെന്നും വീട്ടില്‍ ശുചിമുറിയില്ലെന്നുമെല്ലാം കരഞ്ഞു പറഞ്ഞിട്ടും പിഴ തുകയില്‍ ചില്ലിക്കാശു പോലും കുറയ്ക്കാന്‍ വണ്ടി കസ്റ്റഡിയിലെടുത്ത എസ്ഐ തയാറായില്ലെന്ന് ഓട്ടോ ഡ്രൈവർ പറയുന്നു.
കാശടയ്ക്കാത്തതിനാല്‍ രണ്ടു ദിവസമാണ് വണ്ടി സ്റ്റേഷനിലിട്ടത്. സത്യവാങ്മൂലം കൈയില്‍ കരുതാത്തതിന് അഞ്ഞൂറ് പിഴയൊടുക്കിയാല്‍ മതിയെന്ന മുതിര്‍ന്ന ഉദ്യോഗസ്ഥരുടെ വാക്കു പോലും വണ്ടി കസ്റ്റഡിയിലെടുത്ത എസ്ഐയുടെ മനസ് അലിയിച്ചില്ലെന്നും ഈ സാധാരണക്കാരന്‍ പറയുന്നു.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam